കൊച്ചി: വടക്കാഞ്ചേരി ബലാത്സംഗ കേസിന്റെ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയ ഭാഗ്യലക്ഷ്മി വിമര്‍ശനങ്ങള്‍ മറുപടിയുമായി ഫേയ്‌സ് ബുക്കിലെ കുറിപ്പ്. ഒരു പെണ്‍കുട്ടി ഇത്രയും ദൂരം യാത്ര ചെയ്ത് തന്റെ മുന്‍പില്‍ വന്ന് നിന്ന് നാല് പേര്‍ തന്നെ ബലാത്സംഗം ചെയ്തു എനിക്ക് നീതി കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് കേട്ട് കാറ്റില്‍ പറത്തി കളയാന്‍ തനിക്ക് സാധിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
2016 ആഗസ്റ്റ് 15 ഇറങ്ങിയ മാതൃഭൂമി പത്രത്തില്‍ ഈ പീഡനവാര്‍ത്ത അച്ചടിച്ചു വന്നിരുന്നു. ജയന്തനുള്‍പ്പെടെ നാല് പേരുടെ പേര് സഹിതം. എന്ത്കൊണ്ട് ജയന്തന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തില്ല? ഇതെല്ലാമറിയുന്ന ഈ ജനപ്രതിനിധി കണ്ണടച്ചിരിക്കുകയായിരുന്നോ? അധികാരമുണ്ടായിട്ടും?. ആ നാല് പേരും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. മറിച്ച് പെണ്‍കുട്ടി ഉണ്ടാക്കിയ കെട്ടുകഥയാണെങ്കില്‍ പെണ്‍കുട്ടിയും ശിക്ഷിക്കപ്പെടണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയത്.
ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇന്നലെ വെളിപ്പെടുത്തിയ ബലാത്സംഗ കേസിന്റെ വിഷയത്തില്‍ പല രീതിയിലുളള വിമര്‍ശനങ്ങള്‍ കേട്ടു. ആ കുട്ടിക്കെതിരെയും അവരെ സഹായിച്ച എനിക്കെതിരെയും. ഒരു പെണ്‍കുട്ടി ഇത്രയും ദൂരം യാത്ര ചെയ്ത് എന്റെ മുന്‍പില്‍ വന്ന് നിന്ന് നാല് പേര്‍ തന്നെ ബലാത്സംഗം ചെയ്തു എനിക്ക് നീതി കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് കേട്ട് കാറ്റില്‍ പറത്തി കളയാന്‍ എനിക്ക് സാധിച്ചില്ല.
ആ കുട്ടി പറഞ്ഞത് സത്യമാണെങ്കിലും അല്ലെങ്കിലും അത് അന്വേഷിച്ച് തെളിയിക്കേണ്ടത് പോലീസിന്റെ ജോലിയാണ്. അത് ചെയ്യേണ്ടവര്‍ ചെയ്തില്ലെന്ന് മാത്രമല്ല അപമാനിക്കപ്പെട്ടു എന്ന് കൂടി പറയുമ്പോള്‍ ഞാനെന്ത് ചെയ്യണം? വടക്കാഞ്ചരിയിലും പരിസരത്തും പോയി ഞാന്‍ അന്വേഷിക്കണോ? ഈ പറയുന്ന ജയന്തനോടും പോലീസിനോടും ഞാന്‍ ചോദിച്ചാലും ഇന്ന് ചാനലില്‍ പറയുന്നത് തന്നെയല്ലേ അവര്‍ എന്നോടും പറയൂ? അതും കേട്ട് ഞാന്‍ മിണ്ടാതിരിക്കണമായിരുന്നോ? അന്വേഷണം എന്റെ ജോലിയല്ല..
ഉറക്കെ വിളിച്ച് പറയാന്‍ ശക്തിയില്ലാത്ത ഒരു പെണ്‍കുട്ടിക്ക് ശബ്ദമായത് ഒരു തെറ്റാണോ?.
