
തിരുവനന്തപുരം: നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമനങ്ങളെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മാനേജിംഗ് ഡയറക്ടര്‍/ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ദേശീയതലത്തിലടക്കമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ചുകൊണ്ടായിരിക്കും ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നടത്തുക.
വിവാദ നിയമനങ്ങള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. സംഭവത്തില്‍ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. വ്യാഴാഴ്ച രാവിലെ 7.45ന് ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ജയരാജനെതിരെ ത്വരിത പരിശോധനക്ക് ഉത്തരവിടാനും സാധ്യതയുണ്ട്.
അതേസമയം ബന്ധു നിയമനങ്ങള്‍ വിവാദമായതോടെ രാജി സന്നദ്ധത അറിയിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. പാര്‍ട്ടി ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ രാജി വെക്കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. മുഖ്യമന്ത്രിയും കോടിയേരിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. മന്ത്രിസ്ഥാനം ഒഴിയണമെന്ന് ജനതാദളും എന്‍.സി.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വ്യവസായവകുപ്പ് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്. സംഘടനാനടപടിക്ക് കേന്ദ്രകമ്മിറ്റിക്ക് ശുപാര്‍ശ നല്‍കാനും സാധ്യതയുണ്ട്. ദ്രുതപരിശോധന കൊണ്ടുമാത്രം രാജിവേണ്ടെന്നും വിലയിരുത്തലുണ്ട്. ജയരാജനെതിരെ ത്വരിതാന്വേഷണം വേണമെന്ന നിയമോപദേശവും ലഭിച്ചു. ഇക്കാര്യം വിജിലന്‍സ് കോടതിയില്‍ അറിയിക്കും. ജയരാജനെതിരായ പൊതു താല്‍പര്യ ഹരജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് നിലപാട് കോടതിയെ അറിയിക്കുക.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.പ്രാഥമിക അന്വേഷണം വേണമെന്ന് കഴിഞ്ഞദിവസം നിയമോപദേശവും ലഭിച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യാഴാഴ്ച രാവിലെ എ.ഡി.ജി.പിയും നിയമോപദേശകരും അടക്കമുള്ള വിജിലന്‍സ് ഉന്നതരുടെ യോഗവും വിളിച്ചു ചേര്‍ത്തു.
നിയമനവിവാദത്തിലകപ്പെട്ട മന്ത്രി ഇ. പി. ജയരാജന്‍ രാജിസന്നദ്ധത അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെടും മുമ്പ് രാജിക്കു തയ്യാറെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.
ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.