തൃശൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ ജിഷ്ണു മരിച്ച മുറിയില്‍ രക്തകറ കണ്ടെത്തിയതോടെ വിദ്യാര്‍ത്ഥിയുടെ മരണം കൂടുതല്‍ ദുരൂഹമാകുന്നു. ഇതിനൊപ്പം അന്നേ ദിവസങ്ങളില്‍ കോളേജിലെ സിസി ടിവി ദൃശ്യങ്ങളും നശിപ്പിച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
പാമ്പാടി നെഹ്റു കോളേജില്‍ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിനായി പൊലീസ് ഫൊറന്‍സിക് ലാബിനെ സമീപിച്ചു. ജിഷ്ണു മരിച്ചദിവസത്തെ ദൃശ്യങ്ങള്‍ കോളേജ് അധികൃതര്‍ നേരത്തെ നശിപ്പിച്ചിരുന്നു. കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ജിഷ്ണു മരിച്ചുകിടന്ന മുറിയില്‍ നിന്നും രക്തക്കറയും കണ്ടെത്തിയിരുന്നു.
ഇതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് സഹപാഠികളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.കോളേജില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പിആര്‍ഒ സഞ്ജിത് വിശ്വനാഥന്റെ മുറി, ശുചിമുറി എന്നിവിടങ്ങളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേതാണോ എന്നത് ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമെ വ്യക്തമാകൂ. ഇതിനായി സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും.
ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നതാണ് മര്‍ദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്. ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ കേസില്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്റെ മരണം കൊലപാതകമാണ് എന്ന സാധ്യതയിലേക്കാണ് നീങ്ങുന്നത്. ഇതോടെ കേസ് കൂടുതല്‍ ശക്തമാകും. പ്രതികള്‍ക്കെതിരെ കൊലപാതക്കുറ്റം അടക്കം ചുമത്താനും സാധ്യതയേറി. കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് പ്രധാന ആരോപണം.
ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന പാമ്പാടി നെഹ്റു കോളേജ് ഇന്ന് തുറക്കും. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് കോളേജ് തുറക്കാന്‍ ധാരണയായത്. ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ ക്യാമ്പസില്‍ പ്രവേശിക്കില്ലെന്ന ഉറപ്പിന്‍മേലാണ് നെഹ്റു കോളേജില്‍ അധ്യയനം പുനരാരംഭിക്കുന്നത്. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളേജും ഇന്ന് തുറക്കും.
ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പാമ്പാടി നെഹ്റു കോളേജും ലക്കിടി ജവഹര്‍ലാല്‍ കോളേജും വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാണ്, 41 ദിവസത്തെ ഇടവേളയ്ക്കുശേഷം തുറക്കുന്നത്. മാനേജ്മെന്റിന്റെ ഗുണ്ടായിസത്തിനെതിരെ എസ്എഫ്ഐ നടത്തിയ സമരപരമ്പരകളുടെ വിജയം കൂടിയാണിത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം പാലക്കാട്, തൃശൂര്‍ ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ക്ലാസ് പുനരാരംഭിക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ ജനുവരി ആറിനാണ്, ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നാദാപുരം കിണറുള്ള പറമ്പത്ത് വീട്ടില്‍ അശോകന്റെ മകന്‍ ജിഷ്ണു(19)വിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും കോളേജ് അധികൃതരുടെ ക്രൂരമായ പീഡനങ്ങളാണ് അത്മഹത്യയിലേക്കു നയിച്ചതെന്നും ആരോച്ച എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.