
സ്വന്തം ലേഖകൻ
കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർഥി ജിഷയെ കൊലപ്പെടുത്തിയ പ്രതി അമിനൂൾ ഇസ്ലാം വാടക കൊലയാളിയെന്ന സൂചനകൾ ബലപ്പെടുന്നു. പ്രതി പിടിയിലാകുന്നതിനു ഒരാഴ്ച മുൻപ് ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും കൊലകത്തിയും രക്തം പുരണ്ട വസ്ത്രങ്ങൾ അടിങ്ങിയ ബാഗും ഒളിപ്പിച്ചതായി പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തിൽ പിന്നിൽ മറ്റാരൊക്കെയോ ഉണ്ടെന്ന സൂചനകൾ ശക്തമായത്.
പ്രതി അമിനൂൾ കൊലപാതകത്തിനു ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും കൊലക്കത്തിയും ബാഗിനുള്ളിലാക്കി ഇയാൽ താമസിച്ചിരുന്ന ലോഡ്ജിൽ സൂക്ഷിച്ചിരുന്നതായാണ് പ്രതി അമിനൂൾ പൊലീസിനു മൊഴി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ലോഡ്ജിൽ പരിശോധന നടത്തി ബാഗും കൊലപാതകത്തിനു ഉപയോഗിച്ചതെന്നു സംശയിക്കുന്ന കത്തിയും പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, സംഭവ ദിവസം പ്രതി ധരിച്ചിരുന്ന മഞ്ഞ ഷർട്ട് കണ്ടെടുക്കാൻ സാധിക്കാതിരുന്ന പൊലീസിനു, കത്തിയെപ്പറ്റി ആദ്യ ദിനം തന്നെ സംശയവുമുണ്ടായിരുന്നു.
ഇതേ തുടർന്നു കൊലനടത്താൻ ഉപയോഗിച്ച ആയുധവും, വസ്ത്രങ്ങളും പൊലീസ് ഫോറൻസി പരിശോധനയ്ക്കു അയച്ചു. ഈ പരിശോധനയിലാണ് സംഭവത്തിനുപയോഗിച്ചിരുന്നതല്ല ആയുധമെന്നു കണ്ടെത്തിയത്. ആയുധത്തിലെയും വസ്ത്രത്തിലെയും രക്തം തമ്മിൽ യോജിച്ചിരുന്നില്ല. ഇതു മാത്രമല്ല കത്തി ഒരാഴ്ച മുൻപ് മറ്റാരോ മുറിയിൽ നിന്നും എടുത്തു മാറ്റുകയും ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അമിനുളിനു ഉന്നത ബന്ധം ഉണ്ടായിരുന്നതായും ഇയാൾ ക്വട്ടേഷൻ ഏറ്റെടുത്താണ് ജിഷയെ കൊലപ്പെടുത്തിയതെന്നും പൊലീസിനു സൂചന ലഭിച്ചതായി കഴിഞ്ഞ ദിവസം ഡിഐഎച്ച് ന്യൂസ് കണ്ടെത്തിയിരുന്നു. ഇതിനു ബലം പകരുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പൊലീസ് പുറത്തു വിടുന്നത്. കേസിന്റെ ആദ്യ ഘട്ട അന്വേഷണം മാത്രമാണ് പൂർത്തിയായിരിക്കുന്നതെന്നും തുടർ അന്വേഷണം ഉണ്ടാകുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ചേർത്ത് വായിക്കുമ്പോഴാണ് പുതിയ തെളിവുകൾ പൊലീസിനു ഇതു സംബന്ധിച്ചു ലഭിച്ചിട്ടുണ്ടെന്ന സൂചനകൾ പുറത്തു വരുന്നത്.