ചെന്നൈ: മുഖ്യമന്ത്രി ജയലളിതക്ക് ഫിസിയോതെറപ്പി തുടങ്ങിയതായി അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ തുടരുകയാണ്. ശ്വസന സഹായി നല്‍കുന്നുണ്ട്. കരളിനെ ബാധിച്ച അണുബാധക്കും മറ്റും ചികിത്സ തുടരുകയാണ്. അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അണ്ണാ ഡി.എം.കെ മൗനം തുടരുകയാണ്.
എല്ലാ വിഷയത്തിലും ജയലളിതയുടെ തീരുമാനപ്രകാരമാണ് സര്‍ക്കാറും പാര്‍ട്ടിയും നീങ്ങുന്നതെന്നും ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യമുണ്ടെന്ന് കരുതുന്നില്ളെന്നും അണ്ണാ ഡി.എം.കെ വക്താവ് സി.ആര്‍. സരസ്വതി പ്രതികരിച്ചിരുന്നു.
ഇതിനിടെ, തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കുവാനായി കൂടുതല്‍ ദേശീയനേതാക്കള്‍ ചെന്നെയിലേക്ക്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ എംഡിഎംകെ നേതാവ് വൈക്കോ ശനിയാഴ്ച രാവിലെ ജയലളിതയെ കാണാനെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും, നിര്‍മ്മലാ സീതാരാമനും ശനിയാഴ്ച ഉച്ചയോടെ ചെന്നൈയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
എഐഎഡിഎംകെ നേതാക്കള്‍ക്കും, തമിഴ്നാട് മന്ത്രിമാര്‍ക്കും, ദേശീയനേതാക്കള്‍ക്കും ഇതുവരെ ജയലളിതയെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം.
ആസ്പത്രിയിലെത്തുന്ന പ്രമുഖ നേതാക്കന്മാരെല്ലാം ഡോക്ടര്‍മാരുമായി ജയലളിതയുടെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്ത് മടങ്ങുന്നതായാണ് സൂചന. ജയലളിതയ്ക്ക് കടുത്ത അണുബാധയുള്ളതിനാല്‍ സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
തമിഴ്നാട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ ഗവര്‍ണറുടെ നിരീക്ഷണത്തിലാണ്. മുതിര്‍ന്ന മന്ത്രിമാരായ ഒ.പനീര്‍സെല്‍വവും, ഇ പഴനി സ്വാമിയും വെള്ളിയാഴ്ച ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കാവേരി പ്രശ്നമാണ് ഗവര്‍ണറുമായി മന്ത്രിമാര്‍ ചര്‍ച്ച ചെയ്തതെന്ന് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ സംസ്ഥാന ഭരണത്തിലെ സ്തംഭനാവസ്ഥ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു എന്നും സൂചനയുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യസ്വാമി രംഗത്തു വന്നിരുന്നു.
ജയലളിതയുടെ ആരോഗ്യനിലയെ പറ്റി കൃത്യമായ വിവരങ്ങള്‍ പുറത്തു വിടാത്ത സാഹചര്യത്തില്‍ ജയലളിതയെ മുഖ്യമന്ത്രിയാക്കി നിലനിര്‍ത്തി അവര്‍ കൈക്കാര്യം ചെയ്യുന്ന വകുപ്പുകള്‍ മുതിര്‍ന്ന മന്ത്രിമാര്‍ ഏറ്റെടുക്കുന്ന കാര്യം പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നു എന്നാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ച അപ്പോളോ ആസ്പത്രി ജയലളിതയുടെ ആരോഗ്യനിലയെ പറ്റി വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു. ശനിയാഴ്ച വൈകിട്ടോടെ മറ്റൊരു മെഡിക്കല്‍ ബുള്ളറ്റിന്‍ ആസ്പത്രി പുറത്തു വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.