ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ ഒരാഴ്ചയായി ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് പോലും പുറത്തുവിടുന്നില്ല. ജയലളിതയുടെ പാര്‍ട്ടിയോ ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനും തയ്യാറാകുന്നില്ല.അതേസമയം, ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അനാവശ്യ ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാന്‍ പോലീസ് അതീവ ജാഗ്രതയാണ് പാലിക്കുന്നത്.അതേസമയം ജയലളിതയുടെ ചികില്‍സയ്ക്ക് സിംഗപ്പൂരില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരെ അപ്പോളോ ആശുപത്രിയും അണ്ണാ ഡിഎംകെയുമെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനെ കുറിച്ച് അറിഞ്ഞപ്പോള്‍. ജയലളിതയുടെ ബോധം വീണ്ടെടുക്കാന്‍ എയിംസിലേയും അപ്പോളോ ആശുപത്രിയിലേയും ഡോക്ടര്‍മാരുടെ ശ്രമമൊന്നും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പോലും പുറത്തിറക്കുന്നുമില്ല. ജയലളിതയുടെ ആരോഗ്യ വിവരം അണ്ണാ ഡിഎംകെയും രഹസ്യമാക്കി വയ്ക്കുകയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ എത്തിയിട്ടു പോലും ജയലളിതയെ കാണിച്ചില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് മോദി തന്നെ ചെന്നൈയിലെത്താന്‍ തീരുമാനിച്ചത്. ഇക്കാര്യത്തിലെ സൂചനകള്‍ അപ്പോളോ ആശുപത്രിക്ക് ലഭിക്കുകയും ചെയ്തു.
ഇതോടെ ജയലളിതയെ പ്രധാനമന്ത്രി കാണിക്കേണ്ടി വരുമെന്ന് ഉറപ്പായി. മോദിയോട് ന്യായമൊന്നും പറയാനികില്ല. ഈ സാഹചര്യത്തിലാണ് ജയലളിതയെ ചികിത്സിക്കാന്‍ സിംഗപ്പൂരില്‍നിന്ന് വിഗദ്ധ ഡോക്ടര്‍മാരത്തെിയത്. സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധരാണ് അപ്പോളോ ആശുപത്രിയില്‍ എത്തിയത്. ലണ്ടനില്‍നിന്നുള്ള ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെയും എയിംസിലെ മൂന്നു വിദഗ്ധ ഡോക്ടര്‍മാരും ചികിത്സക്ക് മേല്‍നോട്ടം വഹിച്ചുവരുന്നു. വിവിധ അവയവങ്ങളെ ബാധിച്ച അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, ശ്വസോച്ഛ്വാസം സ്വാഭാവിക രൂപത്തിലേക്ക് എത്തിയിട്ടില്ലത്രെ. ഇതിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതെല്ലാം വിലയിരുത്തി ജയയുടെ ബോധം വീണ്ടെടുക്കുകയാണ് ലക്ഷ്യം. മോദി എത്തുന്നതിന് മുമ്പ് ഇത് സാധ്യമാക്കാനാണ് നീക്കം. അധികം വൈകാതെ തന്നെ ചെ്‌നൈയില്‍ എത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ചികില്‍സയിലായിട്ടും പ്രധാനമന്ത്രി സന്ദര്‍ശിച്ചില്ലെന്നത് വിവാദമാകാതിരിക്കാന്‍ കൂടിയാണ് ഇത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം ചെന്നൈയില്‍ എത്തിയിരുന്നു.
അതിനിടെ ജയയുടെ രോഗ ശാന്തിക്കായുള്ള പ്രാര്‍ത്ഥന അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ തുടരുകയാണ് അപ്പോളോ ആശുപത്രിക്ക് മുമ്പില്‍ ഇപ്പോഴും പൂജകള്‍ തുടരുകയാണ്. രോഗവിരവത്തെ കുറിച്ച് അറിയാത്തത് അവരുടെ ആശങ്ക കൂട്ടുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വരവ് അവര്‍ക്കും പ്രതീക്ഷയാണ്. രജനി കാന്ത് കഴിഞ്ഞ ദിവസം ജയയെ കാണാനെത്തിയിരുന്നു. അപ്പോഴെങ്കിലും മുഖ്യമന്ത്രിയുടെ വിവരങ്ങള്‍ നേരിട്ട് രജനി മനസ്സിലാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രജനിയേയും കാണിക്കാതെ വന്നതോടെ അണികളുടെ നിരാശ കൂടി. ഇത് മനസ്സിലാക്കിയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ പ്രധാനമന്ത്രിയുടെ വരവിനെ കുറിച്ച് അറിയിച്ചത്. മോദി എത്തിയാല്‍ സത്യം പുറത്തുവരുമെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നു.
