ശ്രീനഗര്‍: അതിര്‍ത്തിയിലെ നിരന്തര പ്രകോപനങ്ങള്‍ക്ക് ഇന്ത്യയുടെ തിരിച്ചടി. ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യന്‍ സേനയുടെ ശക്തമായ മറുപടി നല്‍കി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു.
കശ്മീരിലെ ഭീംബെര്‍ മേഖലയിലാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്. അതിനിടെ, നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്ന് ആരോപിച്ച് ഇസ്‌ലാമാബാദിലുള്ള ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.
കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് സംസ്ഥാനത്തു സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നിയന്ത്രണരേഖയില്‍ വെടിവയ്പുണ്ടായത്. അതിര്‍ത്തി ജില്ലകളായ രജൗറിയിലും പൂഞ്ചിലുമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. പുലര്‍ച്ചെ തുടങ്ങിയ വെടിവയ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ ആക്രമണത്തില്‍ ജനറല്‍ എന്‍ജിനിയറിങ് റിസര്‍വ് ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു.
നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ് തുടരുന്ന സാഹചര്യത്തിലും കശ്മീരില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലുമാണ് കരസേനാ മേധാവി കശ്മീരിലെത്തിയത്. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ബിപിന്‍ റാവത്ത് കമാന്‍ഡര്‍മാരോടു കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. കശ്മീരില്‍ ഇനി സേന സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യും. ഹിസ്ബുല്‍ നേതാവ് സബ്‌സാര്‍ ബട്ടിനെ ഇന്ത്യന്‍സേന വധിച്ചതിനു പിന്നാലെയാണ് കശ്മീരില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായത്.
അതിനിടെ, സോപോര്‍ മേഖലയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്തു ഭീകരരുടെ സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു സേന. സോപോറില്‍ ബുധനാഴ്ച ജമ്മു കശ്മീര്‍ ബാങ്കിന്റെ ശാഖയ്ക്കു സമീപം പൊലീസ് സംഘത്തിന് നേര്‍ക്ക് ഭീകരരുടെ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. നാലു പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ബാങ്ക് കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരരാണ് ഇവരെന്നാണ് നിഗമനം.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജമ്മുകശ്മീര്‍ ബാങ്കിന്റെ വിവിധ ശാഖകള്‍ ഭീകരര്‍ കൊള്ളയടിക്കുന്നുണ്ട്. 13 സംഭവങ്ങളിലായി 92 ലക്ഷം രൂപയോളമാണ് ഭീകരര്‍ കൊള്ളയടിച്ചത്.