ചെന്നൈ: തമിഴ് മക്കളുടെ പ്രാര്‍ത്ഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ഫലം കാണുന്നു. വിദേശത്തുനിന്നെത്തിയ ഡോക്ടര്‍മാരുള്‍പ്പെടെ പതിനഞ്ചോളം പേരുടെ തീവ്രശ്രമങ്ങള്‍ ഫലം കണ്ടെന്നാണ് ജയലളിതയുടെ കാര്യത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മൂന്ന് ദിവസത്തിനുള്ളില്‍ തീവ്രപരിചണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.
ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി കണ്ടെതിനെ തുടര്‍ന്നാണ് മുറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക മുറി തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ജയലളിതയ്ക്ക് മുന്ന് ആഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. 15 വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ജയലളിതയുടെ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത്.
ഇപ്പോള്‍ ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ആഹാരം സ്വയം കഴിക്കാനും എഴുതാനും എല്ലാം ജയലളിതയ്ക്ക് കഴിയുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ സപ്തംബര്‍ 22 നാണ് ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പനിയും നിര്‍ജ്ജലീകരണവും കാരണമാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചതെന്നാണ് ആദ്യം ആശുപത്രി അധികൃതര്‍ പറഞ്ഞത്.എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം ഇറക്കിയ പത്രക്കുറിപ്പില്‍ ജയലളിതയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നമുണ്ടെന്നും ശ്വസന സഹായി ഉപയോഗിക്കുന്നുണ്ടെന്നും അണുബാധയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടതായുണ്ടെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 11 ന് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ സംസ്ഥാന ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് കൈമാറിക്കൊണ്ട് ഗവര്‍ണ്ണര്‍ ഉത്തരവിട്ടിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ തന്നെ പൊതുപ്രവര്‍ത്തത്തം പുനരാരംഭിക്കുമെന്ന് എ.ഡി.എം.കെയും അറിയിച്ചിട്ടുണ്ട്. ഒരു മാസത്തില്‍ കൂടുതലായി ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും സാധാരണ രീതിയിലുള്ള ഭക്ഷണക്രമം ആരംഭിച്ചു കഴിഞ്ഞുവെന്നും പാര്‍ട്ടി വക്താവ് പാന്‍രുത്തി എസ് രാമചന്ദ്രന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു അവര്‍ തിരിച്ചുവരുമെന്ന് അവരുടെ പ്രാര്‍ത്ഥനകള്‍ ഫലമണിയുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാര്‍ ജയലളിത സുഖം പ്രാപിച്ചുവെന്ന് പറഞ്ഞുവെന്നും എന്നാല്‍ കുറച്ചുനാള്‍ കൂടി നിരീക്ഷണം ആവശ്യമാണെന്നും മറ്റൊരു വക്താവായ സി.ആര്‍ സരസ്വതി അറിയിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ജയലളിതയെ ബാധിച്ചിരുന്നു. എ.ഐ.ഐ.എം.എസില്‍ നിന്നും ലണ്ടനില്‍ നിന്നും വിദഗ്ദര്‍ എത്തി ജയലളിതയെ ചികിത്സിച്ചിരുന്നു. ഡോക്ടര്‍മാരുടെ കൂട്ടായ പ്രയത്ന്നങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.