തൃശൂര്‍: ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവരെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍. വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, മെക്കാനിക്കല്‍ വിഭാഗം അസി. പ്രൊഫ. സി പി പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത നെഹ്‌റു ഗ്രൂപ്പിന്റെ നടപടി കുറ്റസമ്മതമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഈ മൂന്നു പേരും വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് ജിഷ്ണുവിനെ ഭീഷണിപ്പെടുത്താന്‍ മുന്‍കൈ എടുത്തുവെന്നും, ഇവരെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സസ്‌പെന്‍ഷനിലായ മൂന്നുപേരും ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളെന്ന നിലയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയവരാണ്. ഇതില്‍ സഞ്ജിത് വിശ്വനാഥന്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്റെ മകനാണ്.
മാനേജ്‌മെന്റ് ചുമതലപ്പെടുത്തിയ മൂന്നംഗ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കോപ്പിയടി നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ ശരിവച്ചതോടെ ക്രമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നെഹ്‌റു കോളേജിനെതിരെയാവും സാങ്കേതിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്.
പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററും ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ അധ്യാപകന്‍ പ്രവീണ്‍ സര്‍വ്വകലാശാല സംഘത്തിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ മൊഴി കൂടി ലഭിച്ചാല്‍ വിദ്യാഭ്യാസവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ജി പി പദ്മകുമാര്‍ പറഞ്ഞു.
അതിനിടെ അന്വേഷണ ചുമതലയേറ്റ ഇരിങ്ങാലക്കുട എസിപി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. ജിഷ്ണുവിന്റെ സഹപാഠികളില്‍ നിന്നും ജിഷ്ണുവിനെ ഉത്തരങ്ങള്‍ നോക്കിയെഴുതാന്‍ സഹായിച്ചുവെന്ന് കോളേജ് പറയുന്ന വിദ്യാര്‍ഥിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ജിഷ്ണു കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് എല്ലാവരുടെയും മൊഴി. കോളേജ് ഹോസ്റ്റലിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.