തൊടുപുഴ : ഭക്തിഗാനരംഗത്തെ വന്‍ ഹിറ്റു ഗാനങ്ങള്‍ സമ്മാനിച്ച ജിനോ കുന്നുംപുറത്ത് പുതിയ ഹിറ്റുമായി വരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ചിതറിക്കിടന്ന കുരുന്നു പാട്ടുകാരെ കൂട്ടിയിണക്കി ‘പൈതല്‍’എന്നു ഹിറ്റ് ആല്‍ബം അടുത്ത ശിശുദിനത്തില്‍ പുറത്തിറക്കുന്നു .മലയാളികള്‍ക്ക് ഒട്ടേറെ ഭക്തിസാന്ദരമായ ഗാനങ്ങള്‍ സമ്മാനിച്ച ക്രിസ്തീയ ഭക്തിഗാന രംഗത്തെ പ്രമുഖനായ ജിനോയുടെ നൂറ്റിരണ്ടാമത്തെ ആല്‍ബമാണ് പൈതല്‍ ‘നൂറോളം കുട്ടികള്‍ പങ്കെടുത്ത സ്‌ക്രീനിംഗില്‍ നിന്നും 22 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ഒരുക്കുന്ന വ്യത്യസ്ഥമായ ആല്‍ബമാണ് ‘പൈതല്‍ ‘…
മോഹഭംഗങ്ങളുടെ നെരിപ്പോടുകള്‍ നെഞ്ചിലേറ്റി നാട്ടുകാരുടെ ധൂര്‍ത്ത പുത്രന്‍ .
പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ ഒരു മേടമാസപ്പകല്‍. വേനല്‍ സൂര്യന്‍ കനല്‍ക്കട്ടപോലെ കത്തിയെരിയുന്നു. സുപ്രസിദ്ധമായ ഇടുക്കി എഴുമുട്ടം താബോര്‍ ധ്യാന കൂടാരത്തില്‍ യുവജനങ്ങള്‍ക്കായുള്ള ശുശ്രൂഷകള്‍ നടക്കുകയാണ്. അത്ഭുതങ്ങള്‍ പെരുമഴപോലെ ആര്‍ത്തു പെയ്യുന്നതിന്റെ സാക്ഷ്യങ്ങള്‍ മൈക്കിലൂടെ ഒഴുകുന്നു. പുതിയൊരു വെള്ളിവെളിച്ചം പകര്‍ന്നുകിട്ടിയ സന്തോഷത്തില്‍ തങ്ങളുടെ മാറിയ ജീവിതങ്ങളെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതന്റെ സാക്ഷ്യങ്ങളും മുഴങ്ങുന്നു. എങ്ങും അഭിഷേകത്തിന്റെ അലയടികളും ഹല്ലേലൂയാ ആരവങ്ങളും മാത്രം.
എന്നാല്‍, അതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ ആ കൂടാരത്തിന്റെ ഒരു മൂലയില്‍ വിഷാദഭാവത്തോടെ ഒരു യുവാവ്. ചെറുപ്രായത്തില്‍ തന്നെ പലവിധ തകര്‍ച്ചകളുടെ ബാക്കിപത്രമായിരുന്നു അവന്റെ ജീവിതം. താന്‍ അതുവരെ കടന്നുവന്ന വഴികളെല്ലാം ഒരു ദുഃഖചിത്രത്തിലെന്നതുപോലെ അവന്റെ മനസ്സിലൂടെ മിന്നിമായുകയായിരുന്നു അപ്പോള്‍.
തൊടുപുഴക്കടുത്ത് പുറപ്പുഴ ഗ്രാമത്തില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ കുന്നുംപുറത്ത് ജോസ് മാത്യു^ മേരി ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമന്‍, പേര് ജിനോ. കുടുംബത്തിലെ ഏക ആണ്‍തരി. കഷ്ട്ടപ്പാടുകള്‍ നിറഞ്ഞ ജീവിത ത്തിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍, അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ തങ്ങളാലാവുംവിധം ആ മാതാപിതാക്കള്‍ പരിശ്രമിച്ചു. നാ വുറച്ച നാളില്‍തന്നെ മൂളിപ്പാട്ടുകള്‍ പാടിത്തുടങ്ങിയ ജിനോയെയുംകൂട്ടി ആ അപ്പന്‍ ദൈവാലയ വികാരിയുടെ അടുക്കലെത്തിയതും അതുകൊണ്ടുതന്നെയാണ്.
