കത്തോലിക്കാ സഭയുടെ നിലപാടുകളെ വിമര്‍ശിച്ച് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്

കത്തോലിക്കാ സഭയിലെ വൈദീകരുടേയും സഭാ നേതൃത്വത്തിന്റെയും സമീപകാല നിലപാടുകളെ വിമര്‍ശിച്ച് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്.

സഭയ്ക്ക് അധികാരത്തിന്റെയും ആധിപത്യത്തിന്റെയും സ്വരം മാറ്റിവയ്ക്കണമെങ്കില്‍ അതു ചെയ്യണമെന്നും മാറ്റം എന്ന വാക്കു തന്നെ സഭയില്‍ ചിലര്‍ക്കു പേടിയാണെന്നും ജോണി ലൂക്കോസ് പറഞ്ഞു. സത്യദീപം നവതി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ കത്തോലിക്കാ മാധ്യമങ്ങളിലെ എഡിറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച സിംപോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ജോണി ലൂക്കോസ് സഭയെ സംബന്ധിച്ച നിലപാട് തുറന്ന് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈയേറ്റത്തിന് കുരിശുപയോഗിച്ചതിനെ തള്ളികളയാന്‍ എന്താണ് തടസ്സമെന്ന് ജോണി ലൂക്കോസ് തന്റെ പ്രബന്ധത്തിലൂടെ ചോദിക്കുന്നു.
ശരിയായ സന്ദേശം ശരിയായ സമയത്തുതന്നെ സഭ കൊടുക്കുന്നുണ്ടോ എന്ന സംശയമാണ് ഈയിടെയായി എനിക്കുള്ളത്.

ഈയടുത്ത് മൂന്നാറില്‍ ഒരു കുരിശുപൊളിച്ചു മാറ്റിയ കാര്യം തന്നെയെടുക്കാം. അതു പ്രഥമദൃഷ്ട്യാ ന്യായീകരിക്കാന്‍ കഴിയാത്ത ഒന്നാണെങ്കില്‍ അങ്ങനെതന്നെ പറയാന്‍ എന്താണു തടസ്സം എന്നു എന്റെ സാമാന്യ ബുദ്ധിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. കുരിശ് ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രതീകമാണ്.

ബാബ് റി മസ്ജിദ് തകര്‍ത്തപ്പോള്‍ അതു മുസ്ലീങ്ങളുടെ മനസ്സിനെ ബാധിച്ചതുപോലെ കുരിശ് തകര്‍ക്കപ്പെടുന്നതു കാണുമ്പോള്‍ ക്രിസ്ത്യാനിക്കുണ്ടാവുന്ന വികാരം സര്‍ക്കാരിനു വിനയാകുമോ എന്ന രാഷ് ട്രീയ ചിന്ത പിണറായി വിജയന് ഉണ്ടാകുന്നത് മനസ്സിലാക്കാം. പ ക്ഷെ അനധികൃതമായി സ്ഥാപിച്ചതാണെങ്കില്‍, ഭൗതികമായ നേട്ടത്തിനു വേണ്ടി കുരിശ് എന്ന ചിഹ്നത്തെ ദുരുപയോഗപ്പെടുത്തിയതാണെങ്കില്‍ അതിനെ ഞങ്ങള്‍ അനുകൂലിക്കില്ല എന്ന ശക്തമായ സന്ദേശം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ സഭാ നേതൃത്വം പരാജയപ്പെടുകയാണെന്നേ ഞാന്‍ പറയൂ.

ക്രിസ്തുവിന്റെ ത്യാഗത്തിന്റെ പ്രതീകമല്ലാത്ത കുരിശ് ഒരു മരപ്പലകയോ കോണ്‍ക്രീറ്റ് കഷ്ണമോ മാത്രമേ ആകുന്നുള്ളൂ. കുരിശ് സ്ഥാപിച്ചിടം കൈയ്യേറിയ ഭൂമിയാണെങ്കില്‍ ചെയ്തത് അനധികൃതമായാണെങ്കില്‍ അങ്ങനെയൊരു കുരിശുകൊണ്ട് ക്രൈസ്തവ സഭ വളരേണ്ട ആവശ്യമില്ല എന്നുതന്നെ പറയാന്‍ നമുക്കു കഴിയണം. കയ്യേറ്റത്തെ കുരിശിന്റെ മറവില്‍ ന്യായീകരിക്കേണ്ട ഒരാവശ്യവും നമുക്കില്ലെന്നും ജോണി ലൂക്കോസ് പറഞ്ഞു.

