ജയലളിത എന്ന വനിതയുടെ ജീവിതത്തെ കുറിച്ച് വളരെ കുറച്ച് മാത്രമേ പുറലോകത്തിനറീയൂ.. ഡോക്ടറാകാന്‍ ആഗ്രഹിച്ച നന്നായി പഠിച്ച് പത്താംക്ലാസില്‍ മൂന്ന് റാങ്ക് നേടിയ അമ്മു അവിചാരിതമായിട്ടായിരുന്നു. സിനിമാ ലോകത്ത് എത്തിപ്പെട്ടത്. സിനിമാ നടിയായിരുന്ന അമ്മയ്ക്ക് അവസരങ്ങള്‍ കുറഞ്ഞതോടെയാണ് ബാലനടയില്‍ നിന്ന് പതിനേഴാം വയസില്‍ നായികയായി ജയലളിത എത്തുന്നത്. വീട്ടിലെ സാമ്പത്തിക ഭാരങ്ങള്‍ ജയലളിതയുട ഡോക്ടറെന്ന് സ്വപ്‌നം ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചു. പതിനേഴാം വയസില്‍ നാല്‍പ്പത്തെട്ടുകാരനായ എംജിആറിന്റെ നായികയായതോടെ ജയലളിതയുടെ ജീവിതം തന്നെ മറ്റൊരു വഴിത്തിരിവിലെത്തി.
ജയയ്ക്ക് സിനിമാലോകത്തെ ചിട്ടകള്‍ പറഞ്ഞുകൊടുത്തത് എംജിആറായിരുന്നു. തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് അന്നും അവര്‍ തയ്യാറായിരുന്നില്ല. സിനിമാ ലോകത്തെ അവരുടെ സഹപ്രവര്‍ത്തകര്‍ ഉദാഹരണമായി ഓര്‍ത്തെടുക്കുന്നത് ഈ സംഭവത്തെയാണ്.
ജയ ജനിച്ചത് കര്‍ണാടകയിലാണ്. തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് ജയയുടെ പുതിയ സിനിമയുടെ ചിത്രീകരണം കര്‍ണാടകയില്‍ നടക്കുന്നു. തമിഴ്‌നാട്ടുകാരിയായ നടിയാണ് താനെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞ ജയലളിത മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഒരു വലിയ ആള്‍കൂട്ടം സ്റ്റുഡിയോ വളഞ്ഞു. സ്റ്റുഡിയോയുടെ വാതിലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ജനങ്ങള്‍ അക്രമാസക്തരായതോടെ, മാപ്പു പറഞ്ഞാല്‍ മാത്രമേ രക്ഷപ്പെടാന്‍ കഴിയൂ എന്ന അവസ്ഥയായി. ഒടുവില്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രതിഷേധക്കാരെ കാണാന്‍ അവര്‍ തയ്യാറായി. ‘ഞാന്‍ തമിഴ്‌നാട്ടുകാരിയാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’-ജയലളിത അവരോട് ആവര്‍ത്തിച്ചു. ആ ഉറച്ച നിലപാടില്‍ ജയം ജയയ്‌ക്കൊപ്പമായി. ജനക്കൂട്ടം പിരിഞ്ഞുപോയി.
എംജിആറിനെ ആദ്യം കാണുമ്പോള്‍ ജയയ്ക്ക് പ്രായം 17. എംജിആറിന് 48. തുടര്‍ച്ചയായി ജയലളിതയെ നായികയാക്കിയതോടെ അവര്‍ തമ്മിലുള്ള ബന്ധം സിനിമാലോകത്ത് സജീവചര്‍ച്ചയായി. എംജിആര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന നാളുകളായിരുന്നു. എംജിആറില്‍ ജയ്ക്കുള്ള സ്വാധീനം വര്‍ധിച്ചതോടെ ശത്രുക്കളും കൂടി. അടുത്ത സുഹൃത്തായിരുന്ന കരുണാനിധിയുമായി എംജിആര്‍ അകലാനുള്ള കാരണം ജയയുടെ അധികാരമോഹമായിരുന്നെന്ന് ശത്രുക്കള്‍ പ്രചരിപ്പിച്ചു. പിന്നീട് എംജിആറും ജയലളിതയുമായി അകന്നു. തന്റെ ജീവിതത്തില്‍ എംജിആര്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു എന്നായിരുന്നു അവരുടെ പരാതി. തെലുങ്കു നടന്‍ ശോഭന്‍ബാബുവുമായി പ്രണയത്തിലായതോടെ അകല്‍ച്ച പൂര്‍ണമായി. എന്നാല്‍ ആ പ്രണയം വിവാഹത്തിലെത്തിയില്ല. ഇതോടെ ജയ ജീവിതത്തില്‍ ഒറ്റപ്പെട്ടു. ഒടുവില്‍ അഭയകേന്ദ്രം എംജിആറായി. എഐഎഡിഎകെയില്‍ പ്രവര്‍ത്തിക്കാന്‍ എംജിആര്‍ അനുവാദം നല്‍കി.
