![](https://dailyindianherald.com/wp-content/uploads/2016/12/JAYALALITHA-TREAT-80-CRORE.png)
ചെന്നൈ : തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രിയുടെ ആശുപത്രി വാസകാലത്തെ ചെലവുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.തമിഴ്‌നാട്ടിലെ മാദ്ധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടാന്‍ പോലും ധൈര്യമില്ലെന്നാണ് തോന്നുന്നത് , അതിനാല്തന്നെ തെലുങ്കു മാദ്ധ്യമങ്ങളാണ് ജയയുടെ ചികിത്സാ ചിലവുകളുടെ വിവരങ്ങള്‍ പുറത്തുവന്നത്. രണ്ട് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തില്‍ ജയയുടെ ചികിത്സയ്ക്ക് ചെലവായത് 80 കോടി രൂപയാണെന്നാണ് തെലുങ്ക് ചാനലായ എന്‍ടിവി പുറത്തുവിട്ട വാര്‍ത്ത. 73 ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് ജയലളിത മരണപ്പെടുന്നത്. ഈ ദിവസങ്ങളില്‍ മരുന്നുകള്‍ക്കും മറ്റു ചെലവ്ക്കുമായാണ് ഇത്രയും വലിയ തുക ചെലവായെന്ന വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ സമാനതകളില്ലാതെ ജീവിച്ച ജയലളിതയുടെ ആശുപത്രിവാസവും സമാനതകളില്ലാത്തതായിരുന്നു. അതു ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ബില്ലും .
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ജയയുടെ അന്ത്യകാലം. ഡിസംബര്‍ 8 ന് 20168405 നമ്പറില്‍ അപ്പോളോ ആശുപത്രി നല്‍കിയ ബില്ലിലെ വിവരങ്ങളാണ് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്. സെപ്റ്റംബര്‍ 22 ന് ജയലളിതയെ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഡിസംബര്‍ 5ന് അവര്‍ ഹൃദയസ്തംഭനം മൂലം മരണമടയുന്നത് വരെ ലണ്ടനില്‍ നിന്നെത്തിയ ഡോ റിച്ചാര്‍ഡും സംഘവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ സംഘവും ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയിലെ 39 ഡോക്ടര്‍മാരടങ്ങിയ സംഘവും അവരെ ചികിത്സിച്ചു.
സിംഗപ്പൂരില്‍ നിന്നുള്ള ഫിസിയോ തെറാപ്പിസ്റ്റ് ചെന്നൈയില്‍ ചികിത്സക്കെത്തി. ശ്വസനത്തെ സഹായിക്കുന്ന ട്രക്കിയോട്ടമി ചികിത്സ അടക്കം ജയക്ക് വേണ്ടി നടത്തിയിരുന്നു. ഇത് കൂടാതെ എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരും ജയലളിതയെ സഹായിക്കാന്‍ എത്തി. ഇതില്‍ എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിച്ചത്. മറ്റ് ഡോക്ടര്‍മാരുടെ ചെലവ് തമിഴ്‌നാട് സര്‍ക്കാരാണ് വഹിക്കേണ്ടത്. ഇതില്‍ ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ റിച്ചാര്‍ഡും സംഘവും ഒന്നിലേറെ തവണ ലണ്ടനും ചെന്നൈക്കിടയില്‍ പറന്നു. ഈ സംഘത്തിന് തന്നെ കോടാനുകോടികള്‍ നല്‍കേണ്ടി വന്നു.
ജയലളിതയുടെ ആശുപത്രിവാസകാലം അതീവ സുരക്ഷ നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ഈ ഇനത്തില്‍ തന്നെ കോടികള്‍ തമിഴ്‌നാട് സര്‍ക്കാറിന് നല്‍കേണ്ടി വരും. രണ്ടാം നിലയിലെ പ്രതിദിനം 52,660 രൂപ വാടകയുള്ള രണ്ട് സ്യൂട്ട് മുറികളാണ് പുരട്ചി തലൈവിയുടെ ആവശ്യത്തിന് ഉപയോഗിച്ചത്. സുരക്ഷാകാരണങ്ങള്‍ മുന്‍ നിര്‍ത്തി രണ്ടാം നിലയിലെ 30 മുറികള്‍ ജയലളിത ചികിത്സയില്‍ കഴിഞ്ഞ സമയത്ത് കാലിയാക്കിയിരുന്നു. ഈ മുറികളുടെ ചിലവും അടച്ചു തീര്‍ക്കേണ്ടത് തമിഴ്‌നാട് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇത് കൂടാതെ ആശുപത്രിക്ക് ഇക്കാലയളവിലുണ്ടായ നഷ്ടത്തിന് അനുസരിച്ചും പണം നല്‍കേണ്ടി വന്നേക്കും. ജയലളിതയ്ക്ക എന്തായിരുന്നു അസുഖമെന്നത് പോലും വ്യക്തമാകാത്ത സാഹചര്യത്തിലാണ് ഇത്രയും ഭീമമായ ചിതിത്സാ തുകയുടെ വിവരങ്ങള്‍ പുറത്തുവന്നതും .