ജൂറിയെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങള്‍ ചെയ്യാത്തതുകൊണ്ടാവാം അവാര്‍ഡുകള്‍ എന്നെത്തേടി വരാത്തത്. അതുകൊണ്ടുതന്നെ ഞാന്‍ കൂടുതല്‍ ഹാര്‍ഡ്‌വര്‍ക്ക് ചെയ്യും. എല്ലാം പോസിറ്റീവായി കാണാനാണ് എനിക്കിഷ്ടം.’ ജയസൂര്യ നയംവ്യക്തമാക്കുന്നു.
ആരെങ്കിലുമൊരാളായി എപ്പോഴും നമുക്കൊപ്പമുണ്ട്, ജയസൂര്യ. ആരോടും സംസാരിക്കാതെ സിനിമയിലേക്കു വന്ന ഈ ചെറുപ്പക്കാരന്‍ പിന്നീട് ഒരുപാട് സംസാരിച്ചുകൊണ്ട് മലയാളികളെ കീഴ്‌പ്പെടുത്തി.
ഇപ്പോള്‍ ജയസൂര്യയിലൂടെ നമ്മള്‍ കാണുന്നത് വിക്കി വിക്കി സംസാരിക്കുന്ന സുധീന്ദ്രനെയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ‘സു..സു..സുധി, വാത്മീകം’ എന്ന ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നതിന്റെ സന്തോഷത്തിലാണ് നിര്‍മ്മാതാവ് കൂടിയായ ജയസൂര്യ. ചിത്രം റിലീസായതു മുതല്‍ ജയന്റെ ഫോണിന് വിശ്രമമില്ല.
”ഒരുപാട് കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇതുപോലെ നിര്‍ത്താതെ ഫോണ്‍ വരുന്നത്. എല്ലാവരും പറയുന്നത് ഏകദേശം ഒരേ കാര്യമാണ് സുധീന്ദ്രന്‍ ഞങ്ങളുടെ നാട്ടിലുമുണ്ട്.
വിക്കിവിക്കിപ്പറയുന്നവര്‍ക്ക് ഇത്രയും പ്രയാസമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. പോസിറ്റീവ് എനര്‍ജിയാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ കിട്ടുന്നത്… എന്നിങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.”
‘അമര്‍ അക്ബര്‍ ആന്റണി’ക്കു പിന്നാലെ ‘സു..സു..സുധി വാത്മീക’വും ഹിറ്റായതോടെ ജയസൂര്യയുടെ ഗ്രാഫ് വീണ്ടും ഉയരങ്ങളിലെത്തിയിരിക്കുകയാണ്.
സുധീന്ദ്രന്‍ എങ്ങനെ സ്വാധീനിച്ചു, ജയസൂര്യയുടെ ജീവിതത്തെ?
സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ കൂടെപ്പഠിച്ച വിക്കുള്ള ചെറുപ്പക്കാരന്റെ കഥയാണ് എന്നോട് പറഞ്ഞത്. പുള്ളിയെ പിന്നീട് കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥ സുധിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ഞാന്‍ ചെയ്തകഥാപാത്രം.
സത്യം പറഞ്ഞാല്‍ വിക്കുള്ളവരുടെ വേദന മനസ്സിലാക്കാന്‍ കഴിഞ്ഞത് ഈ സിനിമയിലൂടെയാണ്. വിക്കുള്ളവര്‍ എപ്പോഴും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്. വഴി മാറിയാല്‍ അവര്‍ക്ക് പ്രശ്‌നമുണ്ടാകും. സുധീന്ദ്രന്‍ വാച്ചുപോലും കെട്ടില്ല.
കാരണം ആരെങ്കിലും സമയം ചോദിച്ചാല്‍ പറയണമല്ലോ. സ്ഥിരമായി കയറുന്ന ബസ് കിട്ടിയില്ലെങ്കില്‍ പ്രശ്‌നമാണ്. തത്തമംഗലം എന്ന സ്ഥലപ്പേര് പറയുന്നതുപോലും വിഷമിച്ചാണ്.
ആരെങ്കിലും പേരുചോദിച്ചാല്‍ സു…സു..സുധി വാത്മീകം എന്ന് പറയാന്‍ ഒരുപാടു സമയമെടുക്കും. ഈ കഥാപാത്രം വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തതാണ്. അത് നൂറുശതമാനവും വിജയമായി എന്നാണ് ആളുകളുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാവുന്നത്.
വിക്കിന്റെ ഇന്റന്‍സിറ്റി അവതരിപ്പിക്കാനായിരുന്നു വിഷമം. വിക്കുള്ളയാള്‍ വീട്ടില്‍ സംസാരിക്കുന്നതുപോലെയല്ല, സുഹൃത്തുക്കളോട് സംസാരിക്കുന്നത്. 25 വയസ്സിനും നാല്‍പ്പതിനുമിടയ്ക്കുള്ള സുധിയെയാണ് ഞാന്‍ അവതരിപ്പിച്ചത്.
ഈ സിനിമയിലൂടെ ആരെയും വേദനിപ്പിക്കരുതെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്തത്.
വിക്കുള്ള സുഹൃത്തുക്കളുമായി പരിചയമുണ്ടായിരുന്നോ?
