ശ്രീനഗർ ∙ ഹിസ്ബുൽ മുജാഹിദീൻ കമാൻഡറും കശ്മീരിൽ കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ പിൻഗാമിയുമായ സബ്സർ അഹമ്മദ് ഭട്ട് ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദക്ഷിണ കശ്മിരിലെ ത്രാൽ പ്രദേശത്ത് ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലിലാണു ഭട്ട് കൊല്ലപ്പെട്ടതെന്നാണു വിവരം. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിൽ രണ്ടു ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിലൊരാൾ സബ്സർ അഹമ്മദ് ഭട്ടാണെന്നാണു വിവരം. സൈനികവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഇവിടെ പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ സൈന്യം നടത്തിയ പരിശോധനയിൽ ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഭീകരരുടെ ഒളിസങ്കേതം സൈന്യം വളയുകയായിരുന്നു. അതേസമയം, സബ്സർ ഭട്ട് കൊല്ലപ്പെട്ടതായി വാർത്ത പരന്നതോടെ സൈന്യത്തിനു നേരെ കശ്മീരിൽ കല്ലേറു വർധിച്ചതായി റിപ്പോർട്ടുണ്ട്. ഭീകരർക്കു പ്രദേശവാസികളുടെ സഹായം ലഭിക്കുന്ന സ്ഥലങ്ങൾ കശ്മീരിൽ ഒട്ടേറെയുണ്ട്. നേരത്തെ, ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീർ താഴ്‌വരയിൽ ഉടലെടുത്ത സംഘർഷം ഏറെ നാൾ നീണ്ടുനിൽക്കുകയും അക്രമങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അതിനിടെ, ജമ്മു കശ്മീരിലെ ബാരാമുല്ലയിലെ റാംപൂർ സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത സൈന്യം ഇതുവരെ നാലു ഭീകരരെ വധിച്ചതായാണു റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് രാവിലെയും തുടർന്നു. ഇന്നലെ നാലു ഭീകരരെയും ഇന്ന് രണ്ടുപേരെയും സൈന്യം വധിച്ചു. രാവിലെ തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും വെടിവയ്പ് ഉണ്ടാകുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് റാംപുരിന് 10 കിലോമീറ്റർ മാറി തെക്കൻ ഭാഗത്ത് ഇന്നലെ രാത്രി ഏഴരയോടെയാണ് സൈന്യം ഇറങ്ങിയത്. 8.20 വരെ ഏറ്റുമുട്ടൽ തുടർന്നു.
ഇരുപത്തിനാലു മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. വെള്ളിയാഴ്ച പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീം ഉറിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. ആയുധധാരികളായ ഇവർക്കെതിരെ നടത്തിയ വെടിവയ്പ്പിൽ രണ്ടു ഭീകരരാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സൈനിക സംഘത്തിനു നേരെ ഇവർ വെടിയുതിർത്തപ്പോൾ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇന്ത്യയിൽ ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ എത്തിയ സംഘത്തിൽനിന്ന് എകെ–47 തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു.
കൊടുംഭീകരരെ ഉൾപ്പെടുത്തി പാക്ക് സൈന്യം രൂപീകരിച്ചിട്ടുള്ള പ്രത്യേക സംഘമാണു ബാറ്റ്. ഈ മാസമാദ്യം കൃഷ്ണഘാട്ടിയിൽ രണ്ട് ഇന്ത്യൻ സൈനികരെ വധിച്ചു തലയറുത്തത് ബാറ്റ് സംഘമായിരുന്നു.