ജിഷവധം; പൊലീസ് നശിപ്പിച്ച തെളിവെന്തെന്ന് വ്യക്തമാക്കണം; പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ജിഷ വധാക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യപ്രചരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷയുടെ വധവുമായി ബന്ധപ്പെട്ട് പൊലീസ് നശിപ്പിച്ച തെളിവെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ്‌ചെന്നിത്തല ആവശ്യപ്പെട്ടു. ആദ്യ അന്വേഷണസംഘം കണ്ടെത്തിയതിനേക്കാള്‍ എന്ത് കൂടുതല്‍ തെളിവുകളാണ് പുതിയ അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതി കൊലയ്ക്ക് ഉപയോഗിച്ച കത്തി, പ്രതിയുടെ ചെരിപ്പ് എന്നിവ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. ജിഷയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹം സംസ്ക്കരിക്കുന്നതിനായി വിട്ടുനല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി
ജിഷവധക്കേസില്‍ അന്വേഷിച്ച പൊലീസിന്‍റെ ആദ്യ അന്വേഷണസംഘത്തിന് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. പ്രാഥമികനിഗമനത്തിലെ കാലതാമസവും മൃതദേഹം പെട്ടന്ന് ദഹിപ്പിച്ചതും ജനങ്ങളില്‍ അ‌വമതിപ്പുണ്ടാക്കി.ഉന്നതലങ്ങളില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെളിവുകള്‍ നഷ്‌ടമായി. പിന്നീട് ലഭിച്ച തെളിവുകളും ശാസ്ത്രീയ മാര്‍ഗങ്ങളും വഴിയാണ് കേസ് തെളിയിച്ചതെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

Top