2017 ആഗസ്റ്റ് മാസത്തിൽ ആണ് ലാൽ ജോസ് സംവിധാനം ചെയ്‌ത വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിൻെറ റിലീസിന് മുന്നേ തന്നെ സംഗീതസംവിധായകൻ ഷാൻ റഹ്മാൻ ഈണം ഇട്ട ‘എന്‍റമ്മേടെ ജിമിക്കി കമ്മൽ’ എന്നു തുടങ്ങുന്ന തട്ടു പൊളിപ്പൻ ഗാനം ലോകം മുഴുവൻ തരംഗം ആയി കഴിഞ്ഞിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയതെങ്കിലും ഗാനം ലോകം മുഴുവൻ ഏറ്റുപാടി. ഗാനത്തിന്‍റേതായി നിരവധി കവര്‍ വേര്‍ഷനുകളും ജിമിക്കി കമ്മൽ ചലഞ്ച് ഡാൻസ് വേര്‍ഷനുകളും ഇറങ്ങി. യൂട്യൂബ് റെക്കോർഡുകൾ ഓരോന്നായി തകർത്തു കൊണ്ടു മുന്നേറിയ ഈ ഗാനം ഇപ്പോൾ മലയാള സിനിമയിലെ പുതിയ ചരിത്രം കുറിച്ചിരിക്കുന്ന ഗാനമായിരിക്കുകയാണ്. 100 മില്യൺ യൂട്യൂബ് കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാള വീഡിയോ ആയി മാറിയിരിക്കുകയാണ് ജിമിക്കി കമ്മൽ സോങ് വീഡിയോ. അതിന്റെ സന്തോഷം പങ്കു വെച്ചു കൊണ്ട് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുകയാണ്. മലയാളത്തിൽ ഇതുവരെ പുറത്തു വന്നിട്ടുള്ള ഒരു ടീസറോ ട്രെയിലറോ ഗാനമോ മറ്റേതെങ്കിലും വീഡിയോയോ ഇത്ര അധികം കാഴ്ചക്കാരെ യൂട്യുബിൽ നേടിയിട്ടില്ലെന്നതാണ് വസ്തുത.