കാലാവധി കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറിയുടെ പുനര്‍നിയമന നീക്കം ; ഐഎഎസ്-ഐപിഎസ് പ്രതിഷേധം ശക്തം

തിരുവനന്തപുരം : കാലാവധി കഴിഞ്ഞിട്ടും ജിജി തോംസണെ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഐ.എ.എസ് – ഐ.പി. എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതായി റിപ്പോര്‍ട്ട് .റിട്ടയര്‍മെന്റ് ആയതിനുശേഷം ഒരു ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥനും സംസ്ഥാനത്ത് ഒരു ദിവസംപോലും സര്‍വ്വീസില്‍ തുടര്‍ന്നിട്ടില്ലെന്നിരിക്കെ ജിജി തോംസണ് വേണ്ടി മാത്രം ഭേദഗതി കൊണ്ടുവരുന്നത് സമൂഹത്തിനും ഉദ്യോഗസ്ഥര്‍ക്കിടയിലും തെറ്റായ സന്ദേശമാണ് നല്‍കുക എന്ന വികാരമാണ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്.

ഫെബ്രുവരി 28 ന് റിട്ടയര്‍ ചെയ്യുന്ന ജിജി തോംസണ് പിന്‍ഗാമിയായി ചീഫ് സെക്രട്ടറി ആകാന്‍ അര്‍ഹരായ നളിനി നെറ്റോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ അവസരം തട്ടി തെറിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.അതേസമയം, അടുത്ത ചീഫ് സെക്രട്ടറിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എം. വിജയാനന്ദ് സര്‍ക്കാരിനു കത്ത് നല്‍കി. നിലവില്‍ കേന്ദ്ര പഞ്ചായത്ത്‌രാജ് മന്ത്രാലയത്തില്‍ സ്‌പെഷല്‍ സെക്രട്ടറിയായി ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അടുത്ത മാസം വിരമിക്കുന്ന ഒഴിവിലേക്കാണു വിജയാനന്ദ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ജിജി തോംസണ്‍ വിരമിക്കുമ്പോള്‍ നിലവില്‍ ഐഎംജി ഡയറക്ടറായ പി.കെ. മൊഹന്തിക്കാണു സീനിയോറിറ്റി പ്രകാരം സ്ഥാനം ലഭിക്കേണ്ടത്. ജിജി തോംസണിന്റെ ബാച്ചുകാരനായ അദ്ദേഹത്തിന് ഈ മേയ് വരെ കാലാവധിയുണ്ട്. എന്നാല്‍, മൂന്നു മാസത്തേക്കു മൊഹന്തിയെ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. ആരോപണങ്ങളെത്തുടര്‍ന്നാണ് അദ്ദേഹത്തെ നേരത്തെ ഐഎംജി ഡയറക്ടര്‍ സ്ഥാനത്തേക്കു മാറ്റിയിരുന്നത്.

1981 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വിജയാനന്ദ് 2012ലാണു ഗ്രാമവികസന മന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായി കേന്ദ്ര ഡപ്യൂട്ടേഷന്‍ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത്‌രാജ് മന്ത്രാലയത്തില്‍ സെക്രട്ടറിയായി. 2017 മാര്‍ച്ച് വരെ അദ്ദേഹത്തിനു കാലാവധിയുണ്ട്.ചീഫ് സെക്രട്ടറി പദവി ലഭിച്ചാല്‍ കേരള സര്‍വീസിലേക്കു മടങ്ങിവരാന്‍ താല്‍പര്യമുണ്ടെന്നു രേഖാമൂലവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ടും അദ്ദേഹം അറിയിച്ചെന്നാണു സൂചന. വിജയാനന്ദിനെ പരിഗണിക്കുന്നില്ലെങ്കില്‍ മുതിര്‍ന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കാണു പിന്നെ സാധ്യതയുള്ളത്.

എന്നാല്‍ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാരിലെ പ്രബലവിഭാഗത്തിന് താല്‍പര്യമില്ല. അവരുടെ കര്‍ക്കശ നിലപാടാണ് ഇതിനു കാരണം.വിജയാനന്ദിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെങ്കിലും ‘അപകടകാരിയാവില്ലെന്ന’ വിശ്വാസത്തിലാണ് അധികൃതര്‍.സര്‍ക്കാരിന് ഏറ്റവും സ്വീകാര്യനായ ജിജി തോംസണു തന്നെ കാലാവധി നീട്ടിക്കൊടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതും മറ്റ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരിലുള്ള ‘വിശ്വാസക്കുറവാണ്’.

നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍ പുതിയ ചീഫ് സെക്രട്ടറി വരുന്നത് ശരിയാവില്ലെന്ന സര്‍ക്കാരിന്റെ ‘മുടന്തന്‍ ന്യായവും’ ഇതിനകം തന്നെ ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.നളിനി നെറ്റോയെ ‘ഒഴിവാക്കാന്‍’ ഡപ്യൂട്ടേഷനില്‍ പോയവരെ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിലും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നീരസമുണ്ട്.

സംസ്ഥാനത്ത് പൊലീസിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ മഹേഷ്‌കുമാര്‍ സിംഗ്ല ബിഎസ്എഫിലെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി തിരികെ വരാന്‍ അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാരിന് നല്‍കിയെങ്കിലും പരിഗണിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സിംഗ്ലയുടെ ജൂനിയറായ സെന്‍കുമാറിന് ഡിജിപിയായി നിയമനം കിട്ടിയിരുന്നത്. ഇതേ മാതൃക ചീഫ് സെക്രട്ടറിയുടെ നിയമനത്തിലും സര്‍ക്കാര്‍ കാണിക്കണമെന്നാണ് വലിയ വിഭാഗം ഐഎഎസ് ഉദ്യേഗസ്ഥരും ആഗ്രഹിക്കുന്നത്.

നിരവധി വര്‍ഷം സംസ്ഥാന ഇലക്ഷന്‍ കമ്മീഷനായി പ്രവര്‍ത്തിച്ച നളിനി നെറ്റോയുടെ ഭരണപാടവം ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തതാണെന്നാണ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.സര്‍ക്കാരിന്റെ വഴിവിട്ട താല്‍പ്പര്യങ്ങള്‍ക്ക് നളിനി നെറ്റോ നിന്നുകൊടുക്കില്ലെന്നതു കൊണ്ട് മാത്രമാണ് ഇപ്പോള്‍ പുതിയ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആക്ഷേപം.വിജിലന്‍സ് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ഡി.ജി.പിമാരായ ജേക്കബ് തോമസ്, ലോക്‌നാഥ് ബഹ്‌റ, ഋഷിരാജ് സിംങ്ങ് എന്നിവരെ അപമാനിച്ച സര്‍ക്കാര്‍, ചീഫ് സെക്രട്ടറി നിയമനത്തില്‍ സത്യസന്ധയായ ഉദ്യോഗസ്ഥയെയും അപമാനിക്കുവാന്‍ ശ്രമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പൊതുവികാരം.

എ.എസ്.പി യായി സര്‍വ്വീസില്‍ കയറുന്ന ഏത് ഉദ്യോഗസ്ഥന്റെയും ആഗ്രഹമാണ് ഡി.ജി.പി യായി വിരമിക്കുക എന്നത്. അതുപോലെ തന്നെ സബ് കലക്ടറായി സര്‍വ്വീസില്‍ കയറുന്ന ഐ.എ.എസുകാരും ആഗ്രഹിക്കുന്നതും ചീഫ് സെക്രട്ടറിയായി വിരമിക്കാനാണ്.
കടപ്പാട് -എക്സ്പ്രെസ്സ് കേരള

Top