![](https://dailyindianherald.com/wp-content/uploads/2016/05/jish-modi.jpg)
സ്വന്തം ലേഖകൻ
കൊച്ചി: പെരുമ്പാവൂരിൽ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട ദളിത് വിദ്യാർഥി ജിഷയുടെ അമ്മയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്ന് കേരളത്തിൽ എത്തുന്ന നരേന്ദ്രമോദി ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിലെത്തി സന്ദർശിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു.
ഇന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. യോഗത്തിനു മുൻപോ ഇതിനു ശേഷമോ ആയിരിക്കും പ്രധാനമന്ത്രി രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ബിജെപി എംപി സുരേഷ് ഗോപി രാജേശ്വരിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. തുടർന്നു സുരേഷ് ഗോപി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദി ഇന്ന് നേരിട്ട് പ്രദേശം സന്ദർശിക്കുന്നത്.
ഇന്ന് ആശുപത്രിയിൽ എത്തി രാജേശ്വരിയെ സന്ദർശിക്കുന്ന മോദി സംഭവം നടന്ന ഇവരുടെ വീട്ടിലേയ്ക്കു പോകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതു സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ഇനിയും ബിജെപി നേതൃത്വം പുറത്തു വിട്ടിട്ടില്ല.