തൃശൂര്‍: കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് വിജിലന്‍സ് കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം സംബന്ധിച്ച് കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കോടതിയലക്ഷ്യത്തിന് കേസെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നോട്ടീസ് അയച്ചത്. രേഖകളും മറുപടിയുമായി 12ന് സെക്രട്ടറിയോട് നേരില്‍ ഹാജരാകണമെന്നും വിജിലന്‍സ് ജഡ്ജ് എസ് എസ് വാസന്‍ ഉത്തരവിട്ടു.
കൊച്ചി കടവന്ത്ര ഭാഗത്ത് നടന്‍ ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ച.അടി വിസ്തീര്‍ണ്ണത്തിലുള്ള വീടും നിര്‍മ്മിച്ചത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണെന്നും കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്ബാബു നേരത്തെ കൊച്ചി കോര്‍പ്പറേഷന് പരാതി നല്‍കിയിരുന്നു.
പരാതി പരിശോധിച്ചതില്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയ്യേറ്റം നടന്നതായി നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവിട്ട് നാലുമാസം കഴിഞ്ഞപ്പോഴും നടപടിയുണ്ടായിരുന്നില്ല. വീണ്ടും നഗരസഭയെ സമീപിച്ചതില്‍ കായല്‍ അളന്ന് തിട്ടപ്പെടുത്തുന്നതിന് ആ വര്‍ഷം തന്നെ ജൂണ്‍ 30ന് കണയന്നൂര്‍ താലൂക്ക് സര്‍വെയറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും ജയസൂര്യ പൊളിച്ച് മാറ്റിയിട്ടില്ല. ഇതേ തുടര്‍ന്നാണ് ഗിരീഷ് ബാബു തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി ആര്‍ രാജു, മുന്‍ അസി.എക്്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍ എം ജോര്‍ജ്ജ്, നിലവിലെ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരെ എതിര്‍കക്ഷികളാക്കി ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് ഗിരീഷ്ബാബു നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ബുധനാഴ്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍, സെക്രട്ടറിയോ, പ്രതിനിധിയോ ഹാജരാവുകയോ, റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്ന്് നടപടികളില്‍ വീഴ്ച വരുത്തിയത് കോടതിയലക്ഷ്യമായി കണക്കാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തിലാണ്, കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനും 12ന് നേരില്‍ ഹാജരാവാനും കോടതി നിര്‍ദ്ദേശിച്ചത്.
നടന്‍ ജയസൂര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തനിക്കെതിരെയുള്ള എല്ലാ മേല്‍നടപടികളും മരവിപ്പിച്ചുവെന്നും തുടര്‍നടപടികളൊന്നും നാളിതുവരെയും ഉണ്ടായില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തി, ജയസൂര്യക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നുമാണ് ഹര്‍ജിയില്‍ ആരോപണം.