![](https://dailyindianherald.com/wp-content/uploads/2016/05/deepa.jpg)
ക്രൈം ഡെസ്‌ക്
കൊച്ചി: പെരുമ്പാവൂരിൽ വീടിനുള്ളിൽ ക്രൂരമായി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി ദീപയെ കൂട്ടു പ്രതിയാക്കാൻ പൊലീസ് നീക്കം. ജിഷയുടെ സഹോദരി ദീപ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു കാട്ടിയാണ് പൊലീസ് ദീപയ്‌ക്കെതിരെ ഇപ്പോൾ കേസെടുക്കാൻ ഒരുങ്ങുന്നത്. ദീപയുടെ സുഹൃത്താണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൊലപാതകം നടന്നു പന്ത്രണ്ടു ദിവസം പിന്നിടുമ്പോഴും കൃത്യമായ സൂചനകളില്ലാത്ത പൊലീസ് ഇപ്പോൾ അന്വേഷണം ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയിലേയ്ക്കു കേന്ദ്രീകരിക്കുകയാണ്. സംഭവ ദിവസം പോലും ഈ ഇതര സംസ്ഥാന തൊഴിലാളി ദീപയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നാൽ പൊലീസ് പറയുന്നത്. അന്നു ഇരുവരും പങ്കു വച്ച കാര്യങ്ങളാണ് പൊലീസ് ദീപയോടു ചോദിച്ചത്. എന്നാൽ, ഇതു സംബന്ധിച്ചു കൃത്യമായ ഉത്തരം നൽകാൻ ദീപ തയ്യാറാകാത്തതിനെ തുടർന്നാണ് ഇപ്പോൾ ഇവരെയും പ്രതിയാക്കാൻ നീക്കം നടക്കുന്നത്.
ജിഷയുടെ വീട്ടിൽ ഇന്നലെ നടത്തിയ സൂക്ഷ്മ പരിശോധനയിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സാധനം വാങ്ങിയതിന്റെ ബിൽ പോലീസ് കണ്ടെടുത്തു. ഇത് പ്രതിയുടേതാണോ എന്ന് പരിശോധിക്കാൻ ഫോറൻസിക് വിദഗ്ധർ ഇന്നലെ കുറുപ്പംപടി സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ എത്തിയിരുന്നു. രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്യുന്ന ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അന്വേഷണ സംഘത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം എവിടെയെന്നു പ്രതി വെളിപ്പെടുത്തിയിട്ടില്ല.ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീട്ടിൽ നിന്നു ലഭിച്ച പെരുമ്പാവൂർ എ.എം. റോഡിലെ പർദ സെന്ററിന്റെ കവർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ജിഷയുടെ മൃതദേഹത്തിനരികിൽനിന്നാണ് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കവർ ലഭിച്ചത്. കവറിന് അധികം പഴക്കമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഹിന്ദു സമുദായത്തിൽപ്പെട്ട ജിഷ പർദ സെന്ററിൽ പോകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം.ബസ് സ്‌റ്റോപ്പിൽ നിന്ന് ഏറെ മാറിയുള്ള സ്ഥാപനത്തിൽ ജിഷയോ അമ്മയോ എത്താൻ സാധ്യതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സ്ഥാപനത്തിനു സമീപം നിരവധി അന്യസംസ്ഥാനക്കാരായ കെട്ടിട നിർമാണ തൊഴിലാളികൾ തങ്ങുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊല ചെയ്യപ്പെട്ട അന്ന് ജിഷ പുറത്തുപോയതായി വിവരം ലഭിച്ചിട്ടില്ല. അമ്മ രാജേശ്വരി നേരത്തേ തന്നെ വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു. ഇതേ തുടർന്നാണ് ഈ കവർ കൊലയാളിയുടേതാണെന്ന നിഗമനത്തിൽ എത്തിയത്. ഇളം പച്ച പിടിയോട് കൂടിയതും സ്ഥാപനത്തിന്റെ പേര് ഇരുവശത്തും പ്രിന്റ് ചെയ്തതുമായ വെള്ളയും പല നിറങ്ങളും ചേർന്ന തുണി സഞ്ചിയാണ് ജിഷയുടെ വീട്ടിൽ നിന്നു ലഭിച്ചത്. ഇതിന്റെ ഇരുവശങ്ങളിലും അടിയിലും രക്തക്കറ പുരണ്ടിരുന്നു. അസ്വാഭാവികമായ രീതിയിലാണ് കവർ വച്ചിരുന്നത് എന്നതിലും ദുരൂഹതയുണ്ട്.
ജിഷയുടെ വീടും പരിസരവും പോലീസ് ഇന്നലെ വീണ്ടും പരിശോധിച്ചു. ജിഷയുടെ വീടിനു മുന്നിലുള്ള കനാലിലും പിന്നിലെ പറമ്പിലുള്ള ചെങ്കല്ല് മടയിലും തെരച്ചിൽ നടത്തിയെങ്കിലും ആയുധങ്ങളോ വസ്ത്രങ്ങളോ കണ്ടെത്താനായില്ല.
കസ്റ്റഡിയിലുള്ള പ്രതി നൽകിയ വിവരമനുസരിച്ച് ജിഷയുടെ വീടിനു സമീപമുള്ള ഇരിങ്ങോൾ കാവിലെ വനത്തിൽ ആയുധത്തിനായി പോലീസ് തെരച്ചിൽ നടത്തി. ഇരുപത്തഞ്ച് ഏക്കർ വിസ്തൃതിയുള്ള വനത്തിലെ തെരച്ചിൽ ദുഷ്‌കരമെന്ന് മനസിലാക്കി പോലീസുകാർ പിൻവാങ്ങി. ആയുധം കണ്ടെത്താനായാലും അത് പ്രതി കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നു ശാസ്ത്രീയമായി തെളിയിക്കാൻ ബുദ്ധിമുട്ടാകുമെന്നു പോലീസ് കരുതുന്നു. സംഭവശേഷം കുറുപ്പംപടി പ്രദേശത്ത് നാലു തവണ മഴ പെയ്തതാണു പ്രശ്‌നം.സൈബർ സെൽ മുൻ സി.ഐ. ഫ്രാൻസിസ് പെരേര കേസിനു തുമ്പുണ്ടാക്കാനുതകുന്ന നിർദേശങ്ങളടങ്ങിയ ഫയൽ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി. എന്നാൽ, ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുള്ള പദ്ധതിയാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.