തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുവായി ബന്ധപ്പെട്ട് വൈസ് പ്രിന്‍സിപ്പലടക്കം മൂന്നു പേര്‍ക്ക് സസ്‌പെന്‍ഷന്‍.കുറ്റക്കാരെന്നു കണ്ടെത്തിയ വൈസ് പ്രിന്‍സിപ്പല്‍ എന്‍.ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളജ് മാനേജ്‌മെന്റ് നിയോഗിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്നാരോപിച്ച് വിഷ്ണുവിനെ പരിഹസിച്ചയാളാണ് പ്രവീണ്‍ എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജിഷ്ണുവിനെ ഓഫീസില്‍ കൊണ്ടുപോയ അധ്യാപകന്‍ ഡീ ബാര്‍ നടപടികള്‍ ആരംഭിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തിന് ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയ ജിഷ്ണു കൈ ഞെരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാനായി ഹോസ്റ്റലില്‍ താമസിക്കുന്ന അതേ അധ്യാപകനെ തന്നെ വിളിച്ചെങ്കിലും താന്‍ വരില്ലെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തതായും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ മാനേജ്‌മെന്റിന് വേറെ നിവൃത്തിയില്ലാതെ വരികയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. അതേസമയം, മാനേജ്‌മെന്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ അധ്യാപകന്‍ ശിവശങ്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇദ്ദേഹം കാര്യങ്ങള്‍ വിശദമാക്കുന്നത്.വൈസ് പ്രിന്‍സിപ്പാളിന്റേയും പി ആര്‍ ഒ യുടെയും നേതൃത്വത്തിലാണ് പീഡനങ്ങള്‍ നടക്കുന്നത്. ആദ്യ ദിവസം മുതല്‍ എനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇടിമുറിയെ കുറിച്ച് കൃത്യമായിട്ടറിയില്ലെങ്കിലും വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തിയാല്‍ ഇതുപോലെ നിരവധി കാര്യങ്ങള്‍ വെളിച്ചത്ത് വരുമെന്നും ശിവശങ്കര്‍ പറയുന്നു.