 

പ്രബന്ധത്തിന്റെ പൂര്‍ണ്ണരൂപം

ഫ്രാന്‍സിസ് പാപ്പയുടെ പുതിയകാല പ്രബോധനങ്ങള്‍ അനുസരിച്ച് യേശുവിനെ കൂടുതല്‍ ഫലപ്രദമായി എങ്ങനെ ലോകത്തിനു നല്‍കാം എന്ന ചിന്തയാണ് നമുക്കു വേണ്ടത്. ഇക്കാര്യത്തില്‍ മാര്‍പാപ്പ നല്‍കുന്ന ചില അടയാളങ്ങളും തുറവിയുടെ സന്ദേശങ്ങളുമുണ്ട്. അവ ഉള്‍ക്കൊള്ളാന്‍ നമുക്കു പറ്റുമോ എന്നതാണ് ആദ്യത്തെ ചോദ്യം. അടിസ്ഥാനപ്രമാണങ്ങളിലേക്കും നിലപാടുകളിലേക്കും മടങ്ങുകയല്ലാതെ കത്തോലിക്കാ സഭയുടെ മുമ്പിലെന്താണു വഴി എന്ന് എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല. കമ്പോള മൂല്യം അനുസരിച്ച് പ്രമാണങ്ങള്‍ മാറ്റാവുന്ന ഒരു കോര്‍പ്പറേറ്റു സ്ഥാപനമല്ലല്ലോ സഭ.

മാര്‍പാപ്പയുടെ ചില നിലപാടുകള്‍ നോക്കുക. സ്വവര്‍ഗ വിവാ ഹം അനുവദിക്കും എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷെ അവരെക്കുറിച്ച് വളരെ ആര്‍ദ്രമായ മനസ്സോടുകൂടി മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ. സ്ത്രീകള്‍ക്കു പൗരോഹിത്യം നല്‍കുമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ സ്ത്രീകളുടെ പദവി ഇനിയും ഉയരണം എന്നു അദ്ദേഹം പറയുന്നുണ്ട്. കത്തോലിക്കാ ദൈവത്തെക്കുറിച്ച് അറിയില്ല എന്ന് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. അതിനര്‍ത്ഥം ദൈവം ഒന്നേയുള്ളൂ എന്നു എടുത്താല്‍ മതി. നിരീശ്വരവാദിയായ ഒരാള്‍ക്ക് സ്വര്‍ഗത്തില്‍ പോകാമോ? എന്ന ചോദ്യം നാം പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. സത്യദൈവത്തെ അറിഞ്ഞിട്ടും അതു നിഷേധിക്കുന്ന ഒരാളെ സംബന്ധിച്ച് ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്. എന്നാല്‍ നിരീശ്വരവാദമാണു ശരി എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും മനഃസാക്ഷിയനുസരിച്ച് ജീവിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാള്‍ മരിച്ചാല്‍ ഒരുപക്ഷെ നശിക്കുകയില്ല എന്നു പാപ്പ പറഞ്ഞതിന് അര്‍ത്ഥമുണ്ട്. അതിനെ നാം ധിക്കരിക്കേണ്ട ആവശ്യമില്ല. ദൈവം ഒരു മഹാകരുണയാണെന്നും അതു നാം കാണണം എന്നതാണ് ഇതിന്‍റെ പൊരുള്‍ എന്നു നമ്മുടെ പിതാക്കന്മാര്‍തന്നെ വിശദീകരിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ കത്തോലിക്കാ സഭയ്ക്ക് വലിയ ശക്തിയും ആധിപത്യവും ഉണ്ടായിരുന്ന ഇരുണ്ട കാലഘട്ടങ്ങളിലെ അസഹിഷ് ണുതകളിലേക്ക് നമ്മള്‍ പോകരുത് എന്നാണ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നത്. ഭാവി സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ഇതാണ്. വത്തിക്കാനില്‍ കൊട്ടാരസദൃശ്യമായ ഭവനം ഉപേക്ഷിച്ച മാര്‍പാപ്പ അതുവരെ കൊട്ടാരത്തില്‍ താമസിച്ച എല്ലാ മാര്‍പാപ്പമാരും ചെയ്തതു ശരിയല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു എന്നു നാം വ്യാഖ്യാനിക്കേണ്ടതില്ല. അതിലൂടെ അദ്ദേഹം ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിച്ചിരിക്കാം. മാര്‍പാപ്പയുടെ ജീവിതത്തിലാകെ ഈ അനൗപചാരികതയുടെ അംശമുണ്ട്. അനൗപചാരികത ഒരു തുറവിയാണ്. പുറത്തേക്കിറങ്ങുക എന്ന സന്ദേശമാണത്. അനൗപചാരികമായാല്‍ ഹുമാന്യത കുറയുന്നുണ്ടോ എന്നു ചിലര്‍ സംശയിക്കാം. ഞങ്ങളുടെ ചെറുപ്പത്തില്‍ മെത്രാന്‍ വന്നിരുന്നത് ഇംപാല കാറിലായിരുന്നു. മെത്രാനേക്കാള്‍ കൂടുതല്‍ താത്പര്യം ഇംപാല കാര്‍ കാണാനായിരുന്നു. മെത്രാന്‍ വന്ന കാര്‍ കാണാനായിരുന്നു കൂടുതല്‍ താത്പര്യം. മെത്രാന്‍റെ വരവിലും പോക്കിലുമൊക്കെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ചില ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിലൊക്കെ ഔപചാരികതയുടെ അംശം ചൂഴ്ന്നു നിന്നിരുന്നു. ഈ ഔപചാരികത വിട്ട് പുറത്തേക്ക് ഇറങ്ങുക എന്ന പാപ്പയുടെ സന്ദേശം സഭയുടെ രൂപപരിണാമത്തിനു ഉപകരിക്കുന്നതാണ്.

കാലികമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാതെ മുന്നോട്ടു പോകാനാകില്ല. അതിന് അധികാരത്തിന്‍റെയും ആധിപത്യത്തിന്‍റെയും സ്വരം മാറ്റിവയ്ക്കണമെങ്കില്‍ അതു ചെയ്യണം. സഹിഷ്ണുത കാട്ടണം. അതാണ് മാര്‍പാപ്പ ഉദ്ദേശിക്കുന്ന സഭയിലെ രൂപപരിണാമം. എന്നാല്‍ മാറ്റം എന്ന വാക്കു തന്നെ സഭയില്‍ ചിലര്‍ക്കു പേടിയാണ്. എല്ലാം തകര്‍ന്നു പോകും എന്ന ഭയം. എവിടെയെങ്കിലും വിള്ളല്‍ വീണാല്‍ സഭതന്നെ നിലനില്‍ക്കില്ല എന്ന ആശങ്ക മെത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കും കൂടുതലാണ്. അഥവാ അപകടമുണ്ടെങ്കില്‍ കൂടി നമ്മുടെ അനുഷ്ഠാനങ്ങള്‍ കൊണ്ടോ ആരാധനാക്രമം കൊണ്ടോ അതിനെ പിടിച്ചുനിറുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പാരമ്പര്യം കൊണ്ടുപോലും സഭയെ നമുക്ക് ന്യായീകരിച്ചു നിറുത്താന്‍ കഴിയില്ല.

സഭ ഇന്നൊരു സൂപ്പര്‍ സ്ട്രെക്ചറായി വളര്‍ന്നിരിക്കുന്നു. അത്തരത്തില്‍ വളര്‍ന്ന ഈ സഭയെ താങ്ങി നിറുത്താനുള്ള ഉത്തരവാദിത്വമാണ് തനിക്ക് എന്ന ചിന്തയോടുകൂടിയാണ് ഓരോ വൈദികനും ഈ സഭയിലേക്കു കടന്നു വരുന്നത്. അതിനായി ഇടവകയെ എങ്ങനെ ‘കൊമേഴ്സലി വയബിള്‍’ڔആക്കാം എന്നാണ് പല വൈദികരും ചിന്തിക്കുന്നത്. കാരണം ഈ സൂപ്പര്‍ സ്ട്രെക്ചറില്‍ തന്‍റെ ഒരു സംഭാവന വേണമല്ലോ എന്നാണ് ചിന്ത. ദൈവം എന്നെ രക്ഷിക്കുമെന്നല്ല, ഞാന്‍ ദൈവത്തെ രക്ഷിക്കും വലുതാക്കും എന്നാണു ഭാവം. അല്ലാതെ സഭയുടെ അടിസ്ഥാന പ്രമാണം എന്താണ്? ആത്മീയതയാണോ തന്നില്‍ നിന്നാവശ്യപ്പെടുന്നത് എന്നൊന്നും ചിന്തിക്കുന്നില്ല. അങ്ങനെയാണ് ഇന്നു പള്ളിയില്‍ ഇല്ലാത്ത കച്ചവടമില്ല. എന്ന നില വന്നത്. മനുഷ്യരെക്കുറിച്ച് ആലോചിക്കാന്‍ നമുക്ക് സമയം ഇല്ലാതായിരിക്കുന്നു. ഇതല്ല വേണ്ടത്, ഒരു തിരിച്ചുപോക്കാണ് ഭാവി നമ്മോട് ആവശ്യപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ സഭ ഉടനെ ഇല്ലാതാകുമെന്നോ ചുരുങ്ങിപ്പോകുമെന്നോ പേടിക്കാനുള്ള സാഹചര്യം ഇല്ലതാനും.

