ജിഷയെ കൊലപ്പെടുത്തിയത് അമീറുള്‍ ഇസ്ലാം അല്ലെന്ന മൊഴി പൊലീസ് രേഖപ്പെടുത്തി; കൊല നടത്തിയത് ഒരു രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റിന്റെ പിണിയാള്‍; യുവാവിന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തി പൊലീസ്

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. ജിഷയെ കൊലപ്പെടുത്തിയത് അമീറുള്‍ ഇസ്ലാം അല്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. കോലഞ്ചേരി സ്വദേശിയായ അജിനാണ് കോതമംഗലം ഷോജി, കുറുപ്പംപടി ജിഷ കൊലക്കേസുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്. നിരവധി കേസുകളിലെ പ്രതിയായ അജിന്‍ കൊലപാതകങ്ങളില്‍ തനിക്കൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ച കോതമംഗലം സ്വദേശിയാണ് ജിഷയെ കൊന്നതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതും കോതമംഗലത്തെ അംഗന്‍വാടി അദ്ധ്യാപിക നിനിയുടെയും വീട്ടമ്മയായിരുന്ന ഷോജിയുടെയും കൊലപാതകവും പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകവും തമ്മില്‍ സാമ്യമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നിനിയുടെയും ഷോജിയുടെ കേസുകളില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ കേസുകളില്‍ സമാനതകള്‍ കാരണം ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ മൂവാറ്റുപുഴ മാതിരപ്പള്ളി ഷോജി വധക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അമീറുള്ളിനെ ഈ കേസില്‍ കുടുക്കാനുള്ള തെളിവൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. ഇതിനിടെയാണ് അമീറുള്‍ ഇസ്ലാമല്ല മറ്റൊരാളാണ് ജിഷയെ കൊന്നതെന്ന വെളിപ്പെടുത്തലുമായി അജിന്‍ രംഗത്ത് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അജിന്‍ വെളിപ്പെടുത്തിയത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറല്ലെങ്കിലും അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ തന്നെയാണ് പൊലീസ് ശ്രമിക്കുന്നത്. മൊഴിയില്‍പ്പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സുനില്‍കുമാര്‍ അറിയിച്ചു. ഷോജി കൊല്ലപ്പെട്ട ദിവസം വീട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ മുന്‍ അന്വേഷക സംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ ലബോറട്ടറിയിലെ അസൗകര്യം മൂലം പരിശോധന നീണ്ടുപോകുയായിരുന്നു. അധികം വൈകാതെ ഇത് നടപ്പിലാക്കുന്നതിനാണ് ഇപ്പോഴത്തെ അന്വേഷക സംഘത്തിന്റെ നീക്കം.പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസിലെ മുഴുവന്‍ വിവരങ്ങളും അന്വേഷക സംഘം വിശദമായി പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

കൊലപാതകി ഉപയോഗിച്ച ആയുധത്തെക്കുറിച്ചും വാഹനത്തെക്കുറിച്ചും കൊലനടത്തിയ രീതിയെക്കുറിച്ചും മറ്റും അറിയാമെന്നുമാണ് അജിന്‍ പറയുന്നത്. ബോംബ് നിര്‍മ്മിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്ത് പുത്തന്‍കുരിശ് പൊലീസ് തന്റെ പേരില്‍ കേസെടുത്തിരുവെന്നും മറ്റൊരുകേസ് ഇപ്പോള്‍ നടന്നുവരുന്നുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. നിയമം അറിയാമെന്നും താന്‍ പ്രതിയായ കേസ് സ്വന്തമായി വാദിച്ച് ജയിച്ചിട്ടുണ്ടെന്നും പുത്തന്‍കുരിശ് പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് താന്‍ ഇത്തരത്തില്‍ വിടുതല്‍ സ്വന്തമാക്കിയതെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. കുറച്ചുകാലം മാതിരപ്പിള്ളിയില്‍ താമസിച്ചിരുന്നെന്നും ഈ സമയത്താണ് ജിഷയുടെ കൊലപാതകിയുമായി അടുക്കാന്‍ അവസരമുണ്ടായതെന്നും ഇയാള്‍ക്കൊപ്പം താന്‍ താമസിച്ചിട്ടുണ്ടെന്നും ഇയാള്‍ സംഭാഷണത്തില്‍ അവകാശപ്പെട്ടു.

മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും കൊലപാതകിയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ഇയാള്‍ ഉള്‍പ്പെട്ട ഒരു സെക്‌സ് റാക്കറ്റിന്റെ പിണിയാളാണ് കൊലകള്‍ നടത്തിയതെന്നുമാണ് അജിയുടെ ആരോപണം. ജിഷയെ കൊന്നത് അമിറുള്‍ ഇസ്ലാം അല്ലന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അമിറുളിനെതിരെയുള്ള എല്ലാ തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും യഥാര്‍ത്ഥ കൊലപാതകി സ്ത്രീവിഷയത്തില്‍ കാര്യമായി തല്‍പ്പരനായിരുന്നില്ലന്നും അതിനാലാണ് ലൈംഗികമായി ഉപദ്രവിക്കാതെ കൊല നടത്തി സ്ഥലം വിട്ടതെന്നുമാണ് ഇയാളുടെ വിശദീകരണം. ഈ വിവരം അറിയാവുന്നതിനാലാണ് അമിറുളിന് നിയമ സഹായം ലഭ്യമാക്കുന്നതിനായി ഇടപെട്ടതെന്നും അഡ്വ.ആളൂരിനെ കേസ് ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അമിറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ താന്‍ എഴുതി നല്‍കിയതാണെന്നും അജിന്‍ പറയുന്നു. താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പെണ്‍കുട്ടിയെ ഈ കൊലപാതകി ഉള്‍പ്പെട്ട സംഘം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിച്ചുവെന്നും കുറച്ചുനാള്‍ പെരുമ്പാവൂരില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഷോജിയെ ഈ പെണ്‍കുട്ടിക്ക് അറിയാമെന്നും അജിന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് അജിനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത്.

ഭാര്യ ഷോജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് നാല് പേരെക്കുറിച്ച് സംശയണ്ടെന്നും കാര്യകാരണങ്ങള്‍ നിരത്തി പൊലീസില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടും പേരിന് പോലും അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലന്നും ഷോജിയുടെ ഭര്‍ത്താവ് കോതമംഗലം മാതിരപ്പിള്ളി കണ്ണാടിപ്പാറ ഷാജി പറഞ്ഞു. റിട്ടേര്‍ഡ് പൊലീസുകാരനെയും ഭാര്യയെയും ബന്ധുവിനെയും ഭരണകക്ഷിനേതാവിനെയുമാണ് താന്‍ സംശയിക്കുന്നതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷാജി വെളിപ്പെടുത്തിയിരുന്നു. പാരിതോഷികമോ പണമോകൈപ്പറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷണ പരിധിയില്‍ നിന്നും ഇവരെ ഒഴിവാക്കിയെന്നും ഇത് സംബന്ധിച്ച് താന്‍ എറണാകുളം വിജിലന്‍സ് അന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോക്ക് പരാതി നല്‍കിയിരുന്നെന്നും ഈ പരാതിയിലുള്ള അന്വേഷണപുരോഗതിയേക്കുറിച്ച് തനിക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലന്നും ഷാജി പറയുന്നു. നിരവധി തവണ താന്‍ സംശയിക്കുന്നവരെ സംബന്ധിച്ച് വിവരം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ചെന്നും ‘അവരെക്കുറിച്ചൊന്നും പറയേണ്ട,മറ്റെന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി’എന്നാണ് ഈ ഘട്ടങ്ങളിലെല്ലാം ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നതെന്നും മറ്റുമുള്ള ഷാജിയുടെ പ്രതികരണവും നേരത്തെ പുറത്തുവന്നിരുന്നു.

പെരുംമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടല്‍മാല പുറത്ത് വന്ന നിലിയില്‍ 2016 ഏപ്രില്‍ 28നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ഈ കേസില്‍ കൊലപാതകിയെന്ന് പൊലീസ് സ്ഥിരീകരിച്ച ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിന് ഹൈക്കോടതി വധശക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.2012 ഓഗസ്റ്റ് 8ന് രാവിലെ 10.15 നും 10.45 നും ഇടയിലാണ് ഷോജി ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു മണിയോടെയാണ് സംഭവം പുറലോകം അറിയുന്നത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലാണ് ഇവരുടെ ഇരുനിലവീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയില്‍ പായില്‍ മലര്‍ന്നു കിടക്കുന്ന നിലയില്‍ ഷോജിയുടെ ജഡം കണ്ടെത്തിയത്.

Top