ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഒ പനീര്‍ശെല്‍വം ക്യാമ്പ് തമിഴ്നാട്ടില്‍ പുതിയ പ്രക്ഷോഭത്തിന് . ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് കാവല്‍ മുഖ്യമന്ത്രിയായിരിക്കെ പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഒപിഎസ് ക്യാമ്പിലെ പിഎച്ച് പാണ്ഡ്യനാണ് ജയയുടെ മരണത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ശക്തമായി ആരോപിച്ച് രംഗത്ത് വന്ന വ്യക്തി. പയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയില്‍ ജയയെ ആരോ തള്ളിതാഴെയിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ആരോപണത്തില്‍ മുന്‍ തമിഴ്നാട് നിയമസഭ സ്പീക്കര്‍ കൂടിയായ പിഎച്ച് പാണ്ഡ്യന്‍ ഉറച്ചുനില്‍ക്കുന്നു. അപ്പോളോ ആശുപത്രിയിലെ സിസിടിവി നീക്കല്‍ അടക്കം നിരവധി ദുരൂഹമായ കാര്യങ്ങളുണ്ടെന്നും സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമെ ജയയുടെ മരണത്തില്‍ വ്യക്തത വരുത്താനാകുവെന്നും പാണ്ഡ്യന്‍ പറയുന്നു
വേദനിലയത്തില്‍ ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണ് സെപ്തംബര്‍ 22ന് അമ്മയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം അമ്മക്ക് എന്ത് സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ആംബുലന്‍സിന് വിളിച്ചു പറഞ്ഞത്. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അമ്മയെ 75 ദിവസം ചികില്‍സിച്ച അപ്പോളൊ ആശുപത്രിയുടെ ഡിസ്ചാര്‍ജ് ഷീറ്റിലും ജയലളിത വീണതാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്
ഫെബ്രുവരി 7ന് പാണ്ഡ്യനും മുന്‍ എംപിയായ മകന്‍ മനോജ് പാണ്ഡ്യനും ചേര്‍ന്ന് ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജയലളിതയെ പ്രവേശിപ്പിച്ചതിന് പിന്നാലെ അപ്പോളോ ആശുപത്രിയിലെ 27 ക്യാമറകള്‍ നീക്കം ചെയ്തതും ദുരൂഹമാണെന്ന് പാണ്ഡ്യന്‍ പറയുന്നു.
എന്തിനാണ് സിസിടിവി ക്യാമറകള്‍ നീക്കിയതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കണമെന്ന് ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞും ഒപിഎസ് ക്യാമ്പ്. ജയലളിത ഡിസംബര്‍ നാലിന് വൈകിട്ട് 4.30ന് മരിച്ചുവെന്നും ആശുപത്രി അധികൃതര്‍ സംഭവം പുറത്തുവിട്ടത് ഡിസംബര്‍ അഞ്ചിനാണെന്നും പാണ്ഡ്യന്‍ ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളുടെ പത്രികകളില്‍ ജയലളിതയുടെ വിരലടയാളമാണ് പതിച്ചതെന്നും മറ്റ് രേഖകളില്‍ ഇവ പതിച്ചെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കണം. ജയലളിതയുടെ വേദനിലയം അടക്കം സ്വത്ത് കൈവശംവെച്ച് അനുഭവിക്കുന്ന ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിനെതിരെയാണ് ആരോപണങ്ങളത്രയും. നേരത്തെ ജയലളിതയുടെ സ്വത്തില്‍ അവകാശം പറഞ്ഞ് സഹോദര പുത്രന്‍ ദീപക്കും രംഗത്ത് വന്നിരുന്നു.