കൊച്ചി: ജിഷയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷം പല ദിക്കില്‍ നിന്നും സഹായധനമായെത്തിയ പണം ആ കുടുംബത്തിന് വളരെയധികം സഹായമായിരുന്നു. എന്നാല്‍ ആ പണത്തെച്ചൊല്ലി അടുത്തകാലത്തായി ചില തര്‍ക്കങ്ങളും കലഹങ്ങളും ജിഷയുടെ അമ്മയും സഹോദരിയായ ദീപയും തമ്മില്‍ ഉടലെടുത്തിരുന്നു. ഇതിനിടയില്‍ ജിഷയുടെ പേരില്‍ ലഭിച്ച സ്വത്തില്‍ തനിക്കും അവകാശമുണ്ടെന്ന് ഉന്നയിച്ച് അച്ഛന്‍ ബാപ്പുവും രംഗത്തെത്തി.
അച്ഛനു സംരക്ഷണച്ചെലവായി 3,000 രൂപ മാസം തോറും നല്‍കണമെന്ന ആര്‍.ഡി.ഒയുടെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജിഷയുടെ സഹോദരി ദീപ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ജിഷയും താനും കുട്ടികളായിരിക്കേ കുടുംബം ഉപേക്ഷിച്ചുപോയ അച്ഛന്‍ കെ.വി. പാപ്പു ജിഷയുടെ മരണ ശേഷമാണ് അവകാശവാദം ഉന്നയിച്ചെത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
2016 ഏപ്രില്‍ 28 നു ജിഷയുടെ മരണശേഷം തനിക്ക് സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി നല്‍കി. ചില ചാരിറ്റി സംഘടനകളില്‍നിന്നും സര്‍ക്കാരില്‍നിന്നും അമ്മ രാജേശ്വരിക്ക് പണം ലഭിച്ചിട്ടുണ്ട്. സര്‍ക്കാരില്‍നിന്നു പെന്‍ഷനും ലഭിക്കുന്നുണ്ട്. തങ്ങളെ സംരക്ഷിച്ചിട്ടില്ലാത്ത പിതാവ് ജിഷയുടെ മരണശേഷം അംബേദ്കര്‍ റിലീഫ് ഫണ്ട് നല്‍കിയ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയിട്ടുള്ളതായി വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസര്‍ ആര്‍.ഡി.ഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച നിയമമനുസരിച്ച് 10,000 രൂപ ആവശ്യപ്പെട്ടാണ് അച്ഛന്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച് 3,000 രൂപ വീതം താന്‍ നല്‍കണമെന്ന് ആര്‍.ഡി.ഒ. ഉത്തരവിട്ടു. ‘തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ്. 11 വയസുള്ള മകനും താനും സ്വന്തമായി വീടില്ലാത്തതിനാല്‍ മാതാവിനൊപ്പമാണ് താമസം.’ദീപ ഹര്‍ജിയില്‍ പറയുന്നു.