ജിഷ വധക്കേസിന്‍റെ നാൾവഴികൾ ഇതുവരെ ….

ബിജു കരുനാഗപ്പള്ളി 

ഏപ്രില്‍ 28: പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ കരയിലെ കുറ്റിക്കാട്ട് വീട്ടിൽ രാജേശ്വരിയുടെ മകൾ ‌നിയമ വിദ്യാർഥി ജിഷയെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് കുറുപ്പംപടി സി.ഐ.യുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ഏപ്രില്‍ 29: കൊലപാതകത്തിന്‍റെ വകുപ്പ് മാത്രം ചുമത്തി കുറുപ്പംപടി സി.ഐ മജിസ്ട്രേട്ട് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചു. മൃത ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകളും വീടിനുള്ളിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും ഫൊറൻസിക് പരിശോധനക്ക് അയച്ചു.
മേയ് 2: ജിഷയുടെ വീടിന് സമീപത്തെ കനാലിന് സമീപം പുല്ലുകൾക്കിടയിൽ നിന്ന് ഒരു ജോഡി ചെരിപ്പ് പൊലീസിന് ലഭിച്ചു.
മേയ് 3: ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് നിഗമനം. സംശയമുള്ള നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മേയ് 4: കൊലപാതകം വാർത്തയായതോടെ കൂടുതൽ ജനശ്രദ്ധക്ക് വഴിവെച്ചു. പെരുമ്പാവൂർ ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ മാതാവിനെ കാണാൻ വന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഇടത് സംഘടനകളുടെ പ്രതിഷേധം.
മേയ് 5: ജിഷയുടെ ശരീരത്തിൽ ക്രൂര പീഡനത്തിന്‍റെ അടക്കം 38 മുറിവുകൾ ഏറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മേയ് 7: അന്നത്തെ ഡി.ജി.പി ടി.പി സെന്‍കുമാറും ഇന്‍റലിജന്‍സ് മേധാവി എ. ഹേമചന്ദ്രനും കനാൽ കരയിലെ വീട് സന്ദര്‍ശിച്ചു.
മേയ് 7: അന്വേഷണത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളി.
മേയ് 8: അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ പൊലീസ് വകുപ്പിനോട് വിശദീകരണം തേടി.
മേയ് 9: ജിഷ വധക്കേസ് കേരള പോലീസ് ലാഘവത്തോടെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ആദ്യ രേഖാചിത്രം പുറത്തുവിടുന്നു.
മേയ് 12: ജിഷയുടെ ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മേയ് 15: ജിഷയുടെ ചുരിദാറിൽ പറ്റിയ ഉമിനീരിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഡി.എൻ.എ സാമ്പിൾ കണ്ടെത്തി.
മേയ് 25: കേസ് അന്വേഷണത്തിന്‍റെ ചുമതല എ.ഡി.ജി.പി ബി. സന്ധ്യക്ക് കൈമാറാവൻ പിണറായി മന്ത്രിസഭയുടെ ആദ്യ യോഗം തീരുമാനിച്ചു.
മേയ് 27: എ.ഡി.ജി.പി ബി. സന്ധ്യയുടെ മേൽനോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. എറണാകുളം റൂറൽ എസ്.പി യതീഷ് ചന്ദ്ര, പെരുമ്പാവൂർ ഡി.വൈ.എസ്.പി എന്നിവരെ സംഘത്തിൽ നിന്ന് മാറ്റി.
ജൂണ്‍ 2: പുതിയ പൊലീസ് മേധാവിയായി ഡി.ജി.പി ലോക്നാഥ് ബെഹ്റ ചുമതലയേറ്റു.
ജൂണ്‍ 3: കൊലയാളിയുടെ പുതിയ രേഖാചിത്രം പുതിയ അന്വേഷണ സംഘം തയാറാക്കി.
ജൂണ്‍ 5: ഡി.ജി.പി ലോക്നാഥ് ബെഹ്റ ജിഷയുടെ കനാൽ കരയിലെ വീട്ടിലും പരിസരത്തും പരിശോധന നടത്തി.
ജൂണ്‍ 15: തെളിവായ ചെരുപ്പിൽ ജിഷയുടെ രക്ത കോശങ്ങൾ കണ്ടെത്തിയതായി തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബ് റിപ്പോര്‍ട്ട്.
ജൂൺ 16: ജിഷയുടെ കൊലയാളി എന്ന് സംശയിക്കുന്ന അസം സ്വദേശി പൊലീസ് പിടിയിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top