‘അച്ചോ, എന്റെ കുഞ്ഞിന് ഒരു പാട്ടുകാരനാവാന്‍ ആഗ്രഹമുണ്ട്. പള്ളിയിലെ ഗായകസംഘത്തില്‍ ഇവനെയും കൂട്ടുമോ?’ പിതാവിന്റെ ആഗ്രഹം മനസ്സിലാക്കിയതുകൊണ്ടുമാത്രമല്ല അവനിലെ കുഞ്ഞു ഗായകനെ തിരിച്ചറിഞ്ഞതുകൊണ്ടും വൈദികന്‍ സമ്മതം മൂളി. ഗായക സംഘത്തിലെ പിന്‍നിരയില്‍ പാ ട്ടുകാരനായി ചേര്‍ന്ന ആ കുട്ടി വൈകാതെ പ്രധാന പാട്ടുകാരനും കീ ബോര്‍ഡിസ്റ്റുമായി. എന്നാല്‍, ഇടവക ദൈവാലയത്തിലെ ഒരു പാട്ടുകാരന്‍ എന്നതിലുപരിയായി ലോകമറിയുന്ന ഒരു പ്രതിഭയാവണമെന്നായിരുന്നു അവന്റെ ആഗ്രഹം.
മോഹഭംഗങ്ങളുടെ നെരിപ്പോടുകള്‍
നീ ഒരു സിനിമാ നടനാകാന്‍ യോഗ്യതയുള്ളവനാണെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോഴും സംഗീതത്തോടായിരുന്നു ജിനോയ്ക്ക് ഭ്രമം. അപ്പനും അമ്മയും സഹോദരങ്ങള്‍ക്കുമൊപ്പം പുറപ്പുഴയിലെ തന്റെ കൊച്ചു കൂരയിലെ അത്താഴ വേളകളില്‍, സിനിമാ സംഗീതരംഗത്ത് ഒരു താരമായി മാറുന്ന സ്വപ്‌നങ്ങള്‍ ആ കൊച്ചുബാലന്‍ പങ്കുവെക്കുക പതിവായി. ‘നീ 10^ാം ക്ലാസില്‍ നല്ല മാര്‍ക്കോടെ പാസായാല്‍ എന്ത് കഷ്ട്ടപ്പാട് സഹിച്ചും നിന്നെ സംഗീത ലോകത്ത് എത്തിക്കാന്‍ ഞാന്‍ ശ്രമിക്കും,’ എന്ന പിതാവിന്റെ വാക്കുകളായിരുന്നു അവന്റെ ശക്തി. പക്ഷേ, ജിനോക്കായി ദൈവം കരുതിവെച്ചത് സഹനങ്ങളുടെ തീച്ചൂളയായിരുന്നു.
സ്വപ്‌നങ്ങളുടെ തേരിലേറി മുന്നേറിയ ജിനോക്ക് അപ്പോള്‍ പ്രായം 15. നല്ല മാര്‍ക്കോടെ മകന്‍ 10^ാം ക്ലാസ് ജയിക്കാന്‍ കാത്തിരുന്ന ആ പിതാവിന് പക്ഷേ അതുകാണാന്‍ ഭാഗ്യമുണ്ടായില്ല. അദ്ദേഹത്തിന്റെ അകാല വിയോഗം ജിനോയെയും അമ്മയെയും സഹോദരിമാരെയും ഉലച്ചുകളഞ്ഞു. നിരാലംബയായ അമ്മയും മൂന്നു സഹോദരിമാരും ആ 10^ാം ക്ലാസുകാരന്റെ മുന്‍പില്‍ ഒരു വലിയ ചോദ്യചിഹ്നമായിനിന്നു. മാനംമുട്ടെ കെട്ടിപ്പൊക്കിയ ആഗ്രഹക്കൊട്ടാരങ്ങള്‍ തകര്‍ന്നടിഞ്ഞ നാളുകള്‍. കണ്ണീര്‍ത്തുള്ളികള്‍ വീണു നനഞ്ഞ പുസ്തക താളുകള്‍ നോക്കി പഠിച്ച് പത്താം ക്ലാസ് ജയിച്ചു.
