ജയസൂര്യ നായകനായ ആട് 2 ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇതിനിടെ ‘ഷാജി പാപ്പന്റെ’ കട്ട ഫാനായ വടക്കാഞ്ചേരി സ്വദേശി സുരാജ് കുമാര്‍ നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആരാധകന്‍ തനിക്ക് അയച്ചുതന്ന സമ്മാനം ജയസൂര്യ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചതോടെയാണ് സമ്മാനം വൈറലായത്. കോഴി മുട്ടയ്ക്ക് അകത്ത് ഷാജി പാപ്പനെ പെയിന്റ് ചെയ്തു വച്ചിരിക്കുന്നതാണ് ആരാധകന്‍ ജയസൂര്യയ്ക്ക് നല്‍കിയത്. ആട് 2 ചിത്രത്തിന്റെ ആദ്യഭാഗം പരാജയപ്പെടുത്തിയവര്‍ക്ക് ജയസൂര്യ നേരത്തെ നന്ദി അറിയിച്ചിരുന്നു. ചിത്രം പരാജയപ്പെടുത്തിയതിന് നന്ദി അറിയിക്കാന്‍ കാരണമുണ്ട്. സിനിമയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. പൊട്ടിയ പടത്തിന്റെ രണ്ടാം ഭാഗം വരുന്നതും അത് വന്‍ ഹിറ്റാകുന്നതും ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും. പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം നിര്‍മ്മിച്ച സിനിമയാണ് ആട് 2. ഇതുവരെ ചിത്രം കണ്ടിട്ടില്ലാത്തവര്‍ ക്ലാസ് കട്ട് ചെയ്തിട്ടാണെങ്കിലും സിനിമ കാണണമെന്നും’ ജയസൂര്യ പറഞ്ഞു.
സിനിമ റിലീസ് ചെയ്ത ആദ്യദിനം യുവാക്കളുടെ അനിയന്ത്രിത തിരക്കാണ് തീയേറ്ററുകളില്‍ അനുഭവപ്പെട്ടതെങ്കില്‍ കഴിഞ്ഞ ദിവസം മുതല്‍ കുടുംബപ്രേക്ഷകരുടെ ഒഴുക്കാണ് കാണാന്‍ സാധിക്കുന്നത്. പല കേന്ദ്രങ്ങളിലും രാത്രി വൈകിയുള്ള സ്‌പെഷ്യല്‍ ഷോസും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആദ്യഭാഗത്തേക്കാള്‍ നിലവാരം പുലര്‍ത്തുന്നതിനാലും നിലയ്ക്കാത്ത ചിരി പടര്‍ത്തുന്നതിനാലും ഒന്നിലേറെ തവണ ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തുന്നവരുമുണ്ട്. രണ്ടാം വരവിലാണ് ആട് ശരിക്കും ഭീകരജീവിയായതെന്നു പ്രേക്ഷകര്‍ തന്നെ പറയുന്നു. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ആട് 2വും നിര്‍മ്മിച്ചിരിക്കുന്നത്.