പിണറായിയെ തിരുത്തി എസ് എഫ് ഐ; കേരളത്തിലെ പോലീസ് നടപടി ആശങ്കാജനകമെന്ന് ജെഎന്‍യു എസ് എഫ് ഐ

ന്യൂഡല്‍ഹി : കേരളത്തിലെ പോലീസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകു ന്നതിനിടെ പിണറായിയ്ക്ക് മുന്നറിയിപ്പുമായി ജെഎന്‍എയു എസ്എഫ്‌ഐ യൂണിറ്റ്. കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആശങ്കയുളവാക്കുന്നതായി എസ് എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കമല്‍ സി ചവറയ്‌ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയത് ആശങ്കയുളവാക്കുന്നതായി എസ്.എഫ്.ഐ പ്രസ്താവനയില്‍ അറിയിച്ചു. തീയറ്ററിലെ ദേശീയഗാനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം ദേശീയഗാനത്തെ അപമാനിച്ചു എന്ന് പറഞ്ഞുള്ള കേസുകള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വലതുപക്ഷ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ ഇത് പോലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത് ജനാധിപത്യവിശ്വാസികളെ ആശങ്കപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐപിസി 124 എ എന്ന കരിനിയമം കൊളോണിയല്‍ കാലത്തുള്ളതാണെന്നും, ജനാധിപത്യപരമായി സമരം ചെയ്യുന്നവര്‍ക്കും,സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കും നേരേ വ്യാപകമായി അത് ഉപയോഗിച്ച് വരികയാണ്. ഇത്തരമൊരു ഡ്രാക്കോണിയന്‍ നിയമത്തിന് ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് എസ്.എഫ്.ഐ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഐപിസി 124 എ എന്ന കരിനിയമം ഉപേക്ഷിക്കണം. പ്രസ്താവനയില്‍ എസ്.എഫ്.ഐ നിലപാട് വ്യക്തമാക്കുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഈ കരിനിയമം പ്രയോഗിച്ചപ്പോള്‍ തങ്ങള്‍ നടത്തിയ സമരത്തെ പിന്നോട്ടടിപ്പിക്കുന്നതാണ് ഈ നീക്കമെന്നും എസ്.എഫ്.ഐ പറഞ്ഞു.

ഇന്ത്യന്‍ പോലീസ് സേന കൊളോണിയല്‍ പാരമ്പര്യമുള്ളതാണ്. സ്വാതന്ത്ര്യത്തിന് ശേഷം പോലീസ് സേനയില്‍ ഒരു നവീകരണവും നടന്നിട്ടില്ല. കേരള പോലീസും ഇതില്‍ നിന്ന് വിഭിന്നമല്ല. ഭരണവര്‍ഗ്ഗത്തിന്റെ മര്‍ദ്ദനോപാധിയായി തന്നെയാണ് അത് നിലകൊള്ളുന്നത്. ഇടതുപക്ഷം അധികാരത്തില്‍ പങ്കാളികളായി എന്നത് കൊണ്ട് മാത്രം ഭരണകൂടത്തിന്റെ സ്വഭാവം മാറുന്നില്ല. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ വന്നാല്‍ ഉടന്‍ പോലീസ് ശരിയാവും എന്ന മിഥ്യാധാരണയും തങ്ങള്‍ക്കില്ലെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. പക്ഷേ ഒരു ഇടത് ഗവണ്‍മെന്റിന് ജനകീയമായ ഒരു പോലീസ് നയമുണ്ടാകണം. 1957ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പൊലീസുമായി ബന്ധപ്പെട്ട വ്യക്തമായ നയം രൂപീകരിച്ചിരുന്നു. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടേണ്ട എന്നായിരുന്നു സമീപനം. ഇത്തരം കാര്യങ്ങളില്‍ പൊലീസ് ഇടപെട്ടാല്‍ അത് മര്‍ദ്ദക വിഭാഗത്തിന് ഗുണം ചെയ്യുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനമെടുത്തത്. ഇടതു സര്‍ക്കാരുകളുടെ നിലപാട് ജനാധിപത്യസമരങ്ങളിലും കര്‍ഷകപ്ര ക്ഷോഭങ്ങളിലും അതുപോലെ മറ്റ് ജനാധിപത്യ സമരങ്ങളിലും പൊലീസ് ഇടപെടരുതെന്നാണെന്നും എസ് എഫ്ഐ ഓര്‍മ്മിപ്പിച്ചു.

Top