സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിൽ അന്വേഷണ സംഘത്തിന് തിരിച്ചടി. കേസിൽ നിർണായക തെളിവായി കണ്ടെത്തിയ രക്തക്കറയിൽ നിന്ന് ഡി.എൻ.എ സാംപിൾ വേർതിരിച്ചെടുക്കാനാവില്ലെന്ന് തിരുവനന്തപുരത്തെ ഫോറൻസിക് വിഭാഗം പറയുന്നു. ജിഷ്ണുവിന് മർദ്ദമേറ്റുവെന്ന് പറയുന്ന പാമ്പടി നെഹ്റു എൻജിനീയറിംഗ് കോളജിലെ പി.ആർ.ഒയുടെ മുറിയിൽ നിന്നും ഹോസ്റ്റൽ മുറിയിൽ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി.എൻ.എ സാംപിൾ ശേഖരിച്ചിരുന്നു.
എന്നാൽ സാംപിൾ വേർതിരിച്ചറിയാൻ കഴിയുന്നില്ലെന്നും അതിനാൽ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോ എന്ന് പറയാൻ കഴിയില്ലെന്നുമാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്. മതിയായ അളവിൽ രക്തമില്ലാത്തതിനാൽ ഡി.എൻ.എ സാംപിൾ എടുക്കാൻ കഴിയില്ലെന്നാണ് ലാബ് അധികൃതർ നൽകുന്ന വിശദീകരണം. ഹോസ്റ്റലിലെ കുളിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയിൽ നിന്ന് ഡി.എൻ.എ സാംപിൾ വേർതിരിക്കാൻ കഴിയുമോ എന്ന പരിശ്രമത്തിലാണ് ലാബ് അധികൃതർ.
അതേസമയം, ഫോറൻസിക് വിഭാഗം നെഹ്റു കോളജ് ചെയർമാൻ പി.കൃഷ്ണദാസിന്റെ സ്വാധീനത്തിന് വഴിപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത് പറഞ്ഞു. രക്തഗ്രൂപ്പ് തെളിയിക്കാൻ ആവശ്യമായ രക്തക്കറ കണ്ടെത്തിയാൽ ഡി.എൻ.എ പരിശോധന നടത്താൻ അത് മതിയാകുമെന്ന് ഒരു വിദഗ്ധനായ ഡോക്ടർ തന്നോട് പറഞ്ഞിട്ടുണ്ട്. ജിഷ്ണുവിന് മർദ്ദനമേറ്റുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിരുന്നു. അതൊക്കെ അട്ടിമറിക്കപ്പെട്ടുവെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുകേസിൽ അന്വേഷണം സംബന്ധിച്ച് മാതാപിതാക്കളുമായി സർക്കാർ ഉണ്ടാക്കിയ എല്ലാ കരാറും അട്ടിമറിക്കപ്പെട്ടുവെന്ന് വിദ്യാഭ്യാസ വിദഗ്ധൻ എം.ഷാജീർഖാൻ ആരോപിച്ചു.