കൊച്ചി: മലയാളി സമൂഹത്തില്‍ മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്ന പുരുഷന്മാരുടെ രീതിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം എന്ന നിലയിലാണ് പ്രമുഖ വനിതാ മാസികയായ ഗൃഹലക്ഷ്മി തങ്ങളുടെ കവര്‍ ചിത്രം മുലയൂട്ടുന്ന അമ്മയുടേതാക്കിയത്. ജിലു ജോസഫ് എന്ന മോഡലാണ് ഈ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പേരില്‍ ജിലുവിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അവയൊക്കെ തന്റെ തുറന്ന നിലപാടിലൂടെ പ്രതിരോധിക്കുകയാണ് ജിലു ചെയ്തത്. വിവാദങ്ങള്‍ ഒന്നുകെട്ടടങ്ങി വരുമ്പോഴാണ് ജിലുവിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു യുവാവ് പ്രകോപിപ്പിക്കുന്ന പോസ്റ്റിട്ടത്. ഇതിന് ജിലു ചുട്ടമറുപടി നല്‍കുകയും ചെയ്തു. ചേച്ചീ ..ഇപ്പൊ മുലയ്ക്ക് മാര്‍ക്കറ്റില്ലേ..എല്ലാം മറച്ച് വച്ചത് ആര് കാണാന്‍ ..തുറന്നിടെന്നേ..എന്നായിരുന്നു യുവാവിന്റെ ചോദ്യം. ചോദ്യവും യുവാവിന്റെ ഫോട്ടോയും സ്‌ക്രീന്‍ ഷോട്ടായി ജിലു പോസ്റ്റിനൊപ്പം ഇട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അതായത് മോനേ, മാര്‍ക്കറ്റിന്റെ കാര്യം എങ്ങനാന്ന് എനിക്ക് അറീല്ല. പക്ഷേ മോനു കാണാന്‍ വേണ്ടി തുറക്കുന്ന വാതില്‍ ഇവിടല്ല കേട്ടോ. ആ ഒരു ഫോട്ടോ കണ്ടിട്ട് ഇനി ഈ പ്രൊഫെയിലില്‍ വന്ന് ‘കാണണം’ ‘കിട്ടണം’ എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ചേതോവികാരം അത്ര നന്നല്ല ട്ടോ (ആര്‍ക്കും). ഞാന്‍ ചെയ്തതിനെ വിമര്‍ശിക്കുന്നവരെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ അത് ഈ പ്രൊഫെയിലില്‍ വന്ന് എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സ് അല്ലെന്ന് ആവര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ള കമന്റുകള്‍ അവഗണിക്കുകയാണ് എല്ലാവരുടെയും എവിടുത്തെയും പതിവെങ്കിലും, ആ അവഗണന ഇനിയും ഇവര്‍ക്ക് ആരോടും എന്തും വിളിച്ചു പറയാനുള്ള ഈ ത്വരക്ക് വളമിടുന്നതിനു തുല്യമാണെന്നതുകൊണ്ട് ഇങ്ങനെ ചെയ്യുന്നു.