![Jayalalithaa](https://dailyindianherald.com/wp-content/uploads/2016/09/Jayalalithaa.jpg)
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടയില്‍ വിശദീകരണവുമായി എഐഎഡിഎംകെ. അമ്മ സുഖം പ്രാപിക്കുന്നുണ്ടെന്നും ആശുപത്രിയില്‍നിന്ന് സര്‍ക്കാര്‍ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ടെന്നും എഐഎഡിഎംകെ വക്താവ് സിആര്‍ സരസ്വതി പറഞ്ഞു.
ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാടിന്റെ കൂടി ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ ഇന്നലെ എത്തിയിരുന്നു. ഗവര്‍ണര്‍ ജയലളിതയെ കണ്ട് സംസാരിച്ചുവെന്നും പഴങ്ങള്‍ നല്‍കിയെന്നും സരസ്വതി കൂട്ടിച്ചേര്‍ത്തു. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണറുടെ ഓഫീസ് വാര്‍ത്താ കുറിപ്പും പുറത്തുവിട്ടിരുന്നു.
മികച്ച ചികിത്സാ സൗകര്യമാണ് അപ്പോളോ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍നിന്ന് വിദഗ്ധ ഡോക്ടറുടെ എത്തിച്ചിട്ടുണ്ട്. എങ്കിലും ആരോഗ്യസ്ഥിതി സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ആശുപത്രി അധികൃതരോ സംസ്ഥാന സര്‍ക്കാരോ പുറത്തുവിട്ടിട്ടില്ല. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കുന്നത്. ആശുപത്രിയില്‍ ജയലളിത മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നുമാണ് പാര്‍ട്ടി വക്താവ് വിശദീകരിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പതിവുപോലെ തുടരുന്നുണ്ടെന്നും വക്താവ് അറിയിച്ചു.ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹം ശക്തമായപ്പോള്‍ ജയലളിതയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു. എഐഎഡിഎംകെ വക്താവ് ഇതും തള്ളി. അവരുടെ ഫോട്ടോ ആവശ്യപ്പെടാന്‍ ഉചിതമായ സമയമല്ല ഇതെന്ന് സരസ്വതി പറഞ്ഞു. അവര്‍ സ്ത്രീയാണ്, ആശുപത്രിയിലാണ് എന്നീ കാര്യങ്ങള്‍ പ്രതിപക്ഷം ആലോചിക്കണമായിരുന്നു. പ്രതിപക്ഷത്തോടല്ല, ജനങ്ങളോടാണ് സര്‍ക്കാരും പാര്‍ട്ടിയും കാര്യങ്ങള്‍ വിശദീകരിക്കേണ്ടതെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.