സ്വന്തം ലേഖകൻ
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജിൽ കൊല്ലപ്പെട്ട എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മാതാവിനെ അപമാനിച്ച് വീണ്ടും സിപിഎം നേതാവ്. സർക്കാരിനെതിരെ ജിഷ്ണുവിന്റെ മാതാവ് മഹിജ ഗൂഡാലോചന നടത്തിയതായുള്ള ആരോപണവുമായി സിപിഎം നേതാവ് എളമരം കരീമാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ആസ്ഥാനത്ത് ജിഷ്ണുവിന്റെ ബന്ധുക്കൾ നടത്തിയ സമരം കൃത്യമായ ഗൂഢാലോചനയോടെയായിരുന്നെന്ന് സി.പി.ഐ.എം നേതാവ് എളമരം കരീമാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും ഡി.ജി.പി ഓഫീലിന് മുമ്പിൽ സമരം ചെയ്യാൻ ഏപ്രിൽ അഞ്ച് തന്നെ തെരഞ്ഞെടുത്തത് ആദ്യമന്ത്രി സഭ വാർഷികം അലങ്കോലപ്പെടുത്താനെന്ന് എളമരം കരീം പറഞ്ഞു. ശ്രീജിത്തിനെ സാക്ഷിയാക്കിയായിരുന്നു എളമരം കരീമിന്റെ പ്രസംഗം.
വളയത്ത് മഹിജയുടെ സമരത്തിന് പിന്നിലെ ഗൂഡാലോചന തിരിച്ചറിയുക എന്ന് ആവശ്യപ്പെട്ട് സി.പി.ഐഎം നടത്തിയ പ്രതിരോധ സദസ്സിലായിരുന്നു കരീമിന്റെ പ്രതികരണം.
പാർട്ടി കുടുംബമാണെന്ന് പറയുന്നവർ സമരത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എന്തുകൊണ്ട് പാർട്ടിയുമായി ആലോചിച്ചില്ല. തിരുവനന്തപുരത്തെ പാർട്ടി കേന്ദ്രങ്ങളുമായും സമരത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല.
എന്നാൽ അവർ എസ്.യുസിഐ നേതാവ് ഷാജർഖാനുമായി ആലോചിച്ചു. മിനയുമായി ആലോചിച്ചു. അതിൽ നിന്ന് വ്യക്തമാവുന്നത് സമരത്തിനായി ഏപ്രിൽ അഞ്ച് തന്നെ തെരഞ്ഞെടുത്തത് ആദ്യമന്ത്രി സഭ വാർഷികം അലങ്കോലപ്പെടുത്താനാണെന്ന് മനസ്സിലാക്കാമെന്നും കരീം പറഞ്ഞു.