പെരുമ്പാവൂര്‍:കേള പോലീസ് തെളിവിനായി ഇുട്ടില്‍ തപ്പുന്നു.ജിഷ വധക്കേസില്‍ പോലീസിന്റെ കുറ്റാന്വേഷണത്തില്‍ ഒരിക്കല്‍ കൂടി കത്തി വില്ലനാകുന്നു. മുമ്പ് പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രധാന തെളിവായ എസ് കത്തി പോലീസിന് ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസിലും പ്രധാന തെളിവായ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്താനുള്ള തത്രപ്പാടിലാണ് അന്വേഷണസംഘം.
ജിഷ വധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തെ ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി, കൊല നടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ തുടങ്ങിയവ പ്രധാന തെളിവുകളാണ്. പ്രതിയെ പിടികൂടി തിരിച്ചറിയല്‍ പരേഡിലൂടെ സ്ഥിരീകരിക്കുകയും ചെയ്‌തെങ്കിലും കത്തിയും വസ്ത്രങ്ങളും കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെ കൊല്ലപ്പെട്ട ജിഷയുടെ വീടിന്റെ പരിസരത്തും കനാലിലും അന്വേഷണസംഘം ആയുധത്തിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനാലിലൂടെ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായും തടസപ്പെടുത്തിയതിന് ശേഷമായിരുന്നു പരിശോധന. പോലീസ് മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്.
പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ദിവസം തന്നെ രാത്രി വൈദ്യശാലപ്പടിയിലെ ഇയാളുടെ താമസസ്ഥലത്തുനിന്നും ഒരു കത്തി കണ്ടെത്തിയിരുന്നു. പ്രത്യേ അന്വേഷണസംഘവും ഫോറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനക്കിടെ നാട്ടുകാരില്‍ ചിലരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കത്തി ചൂണ്ടിക്കാണിച്ചത്. എന്നാല്‍, കത്തി കണ്ടെത്തിയ വിവരം കുറുപ്പംപടി പോലീസ് നിഷേധിച്ചിരുന്നു.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് ജിഷയുടെ വീടിന്റെ തൊട്ടപ്പുറത്തുള്ള പറമ്പില്‍നിന്നും ഒരു കത്തി കണ്ടെടുത്തിരുന്നു. പ്രതി കൊലയ്ക്കുപയോഗിച്ച കത്തി തന്നെയാമെന്ന് കരുതി പോലീസ് ഇത് തെളിവായിട്ട് ബന്തവസിലാക്കുകയും ചെയ്തു. പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ കത്തി വീടിനടുത്ത പറമ്പില്‍ ഉപേക്ഷിച്ചെന്നാണ് പറഞ്ഞിരുന്നതും. എന്നാല്‍, കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇതല്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും പ്രതി അമീറുള്‍ തന്നെയാണെന്ന് തെളിയിക്കാന്‍ കൊലയ്ക്കുപയോഗിച്ച ആയുധവും രക്തം പുരണ്ട വസ്ത്രവും അനിവാര്യമാണ്. ഇന്നോ നാളെയോ കൊലനടന്ന ജിഷയുടെ വീട്ടിലും വൈദ്യശാലപ്പടിയിലെ പ്രതിയുടെ താമസസ്ഥലത്തും തെളിവെടുപ്പിനായി കൊണ്ടുവരുമ്പോള്‍ ഈ തെളിവുകളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. താമസസ്ഥലത്തു നിന്നു കണ്ടെത്തിയ കത്തിയും വസ്ത്രവും പ്രതിയെ കാണിച്ചുകൊടുത്തു തിരിച്ചറിയാന്‍ ശ്രമിക്കും.
അതേസമയം കൃത്യത്തിനു തൊട്ടുമുമ്പ് മദ്യപിച്ചിരുന്നപ്പോള്‍ ജിഷയോടു പ്രതികാരം ചെയ്യാന്‍ സഹായം അഭ്യര്‍ഥിച്ച കൂട്ടുകാരില്‍ ഒരാളായ അനാറുല്‍ ഇസ്ലാമിന്റെ തിരോധാനവും പോലീസിനെ കുഴയ്ക്കുകയാണ്. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ അനാറുല്‍നിന്നും അസാമിലെത്തിയ അന്വേഷണസംഘം പ്രാഥമിക മൊഴിയെടുത്തെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലിനൊരുങ്ങുന്നതിനിടയിലാണ് ഇയാള്‍ ആസാമിലെ വീട്ടില്‍നിന്നും കടന്നുകളഞ്ഞത്. അനാറിന്റെ മൊഴിയും കേസില്‍ പ്രതിക്കെതിരേ ശക്തമായ തെളിവാകും.
ഇതിനിടെ പ്രതി പറയുന്ന കാര്യങ്ങള്‍ ഒന്നുംതന്നെ ജിഷയുടെ മാതാവ് അറിയില്ലെന്ന മറുപടിയാണ് അന്വേഷണസംഘത്തിന് നല്കുന്നത്. ഇത് അന്വേഷണത്തെ കുഴയ്ക്കുന്നുണ്ട്. അതിനാല്‍ മാതാവിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. സംഭവത്തിന് ശേഷം സഹോദരി ദീപയും മാതാവും ഒന്നും വ്യക്തമായി വെളിപ്പെടുത്താത്തത് ദുരൂഹതയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അന്വേഷണം നിര്‍ണയാകഘട്ടം പിന്നിട്ട പശ്ചാത്തലത്തില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു. 125 അംഗ സംഘത്തില്‍ ഇനി മുപ്പതില്‍ താഴെയാണ് അംഗങ്ങള്‍ ഉള്ളത്. എഴുത്തുകുത്തുകള്‍ നടത്തുന്നതിനും മറ്റും ചുമതലപ്പെട്ടവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് ഇനി അന്വേഷണസംഘത്തില്‍ ഉള്ളത്. പോലീസ് കസ്റ്റഡിയില്‍ പ്രതിയെ ലഭിച്ചാല്‍ ഉടന്‍ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.