എംജിആര്‍ തമിഴ്‌നാട്ടുകാര്‍ക്ക് അണ്ണനാണെങ്കില്‍ അവരുടെ അണ്ണി (ചേച്ചി) അകാനായിരുന്നു ജയയുടെ ശ്രമം. എന്നാല്‍ രണ്ടാം വരവില്‍ എംജിആറിന്റെ കരുതലും സ്‌നേഹവും പഴയതുപോലെ ജയയ്ക്ക് ലഭിച്ചില്ല. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്ന പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള പരാതിയായിരുന്നു കാരണം. ഇതിനിടെ രാജ്യസഭയിലേക്ക് ജയ തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ എംജിആര്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോയതിനിടെ പാര്‍ട്ടി പിടിക്കാന്‍ ജയലളിത ശ്രമിച്ചവിവരം തെളിവുകള്‍ സഹിതം എംജിആറിലെത്തിയതോടെ അവരെ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി. ഇരുവരും രണ്ടു ധ്രുവങ്ങളിലായി. ജയലളിത പാര്‍ട്ടിയില്‍ ഒറ്റയ്ക്കായി.
1987 ഡിസംബര്‍ 24ന് പുലര്‍ച്ചെ എംജിആര്‍ അന്തരിച്ചു. എംജിആറിന്റെ വസതിയിലേക്ക് പോയ ജലലളിതയെ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല. മൃതദേഹം കിടത്തിയിരുന്ന രാജാജി ഹാളിലേക്ക് അവര്‍പോയി. മൃതദേഹത്തിന് അരികില്‍നിലയുറപ്പിച്ചു. രണ്ടുദിവസം അവര്‍ അതേഇരുപ്പ് തുടര്‍ന്നു. ഇതിനിടെ എംജിആറിന്റെ ഭാര്യ ജാനകിയെ അനുകൂലിക്കുന്നവരും പാര്‍ട്ടി പ്രവര്‍ത്തകരും അവരെ ഉപദ്രവിച്ച് പുറത്തുചാടിക്കാന്‍ ശ്രമിച്ചു. എംജിആറിന്റെ മൃതദേഹം വഹിച്ച് പുറത്തേക്ക് പോകുന്ന വാഹനത്തില്‍ കയറാന്‍ ശ്രമിച്ചവ അവരെ എംജിആറിന്റെ ബന്ധുക്കള്‍ വാഹനത്തില്‍നിന്ന് തള്ളിയിട്ടു. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതെ അവര്‍ വീട്ടിലേക്ക് പോയി.
ഈ സംഭവം അവര്‍ക്ക് പാര്‍ട്ടിയിലുള്ള പിന്തുണ വര്‍ധിപ്പിച്ചു. എംജിആറിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിയായി. എന്നാല്‍, കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നിയമസഭയില്‍ ജയയെ അനുകൂലിക്കുന്നവരും ജാനകിയെ അനുകൂലിക്കുന്നവരും ഏറ്റമുട്ടി. നാടകീയ സംഭവങ്ങള്‍ക്കിടെ സഭ പിപിച്ചുവിടണണെന്ന് ജയ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മന്ത്രിസഭയെ പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ ജയയുടെ സ്വാധീനം വര്‍ധിക്കുന്നതു മനസിലാക്കിയ ജാനകി രാഷ്ട്രീയം ഉപേക്ഷിച്ചു.
1989ലെ തിരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടി പ്രതിപക്ഷ നേതാവാകാന്‍ ജയയ്ക്ക് കഴിഞ്ഞു. 1989 മാര്‍ച്ച് 25ന് തമിഴ്‌നാട് അസംബ്ലിയില്‍ ജയലളിത ക്രൂരമായി ആക്രമിക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രിയാകാതെ സഭയുടെ പടികടക്കില്ലെന്ന് സത്യം ചെയ്താണ് അവര്‍ മടങ്ങിയത്. 1991ലെ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച് അവര്‍ മുഖ്യമന്ത്രിയായി. ശേഷം ചരിത്രം.