ശരിയായ സന്ദേശം ശരിയായ സമയത്തുതന്നെ സഭ കൊടുക്കുന്നുണ്ടോ എന്ന സംശയമാണ് ഈയിടെയായി എനിക്കുള്ളത്. ഈയടുത്ത് മൂന്നാറില്‍ ഒരു കുരിശുപൊളിച്ചു മാറ്റിയ കാര്യം തന്നെയെടുക്കാം. അതു പ്രഥമദൃഷ്ട്യാ ന്യായീകരിക്കാന്‍ കഴിയാത്ത ഒന്നാണെങ്കില്‍ അങ്ങനെതന്നെ പറയാന്‍ എന്താണു തടസ്സം എന്നു എന്‍റെ സാമാന്യ ബുദ്ധിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. കുരിശ് ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രതീകമാണ്. ബാബ് റി മസ്ജിദ് തകര്‍ത്തപ്പോള്‍ അതു മുസ്ലീങ്ങളുടെ മനസ്സിനെ ബാധിച്ചതുപോലെ കുരിശ് തകര്‍ക്കപ്പെടുന്നതു കാണുമ്പോള്‍ ക്രിസ്ത്യാനിക്കുണ്ടാവുന്ന വികാരം സര്‍ക്കാരിനു വിനയാകുമോ എന്ന രാഷ് ട്രീയ ചിന്ത പിണറായി വിജയന് ഉണ്ടാകുന്നത് മനസ്സിലാക്കാം. പ ക്ഷെ അനധികൃതമായി സ്ഥാപിച്ചതാണെങ്കില്‍, ഭൗതികമായ നേട്ടത്തിനു വേണ്ടി കുരിശ് എന്ന ചിഹ്നത്തെ ദുരുപയോഗപ്പെടുത്തിയതാണെങ്കില്‍ അതിനെ ഞങ്ങള്‍ അനുകൂലിക്കില്ല എന്ന ശക്തമായ സന്ദേശം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ സഭാ നേതൃത്വം പരാജയപ്പെടുകയാണെന്നേ ഞാന്‍ പറയൂ. ക്രിസ്തുവിന്‍റെ ത്യാഗത്തിന്‍റെ പ്രതീകമല്ലാത്ത കുരിശ് ഒരു മരപ്പലകയോ കോണ്‍ക്രീറ്റ് കഷ്ണമോ മാത്രമേ ആകുന്നുള്ളൂ. കുരിശ് സ്ഥാപിച്ചിടം കൈയ്യേറിയ ഭൂമിയാണെങ്കില്‍ ചെയ്തത് അനധികൃതമായാണെങ്കില്‍ അങ്ങനെയൊരു കുരിശുകൊണ്ട് ക്രൈസ്തവ സഭ വളരേണ്ട ആവശ്യമില്ല എന്നുതന്നെ പറയാന്‍ നമുക്കു കഴിയണം. കയ്യേറ്റത്തെ കുരിശിന്‍റെ മറവില്‍ ന്യായീകരിക്കേണ്ട ഒരാവശ്യവും നമുക്കില്ല.

മറ്റൊരു കാര്യമെടുത്താല്‍ കെ.എം. മാണിയെപ്പോലെ ഒരാള്‍ ബാര്‍ കോഴ കേസില്‍ പെട്ടുവെങ്കില്‍ ഉടനെ നാം വിധി പ്രസ്താവിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ അദ്ദേഹം അതു ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടികള്‍ നേരിടട്ടെ എന്ന നിലപാടു മാത്രമേ സഭയ്ക്കുണ്ടാകാവൂ. കെ.എം. മാണിയായതുകൊണ്ടോ, സഭാംഗം ആയതുകൊണ്ടോ ന്യായീകരിക്കേണ്ട ആവശ്യവും സഭയ്ക്കില്ല. കാരണം, സഭ നിലനില്‍ക്കേണ്ടത് ധാര്‍മ്മികതയിലും യേശുമാര്‍ഗ്ഗത്തിലുമാണ്. സഭയുടെ സ്കൂളുകളില്‍ അധ്യാപകരെ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ ഒപ്പിട്ടു വാങ്ങുന്നതിലും കുറഞ്ഞ തുകയാണ് അവര്‍ക്കു കൊടുക്കുന്നതെങ്കില്‍ ആ ചൂഷണം അവസാനിപ്പിക്കാന്‍ നമുക്കു കഴിയണം. അല്ലെങ്കില്‍ ചൂഷണത്തിന് ഇരയാകുന്ന അവര്‍ സഭയില്‍ നിന്നു മാനസികമായി അകലുകയാണെന്ന ബോധ്യം നമുക്കുണ്ടാകണം. നമ്മുടെ ചില ആളുകളെ രാഷ്ട്രീയത്തിലേക്കും മറ്റു സ്ഥാനങ്ങളിലേക്കും മെത്രാന്മാര്‍ ശിപാര്‍ശ ചെയ്യാറുണ്ട്. അവര്‍ മിക്കപ്പോഴും മെത്രാനു വേണ്ടപ്പെട്ടവരായിരിക്കും. അല്ലാതെ ഏറ്റവും നന്നായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവനുവേണ്ടിയായിരിക്കില്ല മെത്രാന്‍റെ ശിപാര്‍ശ. നമുക്കു മാത്രമല്ല പൊതുസമൂഹത്തിനുതന്നെ മാതൃകയാകുന്ന തരത്തില്‍ ക്രൈസ്തവ സാക്ഷ്യം നല്‍കുന്നവരെയാണ് ഇത്തരത്തില്‍ ശിപാര്‍ശ ചെയ്യേണ്ടത്.

