![](https://dailyindianherald.com/wp-content/uploads/2016/05/jisaha.png)
കൊച്ചി: പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചെന്ന് അവകാശപ്പെടുമ്പോഴും പോലീസ് നീക്കങ്ങളില്‍ അടിമുടി ദുരൂഹത.
അതിക്രൂരമായ കൊലപാതകം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ നേരിയ പുരോഗതിപോലും കൈവരിക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. പച്ചമാങ്ങ കടിപ്പിക്കലും ബൂത്ത് കെട്ടി കൈവിരലടയാളം ശേഖരിക്കലുമടക്കം പൊലീസിന്റെ അന്വേഷണരീതികള്‍ പ്രഹസനമാകുന്നു.
ജിഷയുടെ പുറത്തുകണ്ട കടിയുടെ പാട് പല്ലുകള്‍ തമ്മില്‍ അസാമാന്യ വിടവുള്ള ഒരാളുടേതാണെന്ന നിഗമനത്തിലാണ് പച്ചമാങ്ങ കടിപ്പിക്കുന്നത്. സമീപപ്രദേശത്തുള്ള സംശയമുള്ളവരെയും കസ്റ്റഡിയിലുള്ളവരെയും അടക്കം 30 ഓളം പേരെ ഇതിനകം മാങ്ങ കടിപ്പിച്ചു. പല്ലിന് വിടവുള്ള കുറ്റവാളികളുടെയും കൊലക്കേസ് പ്രതികളുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
വിരലടയാള ശേഖരണ യജ്ഞവും തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ബൂത്ത്‌കെട്ടി കൈവിരലടയാളം ശേഖരിച്ചിട്ടും 800 പേരുടെ വിരലടയാളം മാത്രമേ ലഭിച്ചിട്ടുള്ളൂ. രായമംഗലം പഞ്ചായത്ത് 8, 9 വാര്‍ഡിലെ പുരുഷന്മാരുടെ വിരലടയാളമാണ് ശേഖരിക്കുന്നത്. രണ്ടു വാര്‍ഡിലുമായി 1400 ഓളം പുരുഷന്മാരുണ്ട്. ജിഷയുടെ അച്ഛന്‍ പാപ്പുവില്‍നിന്ന് വിശദമായി മൊഴിയെടുത്തതു മാത്രമാണ് വെള്ളിയാഴ്ചത്തെ അന്വേഷണ പുരോഗതി. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മൂന്നുമണിക്കൂര്‍ നീണ്ടു.
അതിനിടെ ജിഷ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് സൂചനയുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കെമിക്കല്‍ ലാബിലെയും ഫോറന്‍സിക് ലാബിലെയും പ്രാഥമിക പരിശോധനയില്‍ ജിഷയുടെ ആന്തരികാവയവങ്ങളില്‍ പുരുഷബീജം കണ്ടെത്താനായില്ലെന്നും വ്യാഴാഴ്ച വൈകിട്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍നിന്ന് ഈ വിവരം ലഭിച്ചതെന്നും പൊലീസ് പറയുന്നു. ജിഷയുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ട രക്തത്തിന്റെ ഗ്രൂപ്പ് നിര്‍ണയിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി നടത്തി അടുത്ത ബുധനാഴ്ചയോടെ മാത്രമേ മെഡിക്കല്‍ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിക്കൂ.