ജയലളിതയുടെ അസുഖം ഭേദമാകാന്‍ ആണിയടിച്ച കിടക്കയ്ക്കു മേല്‍ ഒരു ദിവസം കിടന്നു. പ്രിയ നേതാവ് ആരോഗ്യത്തോടെ തിരിച്ചെത്താന്‍ മധുരയിലെ ഇരുളാണ്ടിയെന്ന എഐഎഡിഎംകെ പ്രവര്‍ത്തകന്‍, പച്ചിയമ്മന്‍ ദേവിക്ക് നല്‍കിയ നേര്‍ച്ചയാണ് ആണിക്കിടക്കയില്‍ ധ്യാനരൂപത്തിലുള്ള ശയനം. മൂര്‍ച്ചയേറിയ, വിഷമുള്ള, അഞ്ചുതരം ആണികള്‍ കൊണ്ട് ഇരുളാണ്ടി സ്വയം രൂപകല്‍പ്പന ചെയ്തതാണ് കിടക്ക. ഇത്തരത്തിലുള്ള നേര്‍ച്ചകളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. പച്ചിയമ്മന്‍ ക്ഷേത്രത്തിലെത്തിയവര്‍ക്കെല്ലാം അതിശയക്കാഴ്ചയായിരുന്നു ഇരുളാണ്ടി. ഭക്തരെല്ലാം കൂപ്പുകൈകളുമായി വരിയായെത്തിയാണ് ഇരുളാണ്ടിയെ കണ്ടുമടങ്ങിയത്. അമ്മയോട് (ജയലളിത) ഇരുളാണ്ടിക്കുള്ള ആത്മസമര്‍പ്പണത്തെ നാട്ടുകാര്‍ പ്രകീര്‍ത്തിച്ചു. പ്രത്യേക പൂജകള്‍, ദീപം തെളിയിക്കല്‍, പാലഭിഷേകം തുടങ്ങി വഴിപാടുകളും പ്രാര്‍ത്ഥനയുമായി അനുയായികളേറെയും ദൈവസന്നിധിയിലാണ്. മുതിര്‍ന്നവര്‍ ചുമലില്‍ തുളയിട്ടു നടത്തുന്ന തൂക്കം വഴിപാടും കുട്ടികള്‍ കവിളിലും നാക്കിലും ശൂലം കുത്തിനടത്തുന്ന ദേവ പ്രീതിയും തമഴ്‌നാട്ടിലെങ്ങും കാഴ്ചയാണിപ്പോള്‍. കുട്ടികളെക്കൊണ്ട് ശൂലം കുത്തിക്കാമെന്ന് മാതാപിതാക്കളാണ് വഴിപാടു നേരുന്നത്.
ജയലളിതയുടെ രോഗശാന്തിക്കായി തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും പൂജകള്‍ നടന്നു. ഞായറാഴ്ച രാവിലെ 6.30ന് സംസ്ഥാനവ്യാപകമായി എ.ഐ.എ.ഡി.എം.കെ.യുടെ നേതൃത്വത്തില്‍ നെയ്വിളക്ക് കത്തിച്ച് പ്രത്യേകപൂജകള്‍ നടത്തി. പൂജകളില്‍ നൂറുകണക്കിന് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍ 108 പശുക്കളെ അണിനിരത്തി ഗോ പൂജ നടത്തി. റോയപുരം എം.സി. കമാക്ഷിയമ്മന്‍ കോവിലില്‍ 501 പേര്‍ പാല്‍ക്കുടമേന്തി പൂജനടത്തി. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീടിന് സമീപത്തെ വിനായകര്‍ ക്ഷേത്രത്തില്‍ എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരുവിളക്ക് പൂജ നടത്തി. മുന്മന്ത്രി കലൈരാജന്റെ നേതൃത്വത്തില്‍ തിരുവാണ്‍മിയൂര്‍ മുരുഗന്‍ കോവിലില്‍ നെയ്വിളക്കുകള്‍ തെളിയിച്ച് പൂജകള്‍ നടന്നു.കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്രിമ ശ്വാസം അടക്കമുള്ള ചികിത്സകള്‍ ജയലളിതയ്ക്ക് നല്‍കുന്നുണ്ട്. ഏതാനും നാളുകള്‍ അവരുടെ ആരോഗ്യനിലയില്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുവെങ്കിലും കഴിഞ്ഞ ഒരാഴ്്ചയായി പാര്‍ട്ടിയും ആശുപത്രി അധികൃതരും മൗനത്തിലാണ്.