പിന്നീട് ആലുവാ സോഷ്യല്‍ വെല്‍ഫെയര്‍ സെന്ററില്‍ ഐ.ടി.എ പൂര്‍ത്തിയാക്കി. ആ നാളുകളില്‍ ജിനോയുടെ മനസ്സിലേക്ക് കടന്നുവന്നത് രണ്ടു ചോദ്യങ്ങളായിരുന്നു. താന്‍ ഇത്രയുംകാലം മനസ്സില്‍ സൂക്ഷിച്ച കലാരംഗം തിരഞ്ഞെടുക്കണോ അതോ, കുടുംബത്തിന് കൈത്താങ്ങാകാന്‍ എന്തെങ്കിലും ജോലി അന്വേഷിക്കണോ?
അമ്മയുടെ അരുമ മകന്‍; നാട്ടുകാരുടെ ധൂര്‍ത്ത പുത്രന്‍
ജീവിതവഴിയില്‍ എങ്ങോട്ട് പോകണം, ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ ഉഴലുന്ന ജിനോയുടെ സങ്കടം ജിനോയെക്കാളും കൂടുതല്‍ തളര്‍ത്തിയത് അമ്മയെയായിരുന്നു. ഏക മകന്റെ ജീവിത സ്വപ്‌നമോ മൂന്നു പെണ്‍മക്കളുടെ ഭാവിയോ ഏതാണ് പരമ പ്രധാനം എന്ന തീരുമാനമെടുക്കേണ്ട ചുമതല ആ അമ്മക്കായിരുന്നു. ഒരു വഴി കാട്ടിത്തരണേ എന്ന് ക്രൂശിതരൂപത്തിനു മുന്‍പിലും കന്യാകാ മറിയത്തോടും കരഞ്ഞു പ്രാര്‍ത്ഥിച്ച ആ അമ്മ ഒടുവില്‍ തീരുമാനിച്ചു, മകനെ അവന്റെ ഇഷ്ട്ട ഭാവിയായ കലാ രംഗം തിരഞ്ഞെടുക്കാന്‍ വിടുക. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ദൈവം അവനെ പ്രാപ്തനാക്കുംവരെ കുടുംബഭാരം താന്‍ തന്നെ വഹിക്കുക.
ഏക മകനെ അനുഗ്രഹിച്ചയക്കു മ്പോഴും ആ അമ്മമനസ്സ് പ്രാര്‍ത്ഥിച്ചത് ഇത്ര മാത്രം: ‘എന്റെ നല്ല ഇശോയെ എന്റെ കുഞ്ഞിനെ നിന്നെ ഭരമേല്‍പ്പിക്കുന്നു. നിന്റെ ഇഷ്ട്ടംമാത്രം അവനില്‍ നടക്കട്ടെ.’ പിന്നീടിങ്ങോട്ട് അലച്ചിലുകളുടെ നാളുകളായിരുന്നു. സിനിമാ സംഗീതരംഗത്ത് ഒരവസരം തേടി അല
യാത്ത വഴികളില്ല. മുട്ടാത്ത വാതിലുകളില്ല. യാചിക്കാത്ത കാല്‍പ്പാദങ്ങളില്ല. ഒരിടത്തും ആരും ജിനോ എന്ന ഭാഗ്യാന്വേഷിയെ സ്വീകരിച്ചില്ല. ഇതിനിടെ നാട്ടുകാരിലെ ഒരു വിഭാഗം വിശിഷ്യാ, തല മുതിര്‍ന്നവര്‍ ജിനോയെ ഒരു പാഴ്ജന്മമായി എഴുതിത്തള്ളി^ കുടുംബ സ്‌നേഹം ഇല്ലാത്ത, ജീവിത ലക്ഷ്യം ഇല്ലാത്ത ഒരു തലതിരിഞ്ഞ ചെക്കന്‍.
ദാവീദിന്റെ കിന്നരംപോലെ…
കൈയില്‍ കാശില്ല. നാട്ടുകാര്‍ക്കിടയില്‍ വിലയില്ല. മനസ്സിലെ സ്വപ്‌നങ്ങള്‍ മരവിച്ചിരിക്കുന്നു. എങ്ങും ഇരുട്ട് മൂടിയ നാളുകള്‍. സ്വപ്‌നജീവിതംതേടി അലഞ്ഞു മടുത്തു തിരിയെ എത്തിയ മകനെ ചേര്‍ത്ത് പിടിച്ച് അമ്മ പറഞ്ഞു: ‘നിനക്കിപ്പോള്‍ വേണ്ടത് മനഃശാന്തിയാണ്. നീ പോയി ഒരു ധ്യാനം കൂട്. എല്ലാം ശരിയാകുമെന്ന് എന്റെ മനസ്സ് പറയുന്നു.’ ആ വാക്കുകളാണ് വീട്ടില്‍നിന്ന് ഏറെ അകലെയല്ലാത്ത താബോര്‍ ധ്യാനകേന്ദ്രത്തില്‍ ജിനോയെ എത്തിച്ചത്.
