ചെന്നൈ :അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാരം ഇന്നു വൈകുന്നേരം തന്നെ നടക്കാന്‍ സാധ്യത. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയില്‍ത്തന്നെയായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക. സംസ്‌കാരസമയം നിശ്ചയിച്ചിട്ടില്ല. പ്രധാനമന്ത്രിയും മന്ത്രിമാരും ഇന്ന് ചെന്നൈയിലെത്തും.ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒ പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലേറ്റു. രാജ് ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാത്രി ഒന്നരയോടെയായിരുന്നു സത്യപ്രതിജ്ഞ. നേരത്തെ എഐഎഡിഎംകെ നിയമസഭാ കക്ഷി യോഗം ജയലളിതയുടെ പിന്‍ഗാമിയായി പനീര്‍സെല്‍വത്തെ തെരഞ്ഞെടുത്തിരുന്നു. ഇക്കാര്യം ഗവര്‍ണ്ണറേയും അറിയിച്ചു. ഇതോടെയാണ് ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ പനീര്‍സെല്‍വം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.ജയലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായപ്പോള്‍ തന്നെ തുടര്‍നടപടികളെക്കുറിച്ച് അണ്ണാ ഡിഎംകെയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഇല്ലാതായാല്‍ സര്‍ക്കാര്‍ തന്നെ ഇല്ലാതെയാവും എന്നതിനാല്‍ ഭരണപ്രതിസന്ധി ഒഴിവാക്കിയ ശേഷം വേണം ജയലളിതയുടെ മരണം പ്രഖ്യാപിക്കാനെന്ന് കേന്ദ്രസര്‍ക്കാരും നേതാക്കളെ അനൗദ്യോഗികമായി അറിയിച്ചിരുന്നു.ജയളിതയുടെ മരണവിവരം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പേ മുഴുവന്‍ അണ്ണാഡിഎംകെ എംഎല്‍എമാരെയും ആശുപത്രിയിലേക്ക് വിളിപ്പിച്ച് പനീര്‍സെല്‍വത്തിന്റെ നേതൃത്വം സംബന്ധിച്ചുള്ള സമ്മതം എല്ലാവരില്‍ നിന്നും ഒപ്പിട്ടു വാങ്ങുകയായിരുന്നു.
തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം അവധിയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ചെന്നൈയിലേക്കെത്തുന്നുണ്ട്. ഇതുമൂലം സുരക്ഷാപ്രശ്‌നമുണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്.
തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള. കര്‍ണാടക, തെലങ്കാന അതിര്‍ത്തികളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം, കൃത്യമായ മുന്‍കരുതലുകള്‍ക്കു ശേഷമാണ് ജയലളിതയുടെ മരണവാര്‍ത്ത അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്. മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിടുന്നതിനു മുന്‍പുതന്നെ എഐഎഡിഎംകെ നേതാക്കളും മറ്റും ആശുപത്രി വിട്ടിരുന്നു. ആശുപത്രിയും പരിസരവും പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രമുഖര്‍ രംഗത്ത്. ദേശീയനേതാക്കന്മാരും തമിഴ്‌നാട്ടിലേയും പ്രമുഖരാണ് ജയലളിതയെ അനുസ്മരിച്ച് രംഗത്തെത്തിയത്.ഒരേസമയം കരുത്തും കഴിവും ജനപ്രിയതയും ഉണ്ടായിരുന്ന നേതാവെന്നാണ് ജയലളിതയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചത്. എന്നും ജനങ്ങളുടെ ഹൃദയത്തില്‍ ജയലളിത ജീവിക്കുമെന്നും മമത ട്വീറ്റില്‍ കുറിക്കുന്നു. ഞെട്ടലും ദു:ഖവും ഒരുപോലെ കലര്‍ന്ന നിമിഷമെന്നാണ് മമത ജയലളിതയുടെ മരണവാര്‍ത്തയോട് പ്രതികരിച്ചത്.
തമിഴകത്തിന്റെ അമ്മയുടെ വിയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി.ജയലളിതയുടെ വിയോഗ വാര്‍ത്ത അതീവ ദു:ഖകരമാണെന്നും സമൂഹത്തിലെ ദുര്‍ബ്ബലരുടെ കരുത്തായിമാറിയ ശബ്ദമായിരുന്നു ജയലളിതയെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.രോഗത്തോട് പൊരുതിയ അതേ കരുത്തുറ്റ മനസ്സോടെയാണ് ജയലളിത തന്റെ ജീവിതത്തിലും മുന്നേറിയതെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം. രാജ്യത്തിന് മഹത്തായ ഒരു നേതാവിനെ നഷ്ടമായെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സംസ്ഥാനത്തെ സ്ത്രീകളും കര്‍ഷകരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സ്വപ്നം കണ്ടത് ജയലളിതയുടെ കണ്ണിലൂടെയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനകീയ നേതാവിനെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. പാവങ്ങള്‍ക്കൊപ്പം നിന്ന നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. കേരളത്തോട് എന്നും മമത പുലര്‍ത്തിയ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.
തിങ്കളാഴ്‌ച്ച അര്‍ധരാത്രിയോടെ ജയലളിതയുടെ മരണം പ്രഖ്യാപിക്കും മുന്‍പേ തന്നെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വത്തെ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പനീര്‍സെല്‍വത്തിന് പിന്തുണ നല്‍കണമെന്ന നിര്‍ദ്ദേശം എഐഎഡിഎംകെ എംഎല്‍എമാര്‍ക്കും ലഭിച്ചു. രാത്രി പതിനൊന്നരയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. അതിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ.ഇപ്പോള്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ജയലളിതയുടെ ഭൗതികശരീരം രാജാജിനഗറില്‍ പൊതുപ്രദര്‍ശനത്തിന് വയ്ക്കുമെന്ന് എഐഡിഎംകെ അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്