ജയന്തന്‍ പറയുന്നത് പല ചാനലിലും പല കാര്യങ്ങളാണ്.ഒരു ചാനലില്‍ പറഞ്ഞു 3 ലക്ഷം ഈ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഇദ്ദേഹത്തിന് കൊടുക്കാനുണ്ടെന്ന്. മറ്റൊന്നിലാകട്ടെ 15 ലക്ഷം ഇവര്‍ ചോദിച്ചിട്ട് കൊടുക്കാത്തത് കൊണ്ട് ഈ സ്ത്രീ ലൈംഗിക ആരോപണം ഉന്നയിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. മെസ്സേജ് അയക്കുമായിരുന്നു എന്നൊക്കെ.. ഇത്രയധികം മാനസിക പീഡനം അദ്ദേഹം അനുഭവിച്ചുവെങ്കില്‍ ആ പെണ്‍കുട്ടിക്കെതിരെ എന്ത്കൊണ്ട് അന്ന് പോലീസില്‍ പരാതിപ്പെട്ടില്ല? കാരണം പെണ്‍കുട്ടി ഭീഷണിപ്പെടുത്തുന്നത് സാധാരണക്കാരനെയല്ല.
ഒരു രാഷ്ട്രീയ നേതാവിനെയാണ്.. ഗുരുതരമായ കുറ്റമാണ്..ഈ പെണ്‍കുട്ടി ഇങ്ങനെ പലരെയും പറ്റിച്ച് കാശ് വാങ്ങാറുണ്ട് എന്ന് ഇപ്പോള്‍ ഇവരെല്ലാം ചാനല്‍ തോറും ഇരുന്ന് വിളമ്പുന്നു. ഇതെല്ലാമറിയുന്ന ഈ ജനപ്രതിനിധി കണ്ണടച്ചിരിക്കുകയായിരുന്നോ? എന്ത്കൊണ്ട് നിങ്ങള്‍ സ്വമേധയാ നടപടി എടുത്തില്ല? അധികാരമുണ്ടായിട്ടും?
2016 ആഗസ്റ്റ് 15-ാം തിയ്യതി ഇറങ്ങിയ മാത്രഭൂമി പത്രത്തില്‍ ഈ പീഡനവാര്‍ത്ത അച്ചടിച്ചു വന്നിരുന്നു. ജയന്തനുള്‍പ്പെടെ നാല് പേരുടെ പേര് സഹിതം. എന്ത്കൊണ്ട് ജയന്തന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തില്ല?.. ഇനിയുമുണ്ട് ഒരുപാട് ദുരൂഹതകള്‍.
ജയന്തന്‍ പറയുന്നതാണ് സത്യമെങ്കില്‍ അത് തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ആവശ്യവുമാണ്. ഒരു ജന പ്രതിനിധി എന്ന നിലയില്‍… ആ നാല് പേരും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.. മറിച്ച് പെണ്‍കുട്ടി ഉണ്ടാക്കിയ കെട്ടുകഥയാണെങ്കില്‍ പെണ്‍കുട്ടിയും ശിക്ഷിക്കപ്പെടണം. ഒരു കുറ്റവാളിയും രക്ഷപ്പെടരുത് എന്നാണ് എന്റേയും ആഗ്രഹം.. ഈ വിഷയത്തില്‍ സമൂഹവും മാധ്യമങ്ങളും ജയന്തനെ കുറപ്പെടുത്തുന്നത് ഞാന്‍ ഇടപെട്ടത് കൊണ്ടല്ല, മറിച്ച് ഇതൊരു ബലാത്സംഗമായത് കൊണ്ടാണ്.. കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത് ഒരു ജന പ്രതിനിധിക്കെതിരെയാണ് സ്വാഭാവികമായും എല്ലാവരും ഇരയെന്ന് കരുതുന്ന വ്യക്തിയോടൊപ്പമേ നില്‍ക്കൂ.. അതങ്ങനെയാണ്… ഇങ്ങനെയൊരു വെളിപ്പെടുത്തലിലൂടെ മാത്രമേ സത്യം തെളിയൂ. എന്നെനിക്ക് തോന്നി.
നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന് തന്നെയാണ് എന്റെയും ആവശ്യം… 2016 ആഗസ്റ്റില്‍ ഈ പീഡന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഇന്ന് കാണിക്കുന്ന ഗൗരവം കാണിക്കാത്തത് ആര് ചെയ്ത തെറ്റാണ്? മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചതായി എനിക്ക് തോന്നുന്നില്ല… എന്നെ കുറ്റപ്പെടുത്തുന്നവര്‍ക്ക് വേണ്ടിയാണിത് എഴുതിയത്.