ജയസൂര്യയ്ക്കു വേണ്ടിയും സൗബിനു വേണ്ടിയും ശക്തമായ വാദപ്രതിവാദങ്ങളുണ്ടായി. സൗബിനായിരുന്നു മുന്‍തൂക്കമെങ്കിലും നവ്യാനായര്‍ ജയസൂര്യയ്ക്കു വേണ്ടി ശക്തമായി വാദിച്ചതോടെ വോട്ടിട്ട് തീരുമാനിച്ചു. തുല്യവോട്ടുകള്‍ വന്നതോടെ രണ്ടു പേരും മികച്ച നടന്‍മാരാകുകയായിരുന്നു. ജോജു ജോര്‍ജിന്റെ അഭിനയം സമാനതകളില്ലാത്തതാണെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ, മറ്റ് ചില പ്രശ്‌നങ്ങളും ഉണ്ടായി. സംസ്ഥാന ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം നടന്നത് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നിയുടെ കടുത്ത വിയോജിപ്പിനിടെ. പുരസ്‌കാര നിര്‍ണയചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ തര്‍ക്കം മുറുകുന്നതിനിടെ ജൂറി ചെയര്‍മാനായ കുമാര്‍ സാഹ്നി ചര്‍ച്ച ബഹിഷ്‌കരിച്ചു. അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പുരസ്‌കാരം പ്രഖ്യാപിച്ച പത്രസമ്മേനളത്തില്‍ അദ്ദേഹം പങ്കെടുത്തുമില്ല. മികച്ച സിനിമ, സംവിധായകന്‍, നടന്‍ എന്നീ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ക്കെല്ലാം ജൂറി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ജൂറിയംഗങ്ങള്‍ക്ക് അവസരം നല്‍കാതെ മന്ത്രി എ.കെ ബാലന്‍ പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തിനെത്തിയ 104 ചിത്രങ്ങള്‍ മൂന്നു ഗ്രൂപ്പായി തിരിച്ചാണ് ജൂറി കണ്ടത്. ഓരോ ഗ്രൂപ്പില്‍നിന്നും ഏഴുവീതം സിനിമകള്‍ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. പ്രായത്തിന്റെ ക്ഷീണം കാരണം കുമാര്‍ സാഹ്നി എല്ലാ ചിത്രങ്ങളും കണ്ടിരുന്നില്ല. എന്നാല്‍ അവസാന റൗണ്ടിലെ മിക്കവാറും ചിത്രങ്ങള്‍ അദ്ദേഹം കണ്ടു. മികച്ച ചിത്രം, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ നിര്‍ണയിച്ചപ്പോഴാണ് അംഗങ്ങളും ചെയര്‍മാനും തമ്മില്‍ തര്‍ക്കം മൂത്തത്.
മികച്ച കഥാചിത്രമായ കാന്തന്‍ ദി ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ഷെറീഫിനു തന്നെ സംവിധായകനുള്ള പുരസ്‌കാരവും നല്‍കണമെന്ന് കുമാര്‍ സാഹ്നി അഭിപ്രായപ്പെട്ടു. മികച്ച സംവിധായകനു മാത്രമെ മികച്ച ചിത്രം ഒരുക്കാന്‍ കഴിയൂയെന്ന വാദവും അദ്ദേഹം മുന്നോട്ടുവച്ചു.
എന്നാല്‍ മറ്റ് ചില അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. സംവിധായകന് പ്രാധാന പങ്കുണ്ടെങ്കിലും മറ്റു പല ഘടകങ്ങളും ചേര്‍ന്നാല്‍ മാത്രമെ മികച്ച സിനിമ ഉണ്ടാകൂ എന്നായിരുന്നു അവരുടെ വാദം. ഇത് അംഗീകരിക്കാന്‍ കുമാര്‍ സാഹ്നി തയ്യാറായില്ല. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ തന്നെ അവാര്‍ഡ് തീരുമാനിച്ചാല്‍ മതി. ഞാനൊപ്പിട്ട് തന്നോളാമെന്നു പറഞ്ഞ് അദ്ദേഹം ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു.
അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ നടത്തി. ജൂറി അംഗമായ നവ്യാനായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല.നടനെ നിര്‍ണയിക്കുന്ന കാര്യത്തിലും ജൂറി അംഗങ്ങളുടെ കാര്യത്തില്‍ വേര്‍തിരിവുണ്ടായി. ജയസൂര്യ, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ് എന്നിവരാണ് അവസാനറൗണ്ടില്‍ പരിഗണിക്കപ്പെട്ടത്.
മികച്ച നടിക്കായുള്ള അവസാന റൗണ്ടില്‍ നിമിഷ സജയനും ഐശ്വര്യ ലക്ഷ്മിയും മാത്രമാണുണ്ടായിരുന്നത്. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ വേറിട്ട പ്രകടനങ്ങളാണ് നിമിഷയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. വരത്തന്‍ എന്ന ഒറ്റചിത്രത്തിലെ പ്രകടനവുമായാണ് ഐശ്വര്യലക്ഷ്മി ഇഞ്ചോടിഞ്ച് മല്‍സരിച്ചത്. ഒടുവില്‍ ഭൂരിപക്ഷം നിമിഷയ്ക്ക് അവാര്‍ഡ് നിശ്ചയിക്കുകയായിരുന്നു. ആമിയില്‍ മുഖ്യവേഷമിട്ട മഞ്ജു വാര്യര്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.