ഏറെക്കാലമായി സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളാണ് വിദ്യാഭ്യാസവും നിര്‍മ്മാണവും. ഇതൊക്കെ ഇനിയും നമുക്കു മതിയായില്ലേ? ഇതു മതിയാക്കിയിട്ട് വേറെ മേഖലകളിലേക്കു കടക്കാന്‍ സമയമായോ എന്നു ആലോചിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഇല്ലാതിരുന്ന സന്യാസ സഭകള്‍ പോലും ഇപ്പോള്‍ അതിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. അതിന്‍റെ അടിസ്ഥാന കാരണം, ഈ സ്ഥാപനങ്ങളിലൂടെ അവര്‍ക്കു കിട്ടുന്ന പ്രശസ്തിയാണ്. പണത്തിനും അപ്പുറമാണ് പ്രശസ്തിയുടെ പ്രലോഭനം. അതിന് അടിപ്പെടുകയാണ്. ചില സ്ഥാപനങ്ങള്‍ രൂപതകള്‍ക്കു വിട്ടുകൊടുത്തത് ഈശോസഭയാണ്. എം.എസ്.ജെ. സിസ്റ്റേഴ്സ് ചില ആശുപത്രിക ളും ഇങ്ങനെ വിട്ടുകൊടുത്തിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഉടമസ്ഥത ഉപേക്ഷിച്ചു മാതൃകയാവാന്‍ നമുക്കു കഴിയുമോ? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി നമുക്കുണ്ടാകുന്ന സ്വാധീനത എന്നത്, അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ സഭയോടും സ്ഥാപനങ്ങളോടും പുലര്‍ത്തുന്ന മാനസികബന്ധത്തില്‍ നിന്നുള്ളതാണ് എന്നു വിചാരിക്കുന്നെങ്കില്‍ അങ്ങനെയല്ല എന്നെനിക്കു തോന്നിയിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അവര്‍ ആവശ്യപ്പെടുന്ന പണം കൊടുത്ത് സാധനം വാങ്ങുന്നവര്‍ക്ക് എന്തു മാനസിക അടുപ്പമാണ് അതു വാങ്ങിയ സ്ഥലത്തോടുള്ളത്. ഈ മനോഭാവമാണ് നമ്മുടെ സ്ഥാപനങ്ങളോട് പലര്‍ക്കുമുള്ളത്.
മദ്യപാനം വലിയൊരു സാമൂഹിക വിപത്താണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ മദ്യപാനം ക്രൈസ്തവ സമൂഹത്തില്‍ തന്നെ കുറയ്ക്കാന്‍ കഴിയാത്ത നമ്മള്‍ മദ്യത്തിനെതിരെ നടത്തുന്ന സമരങ്ങള്‍ക്ക് എത്രത്തോളം ആര്‍ജ്ജവമുണ്ട് എന്ന ചോദ്യം നേരിടേണ്ടതാണ്. ഞങ്ങള്‍ക്ക് അതു ചെയ്യാന്‍ കഴിയില്ല, പക്ഷെ സര്‍ക്കാര്‍ അതു ചെയ്യണം എന്ന വാശിയിലാണു നമ്മള്‍. ഈ വൈരുധ്യം കാണാതെ പോകരുത്. കുടുംബാസൂത്രണത്തിന് കത്തോലിക്കാ സഭ എത്രയോ കാലങ്ങളായിട്ട് എതിരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സഭയുടെ പ്രബോധനം ഉള്‍ക്കൊള്ളുന്ന എത്ര കത്തോലിക്കാ കുടുംബങ്ങള്‍ ഉണ്ട്? വിശ്വാസികള്‍ അവരുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മറിച്ചാണു ചിന്തിക്കുന്നതെങ്കില്‍ സഭയുടെ വിശ്വാസപരിസരത്തുനിന്നു തന്നെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയേണ്ടതല്ലേ?

