ജയരാജനെ അറസ്റ്റ് ചെയ്യുക തന്നെ സിബിഐ ലക്ഷ്യം; അറസ്റ്റ് ഉടന്‍ ?

കൊച്ചി: ആര്‍എസ്എസ് നേതാവ് കരിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കൂര്‍ ജാമ്യം തള്ളിയതോടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറസ്റ്റിലേയ്ക്കു തന്നെ സിബിഐ നീങ്ങുന്നതായി സൂചന. ജയരാജനെ അറസ്റ്റ് ചെയ്താല്‍ അക്രമസാധ്യത മുന്നില്‍കണ്ട് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കു സുരക്ഷ വര്‍ധിപ്പിക്കാന്‍ സിബിഐ കത്തു നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
മുന്‍പ് എം.വി ജയരാജനെയും, പി.ജയരാജനെയും അറസ്റ്റ് ചെയ്തപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസിനു കത്തു നല്‍കിയത്. എന്നാല്‍, കോടതിയില്‍ ജയരാജന്‍ പ്രതിയല്ലെന്നു സിബിഐ റിപ്പോര്‍ട്ട് നല്‍കിയതോടെ ഇനി സിബിഐയുടെ നീക്കം എന്താകുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.
എന്നാല്‍, ജയരാജനെതിരെ തെളിവില്ലെന്നു കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിക്കുകയും തുടര്‍ന്നു തെളിവു കണ്ടെത്തിയ ശേഷം അറസ്റ്റ് ചെയ്യുകയുമാണ് സിബിഐയുടെ നീക്കം. ജയരാജനെ കുടുക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ സിബിഐ ഒരുക്കുന്നത്. നാളെ തന്നെ ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുന്നതിനാണ് നീക്കം.
ജയരാജന്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
കേസില്‍ ജയരാജനെതിരായ തെളിവുകളെപ്പറ്റി സി.ബി.ഐ കോടതിയില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല. ജയരാജനെതിരെയ നടപടികളെപ്പറ്റിയും കോടതിയില്‍ സി.ബി.ഐ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജയരാജനെതിരായ തെളിവുകള്‍ ഒരുഘട്ടത്തിലും കോടതിയില്‍ ഹാജരാക്കാന്‍ സി.ബി.ഐ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം.
സി.ബി.ഐയുടെ തുടര്‍ നടപടിയില്‍ ആശങ്കയില്ലെന്ന് പി.ജയരാജന്‍ പ്രതികരിച്ചു. താന്‍ പ്രതിയല്ലെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്റെ ഭാഗത്തുനിന്ന് തുടര്‍ നടപടി ആവശ്യമില്ല. തനിക്കെതിരെയുള്ള തെളിവും സി.ബി.ഐ നല്‍കിയിട്ടില്ല. ഇതുവരെ സി.ബി.ഐ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. ആറു മണിക്കൂര്‍ തന്നെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

തന്നെ കേസില്‍ കുടുക്കാന്‍ സി.ബി.ഐയുടെ ഭാഗത്തുനിന്ന് ഇനി എന്തെങ്കിലും നീക്കമുണ്ടായാല്‍ എന്തു ചെയ്യുമെന്ന് അപ്പോള്‍ പരിശോധിക്കാം. ആര്‍.എസ്.എസിന്റെ ചിന്തന്‍ ബൈഠക്കിലാണ് രാഷ്ട്രീയ എതിരാളികളെ കേസില്‍ കുടുക്കാനുള്ള ആലോചന ഉണ്ടായിരിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സി.ബി.ഐ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.ജയരാജനെ സാക്ഷിയായാണ് സി.ബി.ഐ നിരന്തരം വിളിപ്പിക്കുന്നത്. സാക്ഷിയായി വിളിച്ച് പിന്നീട് പ്രതിയാക്കി അറസ്റ്റു ചെയ്യാനാണ് സി.ബി.ഐയുടെ നീക്കം. കോടതിയില്‍ നിന്നുള്ള വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ സി.ബി.ഐയുടെ വാദം കോടതി എത്രമാത്രം അംഗീകരിച്ചുവെന്ന് ബോധ്യമാകുവെന്ന് ജയരാജന്റെ അഭിഭാഷകന്‍ വിശ്വന്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top