മനസ്സിന്റെ ഭാരം കൊണ്ടാവാം പ്രഗത്ഭരായ ധ്യാനഗുരുക്കളുടെ വചന പ്രഘോഷണത്തില്‍പോലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ ജിനോ സമയം തള്ളിനീക്കി. എപ്പോഴെന്നറിയില്ല സ്വര്‍ഗീയ സംഗീതംപോലെ ഒരു ഗാനം ആ ധ്യാനകൂടാരത്തിന്റെ കോണില്‍ ഇരുന്ന ജിനോയുടെ കാതുകളിലേക്ക് ഒഴുകിയെത്തി.
‘കരയുന്ന മിഴികള്‍കളില്‍ കണ്ണീര്‍ തുടക്കാന്‍
കാരുണ്യ രൂപാ വരുമോ…
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ…’
കാതുകളില്‍നിന്ന് മെല്ലെ അത് ഞരമ്പുകളെ ഉണര്‍ത്തിക്കൊണ്ട് ബുദ്ധിയിലേക്ക്… അവിടെനിന്ന് മരവിച്ചിരുന്ന ഹൃദയത്തിലേക്ക്… വൈകാതെ അത് തളര്‍ന്നു കിടന്നിരുന്ന ആത്മാവിനെ ഉണര്‍ത്തി. ഒരു കുളിര്‍ക്കാറ്റ് തന്നെ തഴുകി കടന്നുപോകുന്ന അനുഭവം. വല്ലാത്ത ഒരു ശാന്തത. ആരോ തനിക്കുവേണ്ടിമാത്രം പാടുന്നപോലെ ഒരു തോന്നല്‍.
ഗാനത്തില്‍ ലയിച്ചിരുന്ന ജിനോ തന്റെ മുന്നില്‍ ഇരുകൈകളും നീട്ടി നില്‍ക്കുന്ന ഇശോയെ കണ്ടു. ഹൃദയം നുറുങ്ങിയ നാളുകളില്‍ കിന്നരം മീട്ടി പാടി ആശ്വാസം കണ്ടെത്തിയ ദാവീദിനെപോലെ ആ ഗാനം ജിനോയുടെ ആത്മാവിനെ തൊട്ടു. തന്റെ ജീവിതം ഇനി ഈശോയ്ക്ക് മാത്രമുള്ളതാണെന്ന വലിയ തിരിച്ചറിവിന്റെ നിമിഷങ്ങളായിരുന്നു ജിനോക്കത്.
താന്‍ ലോകം മുഴുവന്‍ തേടി നടന്ന സന്തോഷം ഒരേ ഒരു ഗാനത്തിന് തനിക്കു തരാനായെങ്കില്‍ സമാധാനം തേടി അലയുന്ന അനേകായിരങ്ങള്‍ക്ക് എന്തുകൊണ്ട് അതേ സമാധാനവും സന്തോഷവും ഗാനങ്ങളിലൂടെ കൊടുത്തുകൂടാ എന്ന ചിന്ത ആ യുവാവിനുണ്ടായി^ നിയോഗം തിരിച്ചറിയാതെ അലഞ്ഞുതിരിഞ്ഞ ജിനോയ്ക്ക് തന്നെക്കുറിച്ചുള്ള ദൈവപദ്ധതി വെളിവാക്കപ്പെട്ട ധന്യ നിമിഷം.