ഇനി കുറച്ചു പ്രശ്നമുള്ള മേഖലയിലേക്കു ഞാന്‍ കടക്കുകയാണ്. കത്തോലിക്കാ സഭയെ സംബന്ധിച്ച് അതിന്‍റെ അടിസ്ഥാന ശിലയാണ് വൈദികസമൂഹം. അവരെ ദുര്‍ബലമാക്കി സഭയെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ആരാണ് നല്ല വൈദികന്‍ എന്നതിനെക്കുറിച്ച് നമുക്ക് സുതാര്യവും ക്രൈസ്തവുമായ കാഴ്ചപ്പാടുണ്ടാകണം. നല്ല അജപാലകന് നാം നല്‍കുന്ന നിര്‍വചനം എന്താണ്? തിളങ്ങുന്ന കുപ്പായമിടുന്ന അച്ചനാണോ, വചനം പറഞ്ഞ് ബഹളം വയ്ക്കുന്ന അച്ചനാണോ, ചാനല്‍ ചര്‍ച്ചയില്‍ എതിരാളിയെ അടിച്ചിരുത്തുന്ന അച്ചനാണോ, വലിയ പള്ളി പണിയുന്ന അച്ചനാണോ? ഒരു നല്ല അച്ചന്‍റെ നിര്‍വചനം ഇപ്പറഞ്ഞതൊക്കെ ആണെങ്കില്‍ എവിടെയാണ് ആത്മീയമായ ഗുരുവിന്‍റെ സ്ഥാനം? പുരോഹിതന്മാരുടെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച നിര്‍വചനങ്ങളില്‍ ഒന്ന് ഇങ്ങനെയാണ് – ‘പുരോഹിതര്‍ ആഴങ്ങളില്‍ മനുഷ്യകുലത്തിന്‍റെ പുരോഹിതനായ ക്രിസ്തുവിനെപ്പോലെ ആക്കപ്പെടാന്‍ ദൈവജനപദവികളില്‍ നിന്നു വലിച്ചെടുക്കപ്പെട്ടവനാണ്’ അതായത് പദവികള്‍ വഹിക്കുന്നതിലല്ല, അതു ഉപേക്ഷിക്കുന്നതിലാണ് ഒരു വൈദികന്‍റെ മഹത്ത്വം കാണേണ്ടത്. ഒരു പുരോഹിതന്‍ ഭൗതികമായി ഒരു സജീവ സ്മാരകം പോലും ഈ ലോ കത്ത് അവശേഷിക്കരുത് എന്ന സങ്കല്‍പം വൈദിക ബ്രഹ്മചര്യത്തിനു പിന്നിലുണ്ട്. ഇപ്പോള്‍ വിവിധ സ്ഥാനങ്ങളില്‍ ഇരുന്ന് സേവനം ചെയ്യുന്ന വൈദികരെ കുറച്ചു കാണുകയല്ല. പക്ഷെ ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യവത്കരണമാണ് വൈദിക ശുശ്രൂഷയുടെ അന്തസത്ത.

നമ്മുടെ ചില രൂപതകളില്‍ ഏറ്റവും നല്ല ഇടവകകള്‍ വിലയിരുത്തി അവിടത്തെ വൈദികന് ഒരു ലക്ഷം രൂപയും വിദേശയാത്രയും സമ്മാനമായി നല്‍കുന്ന സ്കീമുണ്ടെന്നു കേള്‍ക്കുന്നു. ഇതു ശരിയാണോ എന്ന് എനിക്കറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അതു നല്‍കുന്ന സന്ദേശം നല്ലതല്ല. പൂന സെമിനാരിയിലെ ഒരു കോഴ്സിന്‍റെ പേരുതന്നെ പാസ്റ്ററല്‍ മാനേജുമെന്‍റ് എന്നാണ്. ടെക് നോളജി കൈകാര്യം ചെയ്യുന്നവര്‍ക്ക് മേല്‍ക്കൈ കിട്ടുന്ന കാലമാണ്. ടെക്നോളജി അറിയാമെങ്കില്‍, മാനേജുമെന്‍റ് അറിയാമെങ്കില്‍, നേതൃത്വഗുണമുണ്ടെങ്കില്‍ ദര്‍ശനത്തില്‍ മാത്രമല്ല പ്രയോഗത്തില്‍ പോലും ആത്മീയത ആവശ്യമില്ല എന്നു കരുതുന്ന ഒരു വൈദിക സമൂഹമാണ് സഭയെ കാത്തിരിക്കുന്നതെങ്കില്‍ ഈ സഭയുടെ രൂപപരിണാമങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതുണ്ട്.
എന്‍റെ അടുത്തു തന്നെയുള്ള വളരെ സജീവമായ ഇടവക സമൂഹമുള്ള ഒരു പള്ളിയില്‍ കഴിഞ്ഞ ക്രിസ്മസിന് അയ്യായിരത്തിലേറെ നക്ഷത്രങ്ങള്‍ തെളിച്ചു. ജാതിമതഭേദമേന്യ പള്ളിയില്‍ എത്തിയവര്‍ക്കൊക്കെ സാരി വിതരണം ചെയ്തു. അയ്യായിരമോ പതിനായിരമോ സാരികള്‍. ഇതു ശീമാട്ടി പോലുള്ള ഒരു സ്ഥാപനത്തിന്‍റെ വിപണനതന്ത്രം പോലെയാണ്. എന്‍റെ പള്ളിയില്‍ അയ്യായിരം സാരി വിതരണം ചെയ്യുന്നതിനെ ന്യായീകരിക്കാനുള്ള മനസ്സ് ഒരു ക്രൈസ്തവനെന്ന നിലയില്‍ എനിക്കില്ല. ആ പള്ളി വലിയ തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളായി ആ വൈദികന്‍ വിലയിരുത്തപ്പെട്ടേക്കാം. പക്ഷെ ആ വിലയിരുത്തല്‍ മാനദണ്ഡമാണോ നമുക്കു വേണ്ടത് എന്ന ചോദ്യം വളരെ പ്രസക്തമാണ്.

