സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയൂടെ ആത്മഹത്യാകുറിപ്പിലെ നാലു വാചകങ്ങൾ നെഹ്‌റു കോളജ് അധികൃതരെ കുടുക്കാൻ പര്യാപ്തമെന്നു പൊലീസ്. നെഹ്‌റു കോളജ് മാനേജ്‌മെന്റിനു ഹൈക്കോടതി നൽകിയ മുൻകൂർ ജാ്മ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന പ്രോസിക്യൂഷനാണ് ഈ കത്ത് ആയുധമാക്കാൻ ഒരുങ്ങുന്നത്. ഇതിനിടെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ് പുറത്തായി. ഇംഗ്ലീഷിൽ നാലു വാചകങ്ങൾ മാത്രം അടങ്ങിയതാണ് ആത്മഹത്യക്കുറിപ്പ്. ഹൈക്കോടതി ഉത്തരവിലാണ് ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ ഉള്ളത്.
‘ഞാൻ പോകുന്നു എന്റെ ജീവിതം പാഴായി. എന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു. ജീവിതം നഷ്ടമായി’ എന്നാണ് ആത്മഹത്യക്കുറിപ്പുള്ളത്. ഇതിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ജിഷ്ണു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റിനു സമീപത്തുനിന്നും ആത്മഹത്യക്കുറിപ്പു കണ്ടെത്തിയത്. എന്നാൽ ഇത് ജിഷ്ണുവിന്റേതു തന്നെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
ജിഷ്ണു കേസിൽ പ്രതികൾക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം നിലനിൽക്കില്ലെന്നു കണ്ടെത്തിയ കോടതി ഉത്തരവിലാണ് ആത്മഹത്യക്കുറിപ്പിലെ വാചകങ്ങൾ പരാമർശിക്കുന്നത്. വിദഗ്ധ പരിശോധയ്ക്ക് അയച്ചെങ്കിലും റിപ്പോർട്ട് വന്നിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം ഇതിലെ കയ്യക്ഷരം ജിഷ്ണുവിന്റേതാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. കടലാസ് നനഞ്ഞ് അക്ഷരങ്ങൾ പടർന്നതിനാൽ കയ്യക്ഷര പരിശോധന സാധ്യമല്ലെന്നും അന്വേഷണ സംഘം വാദിക്കുന്നു. ഈ വാദങ്ങൾ അടക്കം ഉയർത്തിയാവും പ്രോസിക്യൂഷൻ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുക.
ജനുവരി ആറിനാണ് കോഴിക്കോട് നാദാപുരം സ്വദേശിയായ ജിഷ്ണു പ്രണോയിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോപ്പിയടിച്ചെന്നാരോപിച്ചുള്ള മാനേജ്മെന്റിന്റെ പീഡനങ്ങളെ തുടർന്നാണിതെന്നായിരുന്നു ആരോപണമുയർന്നിരുന്നത്.