ലോസ് ഏഞ്ചല്‍സ്: ഒന്നര ലക്ഷം രൂപയില്‍ ആരംഭിച്ച കൊച്ചു ബിസിനസ്സ് സ്വപ്‌നങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 1700 കോടി വാര്‍ഷിക വരുമാനമുള്ള കമ്പനിയായി മാറുക എന്നത് പലര്‍ക്കും ഒരു കെട്ടുകഥയായി തോന്നാം. എന്നാല്‍ സംഭവം സത്യമാണ്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് സ്വദേശിയായ ജെസീക്ക ക്ലിസോയ് എന്ന 51 വയസ്സുകാരിയാണ് ഈ അത്ഭുത നേട്ടത്തിനുടമ.1990 ലാണ് ജെസീക്കയുടെ ജീവിതത്തിനെ വഴിതിരിച്ച് വിട്ട് ആ സംഭവമുണ്ടായത്. ഗര്‍ഭിണിയായിരുന്ന ജെസീക്ക ഒരു കുഞ്ഞിനെ പ്രസവിച്ചു. തന്റെ കുട്ടിയുടെ പരിപാലന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനിടയിലാണ് അക്കാലത്ത് വിപണിയില്‍ നില നിന്നിരുന്ന ബേബി കെയര്‍ ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെ കുറിച്ച് ജെസീക്ക വായിക്കാന്‍ തുടങ്ങിയത്.എന്തു മാത്രം വിഷാംശം നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയ യുവതി പുസ്തകങ്ങളിലൂടെ കണ്ടെത്തിയ അറിവ് വെച്ച് തന്റെ കുട്ടിക്കായി പൂര്‍ണ്ണമായും പ്രകൃതിദത്തമായ ഷാംപു സ്വന്തം അടുക്കളയില്‍ ഉണ്ടാക്കി. ഇത് നിരന്തരം ഉണ്ടാക്കുവാന്‍ തുടങ്ങിയതോടെ എന്തുകൊണ്ട് ഇത് വിപണിയില്‍ ഇറക്കിക്കൂട എന്ന് യുവതി ചിന്തിച്ചു. ഇത്ര മാത്രം വിഷമയമായ പൗഡറുകളും ഷാംപുകളുമുള്ള വിപണിയില്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനാവുമെന്ന് ജെസീക്ക ഉറച്ചു വിശ്വസിച്ചു.അമ്മയോട് പൈസ കടം വാങ്ങി ജെസീക്ക തന്റെ പ്രകൃതി ദത്ത ഷാംപുവിന്റെ ഉത്പാദനം വിപുലമാക്കാന്‍ തീരുമാനിച്ചു. മകളുടെ കച്ചവട തന്ത്രങ്ങളില്‍ അമ്മയ്ക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നില്ലെങ്കിലും പണം കടം കൊടുക്കുവാന്‍ അമ്മ തയ്യാറായി. അങ്ങനെ അമ്മയില്‍ നിന്നും വാങ്ങിയ 2000 ഡോളറിന്റെ (ഒന്നരലക്ഷം രൂപ) മുതല്‍ മുടക്കില്‍ ആരംഭിച്ച ജെസീക്കയുടെ ‘കാലിഫോര്‍ണിയ ബേബി’ എന്ന കമ്പനി ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ കൊണ്ട് വളരെ പെട്ടെന്ന് വിപണിയില്‍ അതിന്റെതായ സ്ഥാനം നേടിയെടുത്തു. ഇന്ന് വാള്‍മാര്‍ട്ട്, വോള്‍ ഫുഡ്‌സ്, ടാര്‍ഗറ്റ് അടക്കമുള്ള അമേരിക്കയിലെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഉള്ളില്‍ വരെ കാലിഫോര്‍ണിയ ബേബിക്ക് സ്റ്റാളുകളുണ്ട്. ഫോര്‍ബ്‌സ് റിയല്‍ ടൈം നെറ്റ്‌വര്‍ക്കിന്റെ 2016 ലെ കണക്കനുസരിച്ച് ജെസീക്കയുടെ കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് 260 മില്ല്യണ്‍ ഡോളറാണ്. അതായത് ഏകദേശം 1700 കോടി രൂപ.