കൊച്ചി: പെരുമ്പാവൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മില്‍ പണത്തിന്റെ കാര്യത്തില്‍ തര്‍ക്കംമെന്ന് റിപ്പോര്‍ട്ട്. പരസ്പരമുള്ള കൈയാങ്കളിക്കിടെ പോലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍. ജിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു ലഭിച്ച പണത്തെ ചൊല്ലി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മിലുണ്ടായ തര്‍ക്കവും വാക്കേറ്റവും തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോതമംഗലം സ്വദേശിനിയായ പോലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റത്.
ജിഷയുടെ മുടക്കുഴയിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് ജിഷയുടെ അമ്മയുടെ സുരക്ഷയ്ക്ക് നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കു നടുവിനു പരുക്ക് പറ്റിയത്. മണിക്കൂറുകള്‍ നീണ്ട വാക്കേറ്റത്തിനു ശേഷമാണ് കൈയാങ്കളി തുടങ്ങിയത്. രാജേശ്വരിയെ കസേരയ്ക്ക് അടിക്കുന്നതു കണ്ട് പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പുറത്ത് അടി കൊള്ളുകയായിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. പോലീസ് ഇവരുടെ മൊഴി എടുത്തു. എന്നാല്‍ സംഭവം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.
ആനുകൂല്യങ്ങളെ ചൊല്ലി അമ്മയും മകളും തമ്മില്‍ നേരത്തെയും വാക്കേറ്റം നടന്നിരുന്നു. ദീപയ്ക്ക് ജോലി ലഭിച്ചപ്പോള്‍ ആ ജോലി രാജേശ്വരിക്കു വേണമെന്നു വാശിപിടിച്ചിരുന്നു. ജിഷയുടെ പേരില്‍ ദീപയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും അമ്മ ഉദ്യോഗസ്ഥരോടു പറയുകയുണ്ടായി.
ജിഷയുടെ മരണത്തെ തുടര്‍ന്നു ലക്ഷക്കണക്കിനു രൂപയാണ് രാജേശ്വരിക്ക് ലഭിച്ചത്. ഈ തുകയുടെ അവകാശത്തെ ചൊല്ലി പിതാവ് പാപ്പുവും കോടതിയെ സമീപിച്ചു. ജിഷ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൂത്ത മകള്‍ക്കു ജോലി നല്‍കുകയും 10 ലക്ഷത്തിന്റെ സാമ്പത്തിക സഹായവും വീട് നിര്‍മിച്ചുനല്‍കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപ ഇതുകൂടാതെ പല വ്യക്തികളും സംഘടനകളും നല്‍കുകയും ചെയ്തു. പിതാവായ തനിക്കും ഇതില്‍ അവകാശമുണ്ടെന്നാണ് പാപ്പുവിന്റ വാദം. പട്ടികജാതിക്കാരനായ തന്റെ മേല്‍വിലാസത്തില്‍ ലഭിച്ച സഹായങ്ങള്‍ ഇവര്‍ ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയാണെന്ന് പാപ്പു നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു.
ജിഷയുടെ കൊലപാതകത്തെത്തുടര്‍ന്ന് സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചിരുന്നു. ജിഷയുടെ അമ്മയ്ക്കു മാസത്തില്‍ 5000 രൂപ വീതം പെന്‍ഷനും അനുവദിച്ചു.