വിധവയുടെ കാണിക്ക
ജീവിതത്തില്‍ പുതിയൊരു വെളിച്ചവുമായാണ് ജിനോ വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ പുതിയ ജീവിതപാതയെക്കുറിച്ച് വെളിപാട് നല്‍കിയ നല്ലവനായ ദൈവത്തോടുള്ള നന്ദികൊണ്ട് ആ യുവാവിന്റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.വീട്ടിലെത്തി അമ്മയോടും സഹോദരിമാരോടും കാര്യങ്ങള്‍ പറഞ്ഞു. നന്നായി പ്രാര്‍ത്ഥിക്കാന്‍ അമ്മ ജിനോയോട് പറഞ്ഞു. താന്‍ ചെയ്യാന്‍ പോകുന്ന പുതിയ പ്രവര്‍ത്തനമേഖലയെക്കുറിച്ച് ഗൃഹപാഠം ചെയ്ത് തുടങ്ങിയ ജിനോക്ക് മുന്നില്‍ തെളിഞ്ഞത് അതികഠിനമായ വെല്ലുവിളികളായിരുന്നു.
വന്‍കിട ബാനറുകള്‍ സംഗീതമേഖലയിലെ പ്രഗത്ഭരെ ഉള്‍പ്പെടുത്തി നൂറുകണക്കിന് ആല്‍ബങ്ങള്‍ പുറത്തിറക്കുന്ന കാലം. സി.ഡി നിര്‍മാണ- വിതരണമേഖലയില്‍ ലക്ഷങ്ങള്‍ മുടക്കാതെ ആര്‍ക്കും നിലനില്‍പ്പില്ലാത്ത കാലം. പണം വലിയ പ്രശ്‌നം തന്നെയായിരുന്നു. കുടുംബസ്വത്തോ സമ്പാദ്യമോ ഒന്നുമില്ല. കടം ചോദിക്കാന്‍ പറ്റിയ അധികം ആരും തന്നെ ജിനോയുടെ പരിചയവലയത്തിലുമില്ല്‌ള.
സഹോദരിമാരുടെ ഭാവിയെക്കരുതി ജിനോയുടെ അമ്മ തനിക്കു കുടുംബസ്വത്തായി കിട്ടിയ 50,000 രൂപ അമൂല്യനിധിപോലെ കാത്തു സൂക്ഷിച്ചിരുന്നു. തന്റെ കുടുംബത്തിനായി വിധവയായ ആ അമ്മയുടെ പക്കലുള്ള ഏക സമ്പാദ്യം. ഒടുവില്‍ പിടയ്ക്കുന്ന ഹൃദയവുമായി വിറയാര്‍ന്ന കരങ്ങളിലേക്ക് അമ്മയുടെ സമ്പാദ്യവും അനുഗ്രഹവും വാങ്ങി ജിനോ തന്റെ ആദ്യത്തെ ആല്‍ബത്തിന്റെ പണിപ്പുരയില്‍ പ്രവേശിച്ചു.
‘സീനായ്’ വരെ കണ്ണീര്‍ യാത്ര
2000 നവംബര്‍ രണ്ടിന് ജിനോയുടെ സ്വപ്‌നം- ആദ്യ ഭക്തിഗാന സമാഹാരം- പുറത്തിറങ്ങി: ‘സീയോണ്‍.’ കേരളത്തിലെ പ്രഗത്ഭരായ പല പാട്ടുകാരും അണിനിരന്ന ആദ്യ ആല്‍ബം വില്‍പ്പനക്കെത്തി. പക്ഷേ, പുതിയ പല വെല്ലുവിളികള്‍ക്കും അവിടെ തുടക്കംകുറിക്കുകയായിരുന്നു. അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ പെട്ടെന്നൊരു ക്രിസ്തീയ ഭക്തിഗാന ആല്‍ബവുമായി രംഗത്തേക്ക് വന്നാല്‍ എങ്ങനെ സ്വീകരിക്കപ്പെടും? സി.ഡികള്‍ വില്‍ക്കാന്‍ ജിനോ നന്നേ ബുദ്ധിമുട്ടി. മുടക്കിയ പണമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ അമ്മയുടെ സമ്പാദ്യമായ തുകയെങ്കിലും തിരിച്ചുകൊടുക്കാനാകുമല്ലോ എന്ന് ആഗ്രഹിച്ച ദിനങ്ങള്‍.