സ്കൂള്‍ പ്രിന്‍സിപ്പലായ ഒരു വൈദികന്‍. അദ്ദേഹം അഹങ്കാരത്തിന്‍റെ ആള്‍രൂപമാണെന്ന് എന്നോടു മറ്റു വൈദികര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ അച്ചന്‍റെ സ്വഭാവത്തെക്കുറിച്ച് പരാതി പറഞ്ഞ അദ്ധ്യാപികയെ ആ സ്കൂളില്‍ നിന്നു പുറത്താക്കി. ഈ അച്ചന്‍ പിന്നീട് മറ്റൊരു അദ്ധ്യാപകയുടെ കൂടെ ജീവിക്കാന്‍ വൈദികവൃത്തി തന്നെ ഉപേക്ഷിച്ചു. അച്ചനെക്കുറിച്ച് ഒരു അദ്ധ്യാപിക പരാതിപ്പെട്ടപ്പോള്‍ അച്ചനു യാതൊന്നും സംഭവിക്കാതിരിക്കുകയും അദ്ധ്യാപികയ്ക്ക് സ്ഥാപനത്തില്‍ നിന്നു പുറത്തു പോകേണ്ടിവരികയും ചെയ്യുന്ന അധികാര ഘടനയെയാണ് ഞാന്‍ ഭയപ്പെടുന്നത്, അല്ലാതെ ആ അച്ചന്‍റെ സ്വഭാവത്തെയല്ല. ഇത്രയും അച്ചന്മാരുള്ള ഒരു സമൂഹത്തില്‍ ഒന്നോ രണ്ടോ പത്തോ അമ്പതോ അച്ചന്മാര്‍ക്ക് മാര്‍ഗഭ്രംശം സംഭവിച്ചാല്‍ അച്ചന്മാരെ അടച്ചാപേക്ഷിക്കാനൊന്നും ഞാനില്ല. ക്രിമിനല്‍വാസനയൊക്കെ ഏതു സമൂഹത്തിലും ആദ്യം മുതല്‍ ഉള്ളതാണ്. എന്നാല്‍ സഭയുടെ അധികാരഘടന പരാതി പറഞ്ഞ അദ്ധ്യാ പികയെ വീഴ്ത്തുകയും അധികാര സ്ഥാനത്തുള്ള അച്ചനെ വാഴ്ത്തുകയും ചെയ്യുന്നതാണെങ്കില്‍ ആശങ്കപ്പെടേണ്ടതുണ്ട്. പലപ്പോഴും തന്‍റെ സ്കൂളില്‍ കുരുത്തക്കേടു കാണിക്കുന്നവനെ അപ്പോള്‍ത്തന്നെ പറഞ്ഞുവിടും എന്നു പറയുന്നതാണ് അച്ചന്മാരുടെ നേതൃത്വഗുണമായി കാണുന്നത്. വഴിതെറ്റിപ്പോയ കുഞ്ഞാടിനെ നേരായ മാര്‍ഗ്ഗത്തിലേക്കു നയിക്കണമെന്നു പഠിപ്പിക്കുന്ന യേശുവിന്‍റെ സഭയിലെ അച്ചന്മാര്‍ പറയുന്നതാണിത്.

