
സ്വന്തം ലേഖകൻ
കൊച്ചി: പാർട്ടിക്കു വേണ്ടി രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ പോലും സഹായിക്കുന്നതിൽ വിമുഖത കാണിക്കുന്ന കോൺഗ്രസ് പാർട്ടി കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയായ ജിഷയുടെ കുടുംബത്തിനു 15 ലക്ഷം രൂപ നൽകിയതെന്ന ചോദ്യം വീണ്ടും ചർച്ചാവിഷയമാകുന്നു. ജിഷയെ കൊലപ്പെടുത്തിയത് അമിനൂൾ ഒറ്റയ്ക്കല്ലെന്നും അമിനുൾ വാടകകൊലയാളിയാണെന്നുമുള്ള പൊലീസിന്റെ നിഗമനത്തോടെയാണ് ഇപ്പോൾ കെപിസിസി നൽകിയ പണം വീണ്ടും ചർച്ചാ വിഷയമാകുന്നത്.
കോൺഗ്രസിന്റെ മുതിർന്ന നേതാവിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെയാണ് ആദ്യ ഘട്ടത്തിൽ കേസിലുണ്ടായ നിർണായകമായ സംഭവങ്ങൾ പുറം ലോകത്ത് എത്തിയത്. കേസിൽ ആദ്യ ഘട്ടത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാറ്റാൻ പോലും അന്ന് അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. സോളാർ കേസിന്റെ ആദ്യ ഘട്ടത്തിൽ ഇടപെടൽ നടത്തിയ പെരുമ്പാവൂർ സിഐയും എസ്‌ഐയുമായിരുന്നു ജിഷ കേസും ആദ്യ ഘട്ടത്തിൽ അന്വേഷിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കേസിലെ കോൺഗ്രസ് പാർട്ടിയുടെ ഇടപെടലും ജിഷയ്ക്കും കുടുംബത്തിനുമുള്ള ധനസഹായവും വീണ്ടും ചർച്ചാ വിഷയമാകുന്നത്. ജിഷ കൊല്ലപ്പെട്ട ദിവസം തന്നെ അതിവേഗം പോസ്റ്റ്മാർട്ടം നടത്തുകയും, രാത്രി തന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്യാൻ കൂട്ടു നിന്ന പൊലീസ് ആദ്യ ഘട്ടം മുതൽ ഒത്തു കളിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇതേ സാഹചര്യത്തിലാണ് ഇപ്പോൾ സംഭവത്തിനു പിന്നിൽ കൂടുതൽ ആളുകളും, ഗൂഡാലോചനയും ഉണ്ടെന്നു സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിരിക്കുന്നത്.
കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്നാണ് ജിഷയുടെ വധക്കേസിൽ പ്രതി അറസ്റ്റിലായതോടെ വ്യക്തമായിരിക്കുന്നത്. പെരുമ്പാവൂരിൽ മറ്റാർക്കും മുഖം നൽകാതെ മറ്റാരെയും പരിചയപ്പെടാൻ തയ്യാറാകാതിരുന്ന പ്രതി ജിഷയും കുടുംബവുമായി മാത്രമാണ് അടുപ്പം കാണിച്ചത്. ഇയാൾ എവിടെയാണ് ജോലി ചെയ്തിരുന്നതെന്നോ, ഇയാളുടെ മറ്റു അടുപ്പക്കാർ ആരൊക്കെ എന്നോ പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ ഗൂഡോലോചന സംബന്ധിച്ചുള്ള സംശയങ്ങൾ ബാക്കിയാകുന്നത്.