പക്ഷേ, നിരാശയായിരുന്നു ഫലം. സീയോന്‍ ആല്‍ബം തങ്ങളുടെ മ്യൂസിക് ഷോപ്പുകളില്‍ മുന്‍നിരയില്‍ പ്രദര്‍ശിപ്പിക്കാന്‍പോലും പ്രധാന കേന്ദ്രങ്ങളിലെ വില്‍പ്പനക്കാര്‍ തയാറായില്ല. സി.ഡി വിറ്റ് കഴിഞ്ഞ് എപ്പോഴെങ്കിലും പണം തരാം എന്ന നിബന്ധനവെച്ചു മറ്റുചിലര്‍. ചുരുക്കം പറഞ്ഞാല്‍ വേണ്ടത്ര വിപണന തന്ത്രവും നെറ്റ്‌വര്‍ക്കുകളും ഇല്ലാതെ എത്തിയ ജിനോയുടെ ആദ്യ സി.ഡി സംരംഭം വന്‍ പരാജയമായി. പക്ഷേ, ആ ചെറുപ്പകാരന്‍ തളര്‍ന്നില്ല. ദൈവം കൊളുത്തിയ ഒരു ജ്വാല അവന്റെയുള്ളില്‍ അപ്പോഴേക്കും എരിഞ്ഞു തുടങ്ങിയിരുന്നു.
പെട്ടെന്നുള്ള വിജയത്തില്‍ അഹങ്കരിക്കാതിരിക്കാനും ചില ബാല പാഠങ്ങള്‍ പഠിക്കാനുമായി കരുതലുള്ള ദൈവം ഒരുക്കിയ ചില പരീക്ഷണങ്ങള്‍കൂടി കടക്കാനുണ്ടായിരുന്നു ജിനോയ്ക്ക്. സ്വന്തം സി.ഡിയുടെ വില്‍പ്പന ജിനോ തന്നെ ഏറ്റെടുത്തു. അതിനായി കേരളത്തിലെ ഒട്ടുമിക്ക ബസ് സ്റ്റാന്റുകളിലും കയറിയിറങ്ങി. ഓരോ ബസിലെയും യാത്രക്കാരെ സമീപിച്ച് സി.ഡികള്‍വിറ്റു. പെരുന്നാള്‍ പറമ്പുകളിലും പള്ളിയങ്കണങ്ങളിലും അലഞ്ഞു. അര്‍ത്തുങ്കല്‍,വേളാങ്കണ്ണി, മണര്‍കാട്, മലയാറ്റൂര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒരു ഭിക്ഷക്കാരനെപോലെ ദിന രാത്രങ്ങള്‍ കഴിച്ചുകൂട്ടി, വിറ്റുപോകുന്ന ഓരോ സി.ഡിക്കും ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട്
മുടങ്ങാത്ത, തീക്ഷ്ണമായ പ്രാര്‍ത്ഥനമാത്രമായിരുന്നു കഷ്ടതയുടെ ആ നാളുകളില്‍ ജിനോയുടെ ശക്തിസ്രോതസ്. പരീക്ഷണങ്ങള്‍ അനവധിയുണ്ടായെങ്കിലും ദൈവം തനിക്കു വെളിവാക്കിത്തന്ന കര്‍മപഥത്തില്‍നിന്ന് പിന്മാറാന്‍ പ്രാര്‍ത്ഥനയുടെ തീയില്‍ വളര്‍ന്നുവന്ന ആ യുവാവ് തയാറായില്ല. കണ്ണീര്‍, വയല്‍, സീനായ് എന്നീ മൂന്നു ഭക്തിഗാന സമാഹാരങ്ങള്‍ കൂടി ജിനോ കഷ്ട്ടതകള്‍ സഹിച്ച് പുറത്തിറക്കി. സാമ്പത്തിക മെച്ചം ഉണ്ടായില്ലങ്കില്‍കൂടി മറ്റു ചില നേട്ടങ്ങള്‍ ജിനോക്കുണ്ടായി.
എം.പി ത്രീ സാങ്കേതികതികവോടെയും ഏറ്റവും മികച്ച പുറം ചട്ടകളോടെയും വില്‍പ്പനക്കെത്തിയ ജിനോയുടെ സി.ഡികള്‍ സംഗീത വ്യവസായ മേഖലയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. പുറപ്പുഴക്കാരനും കേരള രാഷ്ട്രീയത്തിലെ പ്രധാനിയുമായ പി.ജെ ജോസഫിനെപോലുള്ള പ്രമുഖരെയും പ്രോത്സാഹനവും പിന്തുണയുമായി ഇക്കാലയളവില്‍ ദൈവം ജിനോക്കടുത്തേക്ക് അയച്ചു. അനേകരിലേക്ക് ദൈവത്തിന്റെ സംഗീതം എത്തിക്കാനുള്ള വിപണനരീതികളും അതിനുള്ള സഹായികളെയും ദൈവം ലഭ്യമാക്കി.
