ബെംഗളൂരു സ്വദേശിയായ അമൃതയാണ് ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുന്നത്. ജയലളിതയും കര്‍ണാടക സ്വദേശിയായിരുന്നല്ലോ. 1980 ഓഗസ്റ്റിലാണ് താന്‍ ജനിച്ചതെന്നും അമൃത പറയുന്നു. ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞു. സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത് തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍ ആയിരുന്നു. ജയലളിത ജീവിതത്തില്‍ ഒരിക്കലും ഗര്‍ഭം ധരിച്ചിട്ടില്ല എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞത്. ഈ വാദത്തിന് ബലമേകുന്ന തെളിവുകളും അദ്ദേഹം ഹാജരാക്കി. അമൃതയുടെ വാദം ശരിയാണെങ്കില്‍ ജയലളിത ബാക്കി വച്ച കോടികളുടെ സ്വത്തിന് അവകാശിയാകും. എന്നാല്‍ ഇത്രയും വലിയ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ആരെങ്കിലും വന്നാല്‍ എളുപ്പം നടക്കുന്ന കാര്യമാണോ.
അമൃതയുടെ കണ്ണ് ജയലളിതയുടെ സ്വത്തുക്കളിലാണെന്ന് എജി കോടതിയില്‍ വാദിച്ചു. ജയലളിതയുടെ മകളാണ് അമൃതയെങ്കില്‍ ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയെങ്കിലും ഉണ്ടാകില്ലേ എന്നാണ് എജിയുടെ ചോദ്യം. ഇത്തരത്തിലുള്ള യാതൊരു തെളിവും അമൃതയുടെ കൈവശമില്ലെന്ന് എജി പറയുന്നു. അമൃതയുടെ വാദം പൊളിക്കാന്‍ എജി മറ്റൊരു തെളിവും ഹാജരാക്കി. 1980 ഓഗസ്റ്റിലാണ് അമൃത ജനിച്ചതെന്ന് പറയുന്നു. ഇത് തെറ്റാണെന്ന് സര്‍ക്കാര്‍ വാദിച്ചു. 1980ലെ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ വീഡിയോയുമായിട്ടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എത്തിയത്. 1980 ജൂണിലുള്ള വീഡിയോ ആണിത്. ഈ ചിത്രത്തില്‍ ജയലളിത ഗര്‍ഭവതിയാണ് എന്ന് കാണുന്നില്ല.
ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് അമൃതയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അമ്മയാണ് ജയലളിത. അക്കാര്യം ശാസ്ത്രീയമായ പരിശോധനയിലൂടെ തെളിയിക്കണമെന്നും അമൃത കോടതിയില്‍ ആവശ്യപ്പെടുന്നു. കൂടാതെ മറ്റൊരു ആവശ്യവും അമൃത ഉന്നയിക്കുന്നു. ജയലളിതയുടെ സംസ്‌കാരം നടന്നത് ശരിയായ രീതിയില്‍ അല്ല. ജയലളിത ബ്രാഹ്മണ്‍ സമുദായത്തില്‍പ്പെട്ടവരാണ്. തങ്ങളുടെ ആചാരപ്രകാരമല്ല സംസ്‌കാരചടങ്ങുകള്‍ നടന്നത്. മൃതദേഹം കുഴിച്ചെടുക്കണം. തനിക്കും ബന്ധുക്കള്‍ക്കും സമുദായത്തിന്റെ ആചാര പ്രകാരം സംസ്‌കരിക്കാന്‍ അവസരം ഒരുക്കണമെന്നും അമൃത ആവശ്യപ്പെട്ടു. ഇരുവാദങ്ങളും കേട്ട കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ജയലളിത അമ്മയാണെന്ന് കാണിച്ച് അമൃത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരന്നു. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ഇത്. എന്നാല്‍ സുപ്രീംകോടതി ഇക്കാര്യം പരിഗണിച്ചില്ല. വിഷയം തമിഴ്‌നാട് ഹൈക്കോടതിയില്‍ ഉന്നയിക്കൂവെന്നാണ് നിര്‍ദേശിച്ചത്. തുടര്‍ന്നാണ് അമൃത ഹൈക്കോടതിയിലെത്തിയത്.