കൊട്ടിയൂരിലെ പീഡന കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുഞ്ചേരി ഒറ്റദിവസം കൊണ്ട് കത്തോലിക്കാ സഭയില്‍ മുളച്ചു പൊങ്ങിയതല്ല. ഇപ്പോള്‍ ചില കന്യാസ്ത്രീകള്‍ ഞങ്ങളോടു പറയുന്നുണ്ട് അവര്‍ക്ക് ഇതൊക്കെ നേരത്തേ അറിയാമായിരുന്നുവെന്ന്. കേരളത്തിനു പുറത്തും വിദേശത്തും അച്ചന്‍ കുട്ടികളെ പഠിക്കാന്‍ വിട്ടിരുന്നു. പ്രവേശനം മാത്രമല്ല, അവര്‍ക്ക് ജോലിവരെ അച്ചന്‍ വാങ്ങിക്കൊടുത്തിരുന്നു. എല്ലാവര്‍ക്കും സന്തോഷം. അവര്‍ അറിയാതെ അവരുടെ പേരില്‍ അച്ചന്‍ വായ്പയെടുത്തിരുന്നതു പോലും ആരും അറിഞ്ഞിരുന്നില്ല. അച്ചന്‍റെ സ്വഭാവത്തെപ്പറ്റി സൂചനകള്‍ മുമ്പേ കിട്ടിയിട്ടും സഭയുടെ അധികാരികള്‍ ശ്രദ്ധിച്ചില്ല.

നമ്മുടെ സഭയില്‍ ഇതുപോലൊരു അച്ചന് ഇത്രയും വളരാന്‍ കഴിഞ്ഞത്, ഇത്രയും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത് ഈ സഭ നേരിടുന്ന വലിയ പ്രശ്നത്തിന്‍റെ ചൂണ്ടുപലകയാണ്. അച്ചന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് ഞാന്‍ പറയുന്നില്ല. പക്ഷേ, ഏറെ സൂചനകള്‍ ആദ്യം മുതല്‍ ഉണ്ടായിട്ടും എങ്ങനെ ഇത്രയും ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കാന്‍ നമ്മുടെ സഭയില്‍ ഒരു അച്ചനു കഴിഞ്ഞു? ഓരോ പദവികളില്‍ നിന്നും അടിവച്ചടിവച്ച് കയറ്റം എങ്ങനെയുണ്ടായി? രൂപതയ്ക്കും സ്ഥാപനങ്ങള്‍ക്കും സ്വത്ത് ഉണ്ടാക്കികൊടുക്കാന്‍ കഴിയുമെങ്കില്‍, അധികാരം സ്ഥാപിക്കാന്‍ പറ്റുമെങ്കില്‍, അതിനുള്ള പ്രതാപവും പ്രശസ്തിയുമൊക്കെ ഉണ്ടെങ്കില്‍ ഈ സഭയും പിതാക്കന്മാരും ഒന്നുമല്ല എന്നു തെളിയിക്കാന്‍ ആ അച്ചനു കഴിഞ്ഞു. അങ്ങനെ ഒരു വൈദികന്‍ വളരാനുള്ള സാഹചര്യം ഈ സഭയില്‍ ഉണ്ടാകാന്‍ പാടില്ല. ആദ്യം മുതലേ ഈ അച്ചന്‍റെ സ്വഭാവത്തെക്കുറിച്ച് സഭാധികാരികളില്‍ ചിലര്‍ക്കെങ്കിലും അറിയാമായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇങ്ങനെയുള്ളവരെ വളര്‍ത്തുന്ന സാഹചര്യം എന്‍റെ കത്തോലിക്കാ സഭയില്‍ ഉണ്ടാകില്ല എന്നു തോന്നുമ്പോഴേ ഒരു നല്ല ക്രൈസ്തവന് സഭയോട് ചേര്‍ന്നു നില്‍ക്കാനാവൂ.

ചുരുക്കി പറഞ്ഞാല്‍, ഇരുണ്ട കാലങ്ങളിലെ അസഹിഷ്ണുതകളിലേക്കു നാം തിരിച്ചുപോകാതിരിക്കുക. ക്രൂശിതനായ ക്രിസ്തുവിനെയാണോ സിംഹാസനത്തിലിരിക്കുന്ന ക്രിസ്തുവിനെയാണോ പ്രതീകമായി നാം കാണുന്നതെന്ന തീരുമാനത്തിലെത്തുക. സഭയുടെ ധാര്‍മ്മിക ശക്തി എവിടെപ്പോയി എന്ന് അന്വേഷിക്കുക. അതു തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുക. ആത്യന്തികമായി സഭയുടെ ദൗത്യം മനുഷ്യര്‍ക്ക് സാന്ത്വനം പകരുക എന്നതാണെന്ന് ഓര്‍മ്മിക്കുക.

Top