‘ദിവ്യദാനം’ മുതല്‍ ‘ഗോഡ്’ വരെ
ഒടുവില്‍ അത് സംഭവിച്ചു. ജിനോയുടെയും കുടുംബത്തിന്റെയും അടുത്ത കൂട്ടുകാരുടെയും ഏറെനാളത്തെ പ്രാര്‍ത്ഥനയുടെ ഫലം. 2003ല്‍ പുറത്തിറങ്ങിയ പേരിനെ അന്വര്‍ത്ഥമാക്കിയ ‘ദിവ്യദാനം’ എന്ന അഞ്ചാമത്തെ ആല്‍ബം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ പുതിയൊരു ദൈവാനുഭാവമായി എത്തിയ ഒട്ടനവധി ഗാനങ്ങള്‍ അടങ്ങിയ ‘ദിവ്യദാനം’ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍നിരയിലെത്തി. പിന്നീട് വളര്‍ച്ച കണ്ണടച്ച് തുറക്കുംവേഗത്തിലായിരുന്നു.
‘എനിക്കായ് എന്റെ ദൈവം…’ എന്ന മാസ്മരിക ഗാനം അടങ്ങിയ’ദിവ്യസമ്മാനം’, നിരവധി ധ്യാനകേന്ദ്രങ്ങളില്‍ ഇന്നും അനേകര്‍ക്ക് കൃപകള്‍ പകര്‍ന്നൊഴുകുന്ന, എം.ജി ശ്രീകുമാറിന്റെ ശബ്ദത്താല്‍ ശ്രദ്ധേയമായ ‘ആ വിരല്‍ തുമ്പോന്നു തൊട്ടാല്‍…’എന്ന് തുടങ്ങുന്ന ഗാനം അടങ്ങിയ ‘പിതാവ്’, പിന്നെ 2006ല്‍ പുറത്തിറങ്ങിയ ‘കര്‍ത്താവ്’… ആ ലിസ്റ്റ് നീളുകയാണ്. ഇതിനിടയില്‍ ‘സീയോന്‍ ക്ലാസിക്’ എന്ന പേരില്‍ സംഗീത കമ്പനിക്കും ജിനോ രൂപംകൊടുത്തു. ആ പ്രയാണം ഇന്ന് 100 ആല്‍ബങ്ങള്‍ എന്ന സുവര്‍ണഘട്ടം പിന്നിട്ടിരിക്കുന്നു.
‘ഗോഡ്’ എന്ന് പേരിട്ടിരിക്കുന്ന 100-ാമത്തെ ആല്‍ബത്തിന് നിരവധി സവിശേഷതകളുണ്ട്. സിനിമാ സംഗീത രംഗത്ത് സുപ്രസിദ്ധനായ
എം. ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. ക്രിസ്തീയ ഭക്തിഗാ നത്തിന് ജയചന്ദ്രന്‍ ഈണമിടു ന്നതും ആദ്യമായാണ്. ഒ.എന്‍.വിയും ബിച്ചു തിരുമലയും കൈതപ്രവും പൂവച്ചല്‍ ഖാദറുമുള്‍പ്പെടെ മലയാള ചലച്ചിത്രഗാനരംഗത്തെ കുലപതികളാണ് ഗോഡിനു വേണ്ടി കവിത തുളുമ്പുന്ന വരികള്‍ ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാല്‍, ചിത്ര, സുജാത, ശ്വേത മോഹന്‍, റിമി ടോമി, മധു ബാലകൃഷ്ണന്‍, കെസ്റ്റര്‍ എന്നിവരുള്‍പ്പെട്ട വന്‍ ഗായകനിരയും ‘ഗോഡി’ല്‍ ഭാഗഭാക്കുകളായി. ശ്രേയ ജയദീപ് എന്ന കൊച്ചുഗായിക ആലപിച്ച’മേലെ മാനത്തെ ഈശോയെ…’ എന്ന ഗാനം യുട്യൂബില്‍ ഹിറ്റാണ്.
