കോഴിക്കോട്: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പാമ്പാടി നെഹ്റു കൊളേജിലെ ഇടിമുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറയുടെ ഡിഎന്‍എ പരിശോധന നടത്താനായില്ല. മതിയായ അളവില്‍ രക്തമില്ലാത്തതിനാല്‍ പരിശോധന നടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് വിശദീകരണം.
ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തവും ജിഷ്ണുവിന്റെ രക്തഗ്രൂപ്പും ഒന്നു തന്നെയാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ഇടിമുറിയിലെ രക്തം ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധനയ്ക്ക് ശ്രമിച്ചത്. ഇതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തം ശേഖരിച്ചിരുന്നു.
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോളേജ് അധികൃതരുടെ പീഢനത്തെ തുടര്‍ന്ന് ഡിസംബറിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തത്. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് സംസ്ഥാനത്ത് ഉടനീളം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മകന് നീതി തേടി ഡിജിപി ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.