
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: ജിഷ വധക്കേസ് പ്രതി അമീറുള്ളിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ ചിത്രങ്ങൾ പ്രചരിക്കുന്നു. വിവിധ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയാണ് ഇപ്പോൾ ചിത്രങ്ങൾ പ്രചരിക്കുന്നത്. അമീർ പിടിയിലായതിന് പിന്നാലെ അയാളുടെ ജന്മനാട്ടിലുള്ള ചില സുഹൃത്തുക്കൾ പുറത്തു വിട്ട ചിത്രങ്ങൾ എന്ന പേരിലാണ് ഇപ്പോൾ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. അമീറിനെ തിരക്കി കേരള പോലീസ് അസമിൽ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് അമീറിന്റേതെന്ന് കരുതുന്ന ചിത്രങ്ങൾ പുറത്തുവന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.
അമീറിനെ തിരക്കി അസാമിൽ എത്തിയ അന്വേഷണ സംഘം കൈവശമുണ്ടായിരുന്ന ചില ഫോട്ടോകൾ അമീറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചിരുന്നതിനു പിന്നാലെയാണ് വർഷങ്ങൾക്കു മുമ്പ് നാട്ടിൽനിന്നു പോയ അമീറിന്റെ ചിത്രങ്ങൾ ബന്ധുക്കൾ അയച്ചു നൽകിയത്. ഈ ചിത്രമാണ് പുറത്തായതെന്നാണ് വിവിധ സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ ചിത്രത്തിനു പൊലീസിന്റെ രേഖാചിത്രവുമായി ബന്ധമില്ലെന്നും ഇവർ പറയുന്നു.
എന്നാൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തയാറാക്കിയ പത്തിലധികം രേഖാചിത്രങ്ങളിൽ രണ്ടെണ്ണം മാത്രമാണു പുറത്തുവിട്ടതെന്നും സാമ്യമില്ലാത്ത രേഖാചിത്രങ്ങൾ പുറത്തുവിട്ടത് പ്രതിയെ കബളിപ്പിച്ച് കസ്റ്റഡിയിൽ എടുക്കാനായിരുന്നു പോലീസിന്റെ ശ്രമമെന്നുമാണ് അധികൃതർ നൽകുന്ന സൂചന.
അതിനിടെ അമീറിന്റെ ഡിഎൻഎ പരിശോധന മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്താനായി കുറുപ്പംപടി സബ് കോടതിയിൽ പ്രത്യേക അന്വേഷണസംഘം ഇന്നലെ അപേക്ഷ നൽകി. ജിഷയുടെ ചുരിദാറിൽനിന്നു ലഭിച്ച ഉമിനീർ, വാതിൽ കൊളുത്തിൽനിന്നു ലഭിച്ച രക്തം, നഖത്തിൽനിന്നു ലഭിച്ച കോശങ്ങൾ എന്നിവയുടെ ഡിഎൻഎ അമീറിന്റേതാണെന്ന് ആദ്യം നടന്ന അനൗദ്യോഗിക
പരിശോധനയിൽ തെളിഞ്ഞിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. കേസിൽ വനിത പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ നീക്കമുണ്ട്.