ജയലളിതയുടെ മകനെ ” അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതിയുടെ നിര്‍ദേശം

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇയാള്‍ കോടതിയെ കബളിപ്പിക്കുക മാത്രമല്ല വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്‌തെന്ന് കോടതി പറഞ്ഞു. കൃഷ്ണമൂര്‍ത്തിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാനാണ് പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസ് ഏപ്രില്‍ 10 ന് വീണ്ടും പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍.മഹാദേവനാണ് കൃഷ്ണമൂര്‍ത്തി എന്ന യുവാവിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. കോതിയെ കബളിപ്പിക്കുയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ കടുത്ത നടപടി.

 

നേരത്തെ, കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിക്കു മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജയയുടെ മകനെന്ന് അവകാശവാദമുന്നയിച്ച കൃഷ്ണമൂര്‍ത്തി വസന്താമണി എന്നയാളുടെ മകനാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രേഖകള്‍ ചമയ്ക്കുന്നതിനായി മുദ്രപേപ്പര്‍ വ്യാപാരിയുടെ കൈയില്‍നിന്നു പഴയ മുദ്രപ്പേപ്പറുകള്‍ വാങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജയലളിതയ്ക്ക് ഒപ്പമുള്ള ഫോട്ടോയും യുവാവ് ഹാജരാക്കിയിരുന്നു. ഇത് കൃത്രിമമായി നിര്‍മിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുകയും ചെയ്തു. ഇതേതുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്തമാസം പത്തിലേക്കു മാറ്റി. ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്നും പോയസ് ഗാര്‍ഡനടക്കം അമ്മയുടെ സ്വത്തുവകകള്‍ തനിക്ക് ലഭിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അറസ്റ്റടക്കം കാര്യങ്ങളിലേക്ക് നീങ്ങാന്‍ കോടതി പോലീസിനോട് നിര്‍ദേശിച്ചത്. കൃഷ്ണമൂര്‍ത്തി കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ സാധുതയെ ചോദ്യം ചെയ്ത് നേരത്തെ കോടതി രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top