ജിഷയുടെ കൊലപാതകം മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു..ദേശീയ നേതാക്കള്‍ പ്രതിക്ഷേധിച്ചുതുടങ്ങി

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടി ജിഷ കൊല്ലപ്പെട്ട സംഭവം ദേശീയ ശ്രദ്ധയിലെത്തിത്തുടങ്ങി. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന സര്‍ക്കാറില്‍നിന്നും പൊലീസില്‍നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. കടുത്ത പ്രതിഷേധ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി വക്താവ് മീനാക്ഷി ലേഖിയും രംഗത്തുവന്നു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു. മറ്റിടങ്ങളിലെ ദലിത് പ്രശ്നങ്ങളില്‍ ചാടി ഇടപെടാറുള്ള രാഹുല്‍ ഗാന്ധി പെരുമ്പാവൂര്‍ സംഭവത്തില്‍ മൗനം പാലിക്കുകയാണെന്ന് മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ കേസിനെ അനുസ്മരിപ്പിക്കുന്ന ക്രൂരതയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍, കോണ്‍ഗ്രസിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളില്‍ മാത്രമേ രാഹുലിനും സോണിയക്കും താല്‍പര്യമുള്ളൂ. പെരുമ്പാവൂര്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കാന്‍പോലും ഇരുവര്‍ക്കും സമയം ലഭിച്ചില്ളെന്നും ലേഖി കുറ്റപ്പെടുത്തി.

ലേഖിയുടെ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ രാഹുലിന്‍െറ പ്രതികരണം വന്നു. പെരുമ്പാവൂര്‍ സംഭവം കേട്ട് വല്ലാതെ വേദനിച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുമായി സംസാരിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും രാഹുല്‍ തുടര്‍ന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന രാഹുല്‍ ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാഹുലിനെതിരായ ബി.ജെ.പിയുടെ ആക്ഷേപം രാഷ്ട്രീയം മാത്രമാണെന്നും സിന്ധ്യ കുറ്റപ്പെടുത്തി. പെരുമ്പാവൂര്‍ സംഭവം അറിഞ്ഞ് ദു$ഖിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. കുറ്റവാളിയെ കണ്ടത്തെി കടുത്ത ശിക്ഷ നല്‍കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം നീച സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. ക്രിമിനല്‍ നിയമം പരിഷ്കരിച്ച് ശിക്ഷ വര്‍ധിപ്പിച്ചിട്ടും സ്ത്രീകള്‍ വീട്ടില്‍പോലും സുരക്ഷിതരല്ളെന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന് അയച്ച നോട്ടീസില്‍ പറഞ്ഞു. പെരുമ്പാവൂരില്‍ സംഭവിച്ച ക്രൂരതയെക്കുറിച്ച് പറയാന്‍ വാക്കുകളില്ളെന്നും കമീഷന്‍ പറഞ്ഞു. രണ്ടാഴ്ചക്കകം വിശദമായ നടപടി റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറി, ഡി.ജി.പി, എറണാകുളം റൂറല്‍ എസ്.പി എന്നിവര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമീഷന്‍ ആവശ്യപ്പെട്ടു.perumbavoor-Jisha

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും പട്ടികജാതി ഗോത്ര കമീഷനും കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് രണ്ട് കമീഷനുകളും കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. സമര്‍ഥരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ച് കേസിന് ഉടന്‍ തുമ്പുണ്ടാക്കണം.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍െറ പുരോഗതി റിപ്പോര്‍ട്ട് മേയ് 30ന് കമീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിക്കും കൊച്ചി റെയ്ഞ്ച് ഐ.ജിക്കും എറണാകുളം റൂറല്‍ എസ്.പിക്കും നിര്‍ദേശം നല്‍കി. ജിഷയുടെ കൊലപാതകം ഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകത്തെക്കാള്‍ അതിക്രൂരവും പൈശാചികവുമാണെന്ന് കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. പകല്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടുപിടിക്കാന്‍ പറ്റില്ളെന്ന് പറയുന്നത് പൊലീസിന് നാണക്കേടാണെന്നും ജ. കോശി ഉത്തരവില്‍ പറയുന്നു. പട്ടികജാതി ഗോത്ര കമീഷന്‍ ജഡ്ജി പി.എന്‍. വിജയകുമാറാണ് കേസെടുത്തത്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചു.
ജിഷയുടെ കൊലപാതകം ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും നടക്കാന്‍ പറ്റാത്ത കിരാത സംഭവമാണ് ഉണ്ടായത്. കുറ്റക്കാരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരും.
ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ വിളിച്ചുവരുത്തിയാണ് റിപ്പോര്‍ട്ട് തേടിയത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ളെന്ന ബന്ധുക്കളുടെ ആരോപണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഡി.ജി.പിയോട് വിശദീകരണം തേടിയത്. എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യത്തോടും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതിനിടെ ജിഷയുടെ അമ്മയെ സ ന്ദര്‍ശിക്കാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ജനക്കൂട്ടം തടഞ്ഞു. ജിഷയുടെ അമ്മ രാജേശ്വരി ചികില്‍സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മന്ത്രി എത്തിയത്.
കൊല നടന്ന് ദിവസങ്ങളായിട്ടും പൊലീസ് അന്വേഷണത്തില്‍ ഉദാസീനത കാട്ടുന്നതായ് ആരോപിച്ചാണ് ചെന്നിത്തലയെ തടഞ്ഞത്. ഡി വൈ എഫ് ഐ, എസ് ഡി പി ഐ പ്രവര്‍ത്തകരാണ് തടഞ്ഞത്.

പൊലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നെങ്കിലും ജനം പിന്‍മാറിയില്ല. സംഘര്‍ഷം ഏറിയതോടെ മന്ത്രി സന്ദര്‍ശനം ഉപയോഗിച്ച് മടങ്ങുകയായിരുന്നു. മകളുടെ മരണത്തിന്റെ ആഘാതത്തില്‍ രാജേശ്വരി ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലാണ്.

പിന്നീട് മന്ത്രി ജിഷ കൊല്ലപ്പെട്ട രായമംഗലം ഇരുവിവിച്ചിറയിലെ കനാല്‍ പുറമ്പോക്ക് വീട് ചെന്നിത്തല സന്ദര്‍ശിച്ചു. പൊലീസ് കാവലിലായിരുന്നു ഇത്.

Top