![](https://dailyindianherald.com/wp-content/uploads/2016/02/jell.jpg)
ക്രൈം റിപ്പോര്‍ട്ടര്‍
കോട്ടയം: നഗരമധ്യത്തിലെ ജ്വല്ലറിക്കുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വെടിയുതിര്‍ത്ത ശേഷം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്കു ഏഴുവര്‍ഷം കഠിന തടവും 45000 രൂപ പിഴയുമാണ് കോട്ടയം അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് ഒന്ന് കോടതി ജഡ്ജി പി. രാഗിണി വിധിച്ചത്. കോട്ടയം നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളായ ഇടപ്പള്ളി പോണേക്ക കുരിശങ്കല്‍ മനോജ് സേവ്യര്‍ (39), രണ്ടാം പ്രതി, മനോജിന്റെ ശാന്തമ്പാറയിലെ ഏലത്തോട്ടത്തിലെ തൊഴിലാളി തമിഴ്നാട് തേവാരം സ്വദേശി മുരുകേശന് എന്നിവരെയാണു ഉത്തരവായത്.കേസിലെ മറ്റു പ്രതികളും നോജിന്റെ സുഹൃത്തുമായ ബിജു ജോസഫ്, മനോജിനു തോക്ക് നിര്‍മിച്ചു നല്കിയ രാഘവന് ആചാരി എന്നിവരെ കോടതി വെറുതേ വിട്ടു.
കവര്‍ച്ച നടത്തിയതിനു ഏഴു വര്‍ഷം കഠിന തടവും 10000 രൂപയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം. ഭവനഭേദനത്തിനു അഞ്ചു വര്‍ഷം കഠിന തടവും 10000 രൂപയുമാണ് ശിക്ഷ, പിഴയൊടുക്കിയില്ലെങ്കില്‍ നാലു മാസം കൂടി ശിക്ഷ അനുഭവിക്കണം. ആയുധം കൈവശം വച്ചതിനു മൂന്നു വര്‍ഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷകള്‍ എല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും.
ശിക്ഷാ വിധി കേട്ട ശേഷം പുറത്തിറങ്ങിയ മനോജിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമഫോട്ടോഗ്രാഫര്മാരെയും പോലീസിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. തന്റെ ചിത്രം പത്രങ്ങളില്‍ വന്നാല്‍ നിങ്ങള്‍ അനുഭവിക്കുമെന്നായിരുന്നു മനോജിന്റെ ഭീഷണി. ഇതേത്തുടര്‍ന്നു ഈസ്റ്റപോലീസ് സ്റ്റേഷനില്‍ നിന്നു കൂടുതല്‍ പോലീസെത്തിയാണ് പ്രതിയെ ജയിലിലേക്കു മാറ്റിയത്.
2011 ജൂലൈ ഏഴിന് ഉച്ചയ്ക്ക് 12.50നായിരുന്നു കേസിനാസ്പദമായ സംഭവം. മഴക്കോട്ട് ധരിച്ച് ജുവലറിയിലേക്ക് ഓടിയെത്തിയ മുരുകന് വെടിയുതിര്‍ക്കുകയും മനോജ് സ്വര്‍ണാഭരണങ്ങള്‍ വാരിയെടുക്കുകയുമായിരുന്നു. മാനേജരുടെ കഴുത്തില്‍ തോക്കുചൂണ്ടി നിര്‍ത്തിയായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ തറയിലേക്കു വെടിയുതിര്‍ത്തു ഭീതി പടര്‍ത്തി മനോജും മുരുകനും സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി കുമരകം ഭാഗത്തേക്കു പോയി.
ചാലുകുന്നില്‍ ബൈക്കില്‍ നിന്നിറങ്ങിയ മുരുകന് ഇതുവഴിയെത്തിയ കുമരകം ബസില്‍ കയറി. മുരുകന്റെ പരിഭ്രാന്തി കണ്ട യാത്രക്കാരനായ ഷിജോ മാത്യു എന്ന വിദ്യാര്‍ഥി പോലീസിനെ അറിയിക്കുകയും കുമരകത്തുനിന്നു പിടികൂടുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കവര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായത്. പിറ്റേന്ന് മനോജിനെയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു പ്രതികളെയും പിടികൂടി.
ഏഴരക്കിലോയോളം സ്വര്‍ണമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. വെസ്റ്റ് സി.ഐമായിരുന്നു ജി. വേണു, എ.ജെ. തോമസ് എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിലെത്തിച്ചത്. ആകെ 115സാക്ഷികളില്‍ 65 സക്ഷികളെ വിസ്തരിച്ചു. പ്രോസിക്യുഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. രഞ്ജിത് ജോണ്‍ ഹാജരായി.