
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജിഷവധക്കേസിൽ കേസ് അന്വേഷിച്ച കുറുപ്പംപടി പൊലീസ് സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ നടപടിയ്ക്കു ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ തന്നെ തെളിയിക്കാമായിരുന്ന ഒരു കേസ് ഇത്രത്തോളം കുഴപ്പം പിടിച്ച സാഹചര്യത്തിലേയ്ക്കു എത്തിച്ച സാഹചര്യം സൃഷ്ടിച്ചതിനാണ് ഈ പൊലീസുകാർക്കെതിരെ നടപടിക്കു ഇന്റലിജൻസ് മേധാവി എഡിജിപി ശ്രീലേഖ ശുപാർശ ചെയ്തിരിക്കുന്നത്.
കൊലപാതകം നടന്ന അന്നു തന്നെ ജിഷയുടെ വീട്ടിലെത്തിയ കുറുപ്പമ്പടി എസ്‌ഐയും സിഐയുമാണ് കേസിൽ ആദ്യമായി സംഭവ സ്ഥലം സന്ദർശിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥർ. ഈ ഉദ്യോഗസ്ഥർ കൃത്യമായി റിപ്പോർട്ട് നൽകാതിരുന്നതാണ് പ്രാഥമിക ഘട്ടത്തിൽ കേസിൽ വൻ വീഴയുണ്ടാകാൻ കാരണമായതെന്നാണ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
അയൽവാസികളുമായി അടക്കം നിരന്തരം വാക്കുതർക്കത്തിലേർപ്പെട്ടിരുന്നവരായിരുന്നു ജിഷയും കുടുംബവും. പരാതികളുമായി നിരന്തരം പൊലീസിനെ ശല്യം ചെയ്തിരുന്ന ജിഷയെയും കുടുംബത്തെയും കുറുപ്പമ്പടിയിലെ പൊലീസ് സ്റ്റേഷനിലുള്ളവർക്കു വ്യക്തമായി അറിയാമായിരുന്നു. കൊലപാതകം നടന്നെങ്കിലും ഇത് കാര്യമായി നാട്ടുകാരെ സ്വാധീനിക്കില്ലെന്നും, അതു കൊണ്ടു തന്നെ വലിയ പ്രാധാന്യം വിഷയത്തിനു ലഭിക്കില്ലെന്നുമാണ് പൊലീസ് കരുതിയതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
ഇതേ തുടർന്നാണ് ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘം വിഷയത്തിൽ വേണ്ട രീതിയിൽ ഇടപെടാതിരുന്നത്. ഇതേ തുടർന്നാണ് കേസ്ിൽ ആദ്യം ഉഴപ്പിയതെന്നുമാണ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്. കൊലക്കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയ സിഐയ്ക്കും എസ്‌ഐയ്ക്കും എതിരെ അച്ചടക്ക നടപടി എടുക്കണമെന്നും ഇന്റലിജൻസ് വിഭാഗം ആവശ്യപ്പെടുന്നു.