മലപ്പുറം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുഖജനാവില്‍ നിന്നും കോടികള്‍ മുടക്കി സര്‍ക്കാര്‍ പരസ്യം നല്‍കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പൊതുഖജനാവിലെ ഫണ്ടുപയോഗിച്ച് ‘ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്’ എന്ന തലക്കെട്ടില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. വോട്ടര്‍മാരെ വാര്‍ത്താമാധ്യമങ്ങളില്‍ പരസ്യം നല്‍കി സ്വാധീനിക്കാനുള്ള ഉദ്യേശ്യത്തോടെ തന്നെയാണ് ഈ പരസ്യം നല്‍കിയിട്ടുള്ളതെന്നും ജനപ്രാതിനിധ്യ നിയമമനുസരിച്ച് വ്യക്തമായ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഇ ടി പറഞ്ഞു.
ജിഷ്ണുവിന്റെ മാതാവിനോട് പൊലീസ് കാണിച്ച ക്രൂരത മലപ്പുറം തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയപ്പപ്പെട്ട വിഷയമാണ്. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഈ പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബം ഒന്നടങ്കം ഈ വിഷയത്തില്‍ നിരാഹാരം തുടരുകയുമാണ്. സര്‍ക്കാറിനും ഇടതു പക്ഷത്തിനും തിരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം ക്ഷീണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഉദ്യേശ്യത്തോടെയാണ് ഈ പരസ്യം നല്‍കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന പരാതിയില്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.