പൊളിറ്റിക്കൽ ഡെസ്‌ക്
കണ്ണൂർ: ഇടുക്കി സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം മണിയെ മന്ത്രിയാക്കിയതിനെ തുടർന്നു കണ്ണൂർ ലോബിയിൽ പൊട്ടിത്തെറി. ഇ.പി ജയാരജൻ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ തയ്യാറെടുക്കുമ്പോൾ, പി.കെ ശ്രീമതി എംപി സ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രാജി വയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മണിയെ മന്ത്രിയാക്കിയതിനെതിരെ ഇരുനേതാക്കളും പാർട്ടിയോടു പരസ്യമായി കലഹിക്കുകയും ചെയ്തിരുന്നു. സംഭവങ്ങൾക്കെല്ലാം പിന്നിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്ന ആരോപണമാണ് ഇരുവരോടും ബന്ധപ്പെട്ട പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതോടെ സി.പി.എമ്മിൽ പുതിയ പോർമുഖങ്ങൾ തുറന്നു.
തന്നെ കുറ്റക്കാരനാക്കി തൂക്കിലേറ്റാനാണു ചിലർ ശ്രമിക്കുന്നതെന്ന് ഇ.പി. ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തുറന്നടിച്ചു. താൻ കുറ്റക്കാരനാണെന്നു പാർട്ടി തന്നെ പ്രഖ്യാപിക്കുമ്പോൾ പൊതുപ്രവർത്തകനായി തുടരുന്നതിൽ അർഥമില്ല. പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ്. എം.എൽ.എ. സ്ഥാനം ഉടൻ രാജിവയ്ക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവർ ഇരിക്കെയാണ് ജയരാജൻ വികാരാധീനനായത്. വ്യവസായ മന്ത്രിയായിരിക്കെ നടത്തിയ അഴിമതിവിരുദ്ധ നടപടികളിൽ വിറളിപൂണ്ട ചില പാർട്ടി നേതാക്കളടക്കമുള്ളവർ തന്റെ രക്തത്തിനായി ദാഹിക്കുകയാണ്.
തന്നെ വളർത്തിയ പാർട്ടിക്കു തന്നെ വേണ്ടാതായെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതാണു നല്ലത്. എന്തു തെറ്റ് ചെയ്തിട്ടാണ് കുറ്റക്കാരനാക്കി പുറത്താക്കാൻ ശ്രമിക്കുന്നത്? ബന്ധു നിയമനവിവാദത്തിൽ വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ തന്നെ കുറ്റക്കാരനെന്നു വിധിയെഴുതി ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. പാർട്ടി സെക്രട്ടറി ഇവരുടെ കെണിയിൽപ്പെടുകയായിരുന്നുവെന്നും ജയരാജൻ സെക്രട്ടേറിയറ്റിൽ തുറന്നടിച്ചു.
വിവാദമുണ്ടായപ്പോൾ സ്വയം സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടാൻ തയാറായതാണ്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ പാർട്ടി പറയുന്ന എന്തു നടപടിയും സ്വീകരിക്കാൻ തയാറാണെന്ന് എല്ലാവരെയും അറിയിച്ചതുമാണ്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിരപരാധിത്വം തെളിഞ്ഞതിനു ശേഷം, പാർട്ടിക്കു വിയോജിപ്പുണ്ടെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് പരസ്യമായി ജനങ്ങളോട് പറയുമായിരുന്നു. ഇതിലൂടെ രാഷ്ട്രീയ മാന്യത ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു. ആ മാനുഷിക പരിഗണനപോലും തനിക്കു പാർട്ടി നിഷേധിച്ചിരിക്കുകയാണെന്നു ജയരാജൻ കുറ്റപ്പെടുത്തി. ജയരാജന് അനൂകൂലമായ നിലപാടാണ് സീതാറാം യെച്ചൂരി സ്വീകരിച്ചത്. എന്നാൽ സെക്രട്ടേറിയറ്റിൽ പി.കെ. ശ്രീമതി ഒഴികെ എല്ലാവരും ഈ നിലപാടിനെ എതിർത്തു. ജയരാജനെ കുറ്റക്കാരനാക്കി ചാപ്പ കുത്തരുതെന്നായിരുന്നു ശ്രീമതിയുടെ വാദം. തിടുക്കപ്പെട്ടുള്ള നടപടി അഴിമതിക്കാരായ കോടീശ്വരന്മാരെ സഹായിക്കാനാണെന്ന് ജയരാജനോട് അടുത്തുനിൽക്കുന്നവർ പറയുന്നു. അന്വേഷണത്തിൽ ജയരാജൻ കുറ്റവിമുക്തനായി വരുന്നതിനു മുമ്പുതന്നെ പുതിയ മന്ത്രിയെ തീരുമാനിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ജയരാജൻ മന്ത്രിപദത്തിൽ തിരിച്ചെത്താതിരിക്കാൻ ഒരു പ്രമുഖ നേതാവിനു രണ്ടു കോടി രൂപയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ എം.ഡി. നൽകിയത്. മറ്റൊരു നേതാവിന്റെ ഭാര്യയ്ക്ക് ഇദ്ദേഹം ആഡംബര കാർ നൽകി. മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.