നഴ്‌സറി മുതല്‍ ഹൈസ്‌കൂള്‍ വരെ എനിക്കൊപ്പം പഠിച്ച സുജീഷിന് വിക്കുണ്ടായിരുന്നു. പക്ഷേ ഒരിക്കല്‍പോലും അവനത് കുറവായി തോന്നിയിരുന്നില്ല. വിക്കില്ലെന്ന് സ്വയം വിശ്വസിച്ചാണ് അവന്‍ സംസാരിക്കുന്നത്. അവനിപ്പോള്‍ വിവാഹമൊക്കെ കഴിഞ്ഞു.
ഇങ്ങനെയൊരു സിനിമയില്‍ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മുതല്‍ അവന്‍ ഈ സിനിമയെ കാത്തിരിക്കുകയായിരുന്നു. റിലീസായ ദിവസം തന്നെ പോയി കണ്ടു. അതുകഴിഞ്ഞ് എന്നെക്കണ്ട് കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
ഓരോ മനുഷ്യനും കുറവുകളുണ്ട്. അത് മനസ്സിലാക്കി തിരിച്ചറിയുമ്പോഴാണ് സ്വയം ശക്തനാവുന്നത്. ഈ സിനിമ കണ്ടിട്ട് ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് കുറിച്ചിട്ടത് വായിച്ച് എന്റെ കണ്ണും നിറഞ്ഞുപോയിട്ടുണ്ട്.
പോസ്റ്റ് ഇങ്ങനെ: നാട്ടിലെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു ഞങ്ങള്‍. പരസ്പരം കളിയാക്കിയും സ്‌നേഹിച്ചും കഴിഞ്ഞ സുഹൃത്തുക്കള്‍. ഞങ്ങളുടെ കൂടെയുള്ള ഒരാള്‍ക്ക് വിക്കുണ്ട്.
അതിനാല്‍ എല്ലാവരും അവനെ ‘വിക്കാ…’ എന്നു വിളിച്ചു. ഫോണ്‍ ചെയ്യുമ്പോഴും മറ്റുകാര്യങ്ങള്‍ അന്വേഷിക്കുമ്പോഴുമൊക്കെ ‘വിക്കാ’ എന്നേ സംബോധന ചെയ്യാറുള്ളൂ. ഒരു ദിവസം അവന്‍ ആത്മഹത്യചെയ്തു.
ഞങ്ങള്‍ക്കത് വലിയ ഷോക്കായിരുന്നു. അവനെഴുതിവച്ച കുറിപ്പ് കണ്ടപ്പോള്‍ ഞെട്ടി. വിക്കാണ് അവനെ തളര്‍ത്തിയത്. എല്ലാവരും ‘വിക്കാ’ എന്നു വിളിച്ചപ്പോള്‍ മനസ് വേദനിച്ചു. എന്തുചെയ്താലും ഈ വിക്ക് മാറില്ലെന്ന തിരിച്ചറിവ് വന്നപ്പോഴാണ് അവന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞു.
പതുക്കെപ്പതുക്കെ ഞാനടക്കം എല്ലാവരും അവനെ മറന്നു. ‘സു..സു.സുധി വാത്മീകം’ വിക്കുള്ള ചെറുപ്പക്കാരന്റെ കഥയാണെന്നറിഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസം പോയിക്കണ്ടു. സ്‌ക്രീനില്‍ സുധിയെ കണ്ടപ്പോള്‍ പലപ്പോഴും അവനാണെന്ന് തോന്നി.
സിനിമ കണ്ടതിനുശേഷം നേരെ പോയത് ആത്മഹത്യചെയ്ത സുഹൃത്തിന്റെ വീട്ടിലേക്കാണ്. അവന്റെ ശ്വാസം തങ്ങിനില്‍ക്കുന്ന മുറിയില്‍ കുറച്ചുനേരം വെറുതെയിരുന്നപ്പോഴാണ് മനസ്സ് തണുത്തത്. അതിനുശേഷം ഇക്കാര്യം എല്ലാവരും അറിയണമെന്നുതോന്നി. അതുകൊണ്ടാണ് ഈ പോസ്റ്റ് ഫേസ്ബുക്കിലിടുന്നത്…
അമീര്‍ഖാനോ സച്ചിന്‍ടെണ്ടുല്‍ക്കറോ ആകാനല്ല നമ്മള്‍ ശ്രമിക്കേണ്ടത്. നമ്മള്‍ നമ്മളാവണം. നമുക്കുള്ളിലെ കുറവുകളെ തോല്‍പ്പിക്കണം. സുധി വാത്മീകത്തിന്റെ ലൊക്കേഷനിലെത്തിയതു മുതല്‍ മുപ്പത്തിയഞ്ചു ദിവസക്കാലം ഞാന്‍ എല്ലാവരോടും സംസാരിച്ചത് വിക്കിവിക്കിയാണ്.
സംവിധായകനോട് അഭിപ്രായം പറയുന്നതും ലൊക്കേഷനില്‍ ഫുഡ് ആവശ്യപ്പെട്ടതും വിക്കിയാണ്. അത് എന്റെ രീതിയാണ്. എങ്കില്‍ മാത്രമേ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.