ഒരുകാലത്ത് ജിനോയെ തള്ളിപ്പറഞ്ഞ അതേ ആളുകള്‍ ജിനോയുടെ പുതിയ ക്രിസ്തീയഗാനങ്ങള്‍ പുറത്തിറങ്ങാന്‍ കാത്തിരിപ്പു തുടങ്ങി. ജീവിതത്തിലെ ബുദ്ധിമുട്ടുന്ന സമയത്ത് സഹായമരുളാന്‍ ലോകമെമ്പാടും ഒരുകൂട്ടം നല്ല സുഹൃത്തുക്കളെ ദൈവം കനിഞ്ഞുനല്‍കി. ഇപ്പോള്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തന്നെ ജിനോയിലൂടെ ദൈവം ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിക്കുന്നു. ലോകത്തെവിടെയെല്ലാം മലയാളികളുണ്ടോ അവരില്‍ ഭൂരിഭാഗത്തിനും ജിനോ അപരിചിതനാണെങ്കിലും അദ്ദേഹത്തിലൂടെ ജന്മമെടുത്ത ഗാനങ്ങള്‍ സുപരിചിതമാണ്.
തന്റെ ഒരു സി.ഡി വാങ്ങണേ എന്ന് അഭ്യര്‍ത്ഥനയുമായ് ജിനോ 15 വര്‍ഷംമുന്‍പ് അലഞ്ഞു നടന്ന ബസ് സ്റ്റാന്റുകളിലെയും തിരുനാള്‍ പറമ്പുകളിലെയും മ്യൂസിക് ഷോപ്പുകളില്‍ ‘സീയോന്‍ ക്ലാസിക്’ പുറത്തിറക്കുന്ന ദൈവസ്തുതി ഗാനങ്ങള്‍ സിനിമാഗാനങ്ങളെ നിഷ്പ്രഭമാക്കി അലയടിക്കുന്നു. ജിനോയിലൂടെ ദൈവം പുറത്തിറക്കിയ ‘ഗോഡ്’ എന്ന ആല്‍ബത്തിലെ ‘മേലേ മാനത്തെ ഈശോയെ’ എന്ന ഗാനം ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. സിനിമ ഗാനങ്ങളുള്‍പ്പെട്ട മലയാള സംഗീത ചരിത്രത്തിലെ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ആ ഗാനം ഇടംപിടിച്ചിരിക്കുന്നത്.
അയര്‍ലണ്ടില്‍ നിന്നും പൈതലില്‍ ‘നിധി സജേഷ്
ജിനോ കുന്നുംപുറത്തിന്റെ പുതിയ ആല്‍ബത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള എട്ടു വയസുകാരി നിധി സജേഷും പാടുന്നുണ്ട്.നൂറോളം കുട്ടികള്‍ പങ്കെടുത്ത സ്‌ക്രീനിംഗില്‍ നിന്നാണ് നിധിയും തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ അടുത്ത മാസം റിക്കോര്‍ഡിംഗ് ആരംഭിക്കും.
ആരാധനക്കേറ്റം യോഗ്യനായവനെ,ഒരു കോടി ജന്മമെന്‍,മേലേ മാനത്തെ ഈശോയെ,രാവിലും പകലിലും നീയേ,തുടങ്ങി നൂറു നൂറു ഗാനങ്ങള്‍ മലയാളിയ്ക്ക് മറക്കാനാവാത്ത അനുഭവമാക്കിയ മഹാപ്രതിഭയുടെ ആല്‍ബത്തില്‍ പാടാന്‍ ലഭിച്ച അവസരം ദൈവാനുഗ്രഹം തന്നെയാണെന്ന് നിധി പറഞ്ഞു.കൊല്ലം സ്വദേശി സജേഷ് സുദര്‍ശനന്റെയും,കാഞ്ഞിരപ്പള്ളി സ്വദേശിനി സൗമ്യ ദാസിന്റെയും മകളായ ഈ എട്ടു വയസുകാരി ബ്ലാഞ്ചസ്‌ടൗണ്‍ ക്ലൂണിയിലാണ് താമസിക്കുന്നത്.അനുജത്തി കൊച്ചു ഗായിക കൂടിയായ അഥിതി.
പ്രവാസലോകത്തുനിന്നും ഒരുപറ്റം കുഞ്ഞുങ്ങള്‍ ‘പൈതല്‍ ‘എന്ന ഗാനത്തില്‍ ശബ്ധം നല്‍കുന്നു…അവ ഓരോന്നായി പ്രസിദ്ധീകരിക്കുന്നതായിരിക്കും